കർണാടകയിലെ മൂന്നര വര്‍ഷത്തെ കർഷക പ്രക്ഷോഭത്തിന് വിരാമം; ഭൂമി ഏറ്റെടുക്കലില്‍ നിന്ന് പിന്മാറി സര്‍ക്കാര്‍

ബെംഗളൂരു: ദേവനഹള്ളിയിൽ അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപമുള്ള 1770 ഏക്കർ കൃഷിഭൂമി സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ടുള്ള കര്‍ഷകരുടെ പ്രതിഷേധം വിജയിച്ചു. ഭൂമി സര്‍ക്കാര്‍ ഏറ്റെടുക്കുന്നതിനെതിരെ മൂന്നര വര്‍ഷത്തോളമായി കര്‍ഷകര്‍ നടത്തുന്ന സമരമാണ് വിജയിച്ചത്. 1770 ഏക്കർ കൃഷിഭൂമി സര്‍ക്കാര്‍ ഏറ്റെടുക്കുന്നില്ലെന്നും പദ്ധതി ഉപേക്ഷിച്ചെന്നും കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ അറിയിച്ചു. സ്ഥലത്തെ കർഷകരുമായി നടത്തിയ ചർച്ചകൾക്കൊടുവിലാണ് തീരുമാനം പ്രഖ്യാപിച്ചത്.
പ്രതിപക്ഷത്തായിരുന്നപ്പോൾ സിദ്ധരാമയ്യ പ്രതിഷേധക്കാരായ കർഷകരെ സന്ദർശിക്കുകയും കോൺഗ്രസ് അധികാരത്തിൽ വന്നാൽ അവരുടെ ഭൂമി തിരികെ നൽകുമെന്ന് ഉറപ്പ് നൽകുകയും ചെയ്‌തിരുന്നു.
കർഷകരുടെ വികാരങ്ങളെ മാനിച്ച് ചന്നരായപട്ടണത്തിലും ദേവനഹള്ളി താലൂക്കിലെ മറ്റ് 13 ഗ്രാമങ്ങളിലുമായി വ്യാപിച്ചുകിടക്കുന്ന 1770 ഏക്കർ ഭൂമി ഏറ്റെടുക്കൽ ഉപേക്ഷിക്കാൻ സർക്കാർ തീരുമാനിച്ചുവെന്ന് സിദ്ധരാമയ്യ വ്യക്തമാക്കി. തങ്ങളുടെ ഭൂമി സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ രണ്ട് മാസമായി കർഷകർ നടൻ പ്രകാശ് രാജിൻ്റെ നേതൃത്വത്തിൽ പ്രക്ഷോഭം നടത്തുകയായിരുന്നു. കഴിഞ്ഞ മാസം എഴുത്തുകാരും നടന്മാരും ഉൾപ്പെടെയുള്ള പ്രമുഖർ കര്‍ഷകര്‍ക്ക് പിന്തുണ അറിയിച്ചിരുന്നു. തുടർന്ന് പ്രതിഷേധം ശക്തമാകുകയും ചെയ്‌തു.സർക്കാരിൻ്റെ പുതിയ തീരുമാനത്തില്‍ പ്രകാശ് രാജ് സിദ്ധരാമയ്യയോട് നന്ദി പറഞ്ഞു. സിദ്ധരാമയ്യ വാക്കു പാലിച്ചുവെന്നും സാമൂഹിക നീതിയെക്കുറിച്ച് സംസാരിക്കുക മാത്രമല്ല അത് നടപ്പിലാക്കുകയും ചെയ്യുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എയ്‌റോസ്‌പേസ് പാർക്ക് സ്ഥാപിക്കുന്നതിനായി 2022 ൽ 1771 ഏക്കർ ഏറ്റെടുക്കുന്നതിന് സർക്കാർ അന്തിമ വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നു. എന്നാൽ കർഷകർ ഇത് അംഗീകരിക്കാൻ തയ്യാറായിരുന്നില്ല. സ്വകാര്യ വ്യവസായ സ്ഥാപനങ്ങള്‍ക്കായി ഭൂമി നല്‍കുക എന്ന ലക്ഷ്യമായിരുന്നു കൃഷിഭൂമി ഏറ്റെടുക്കുന്നതിനു പിന്നിൽ സർക്കാരിന് ഉണ്ടായിരുന്നത്. എന്നാൽ കർഷകരുടെ പ്രതിസന്ധിയെ മുൻനിർത്തിയാണ് ഇപ്പോഴത്തെ തീരുമാനം.