ഇന്ന്  ആദായനികുതി ദിനം : സാമ്പത്തിക പൈതൃകത്തിന്‍റെ ആഘോഷ ദിനം

0
july24

മുംബൈ : ഇന്ന് ജൂലൈ 24 – ആദായനികുതി ദിനം. ഇന്ത്യയിൽ സര്‍ ജെയിംസ് വില്‍സണ്‍ 1860ല്‍ ആദ്യമായി ആദായനികുതി കൊണ്ടു വന്ന ദിവസത്തിന്‍റെ ഓര്‍മ്മ പുതുക്കാനാണ്  ആദായനികുതി വകുപ്പ് ഈ ദിനം ആചരിക്കുന്നത് .

ഒരു സാമ്പത്തിക വര്‍ഷത്തില്‍ ഒരു വ്യക്തിയോ വ്യവസായമോ ആര്‍ജിക്കുന്ന വരുമാനത്തില്‍ സര്‍ക്കാര്‍ ചുമത്തുന്ന നികുതിയെ ആണ് ആദായ നികുതി എന്നത് കൊണ്ട് വിവക്ഷിക്കുന്നത്. വിവിധ ഉറവിടങ്ങളില്‍ നിന്നുള്ള വരുമാനത്തെക്കുറിച്ച് ആദായനികുതി നിയമത്തിലെ സെക്‌ഷന്‍ 2(24)ല്‍ പറയുന്നുണ്ട്.

വേതനത്തില്‍ നിന്നുള്ള വരുമാനം, താമസ, വാണിജ്യ കെട്ടിടങ്ങളില്‍ നിന്നുള്ള വരുമാനം ,വ്യവസായം, തൊഴില്‍ വരുമാനങ്ങള്‍ ,മൂലധന നേട്ടത്തിലൂടെയുള്ള വരുമാനം,മറ്റ് വഴിയുള്ള (നിക്ഷേപങ്ങള്‍ക്ക് ലഭിക്കുന്ന പലിശ, കുടുംബ പെന്‍ഷന്‍, സമ്മാനങ്ങള്‍, ലോട്ടറി, നിക്ഷേപങ്ങള്‍ തിരികെ ലഭിക്കല്‍ തുടങ്ങിയവയ്ക്കും നികുതി ബാധകമാണ്)വരുമാനം തുടങ്ങിയവ ഇതിൽപ്പെടും.

ഇത്തരത്തില്‍ ആദ്യമായി നാം ആദായനികുതിക്ക് തുടക്കമിട്ടെങ്കിലും 1922ലെ ആദായനികുതി നിയമമാണ് സമഗ്രമായ ഒരു നികുതി സംവിധാനം രാജ്യത്ത് കൊണ്ടു വന്നത്. 1946ല്‍ ഗ്രൂപ്പ് എ ഉദ്യോഗസ്ഥരെ നിയമിച്ചു. ഇവരുടെ തൊഴില്‍പരമായ വികസനം ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ 1957ല്‍ മഹാരാഷ്ട്രയിലെ നാഗ്‌പൂരില്‍ ഐആര്‍എസ് സ്റ്റാഫ് കോളജ് സ്ഥാപിക്കപ്പെട്ടു.

1981ല്‍ കമ്പ്യൂട്ടറൈസേഷന്‍ പോലുള്ള സാങ്കേതിക മുന്നേറ്റങ്ങളുണ്ടായി. 2009ല്‍ കേന്ദ്രീകൃത പ്രൊസസിങ് സെന്‍ററിനും തുടക്കമിട്ടു. ഇതെല്ലാം കാര്യക്ഷമത വര്‍ദ്ധിപ്പിക്കുകയും സംവിധാനത്തെ കൂടുതല്‍ നികുതി ദായക സൗഹൃദമാക്കുകയും ചെയ്‌തു.

നികുതി ദായക സംവിധാനത്തിലുണ്ടായ ചരിത്രപരമായ വികസനത്തെ ആദരിക്കുക മാത്രമല്ല ഈ ദിനാചരണത്തിലൂടെ നാം നടത്തുന്നത് മറിച്ച് നികുതി ദായക സംവിധാനത്തെ കൂടുതല്‍ കാര്യക്ഷമമവും നികുതി സൗഹൃദവും ആക്കുന്നതിനുള്ള നിരന്തര മാറ്റങ്ങളെയും ആധുനീകവത്ക്കരണ പ്രവര്‍ത്തനങ്ങളെയും ഉയര്‍ത്തിക്കാട്ടുക കൂടിയാണ്.

രാഷ്‌ട്രനിര്‍മ്മാണത്തില്‍ മധ്യവര്‍ഗത്തെ വിശ്വാസത്തിലെടുത്ത് 2025-26 കേന്ദ്രബജറ്റില്‍ പുത്തന്‍ പ്രത്യക്ഷ നികുതി സ്ലാബുകള്‍ കൊണ്ടുവന്നു. ഇതുപ്രകാരം പന്ത്രണ്ട് ലക്ഷം രൂപ വരെ വാര്‍ഷിക വരുമാനമുള്ളവരെ ആദായ നികുതിയില്‍ നിന്ന് ഒഴിവാക്കിയിരിക്കയാണ്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *