മന്ത്രിസ്ഥാനത്തേക്ക് തോമസ് കെ തോമസ്
തിരുവനന്തപുരം: മന്ത്രി സ്ഥാനത്തു നിന്നും എ കെ ശശീന്ദ്രൻ ഒഴിയും. തോമസ് കെ തോമസ് പകരം മന്ത്രിയാകും. ഇതു സംബന്ധിച്ച് ദേശീയ അധ്യക്ഷൻ ശരദ് പവാറിന്റെ നേതൃത്വത്തിൽ ചേർന്ന യോഗത്തിലാണ് തീരുമാനം ഉണ്ടായത്. മന്ത്രി സ്ഥാനം ഒഴിയുന്ന എ കെ ശശീന്ദ്രനെ പാർട്ടിയുടെ നേതൃ സ്ഥാനങ്ങളിൽ നിയമിക്കാനാണ് തീരുമാനം.
മന്ത്രി സ്ഥാനം ഒഴിയാനുള്ള ദേശീയ അദ്ധ്യക്ഷൻ ശരദ് പവാറിന്റെ തീരുമാനത്തോട് യോജിക്കുന്നുവെന്ന് ശശീന്ദ്രൻ വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്. നേരത്തെ മന്ത്രി സ്ഥാനവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിക്കും എ കെ ശശീന്ദ്രനും തോമസ് കെ തോമസിനും പാർട്ടി അധ്യക്ഷൻ പി സി ചാക്കോ കത്ത് നൽകുകയും ചെയ്തിരുന്നു. കത്ത് ലഭിച്ചതിനു പിന്നാലെയും തോമസ് കെ തോമസും ശശീന്ദ്രനും തമ്മിൽ കൂടിക്കാഴ്ച നടത്തുകയും ചെയ്തു.
നിലവിൽ മന്ത്രിയായ എ കെ ശശീന്ദ്രൻ ഇതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുമായും കൂടിക്കാഴ്ച നടത്തിയിരുന്നു. രണ്ടര വർഷത്തെ കരാർ പ്രകാരം ശശീന്ദ്രൻ മന്ത്രി സ്ഥാനത്തു നിന്ന് ഒഴിയണം എന്ന് ആവശ്യപ്പെട്ട് പാർട്ടി അധ്യക്ഷൻ പി.സി. ചാക്കോ കത്ത് നൽകിയതിനെ തുടർന്നായിരുന്നു കൂടിക്കാഴ്ചകൾ നടന്നത്.