ശ്രീനാരായണ മന്ദിരസമിതി വാർഷിക പൊതുയോഗം ഞായറാഴ്ച

മുംബൈ: ശ്രീനാരായണ മന്ദിരസമിതിയുടെ അറുപതാമത് വാർഷിക പൊതുയോഗം 22 നു ഞായറാഴ്ച രാവിലെ 10 മുതൽ സമിതിയുടെ ചെമ്പൂർ കോംപ്ലക്സിൽ നടക്കുമെന്ന് ജനറൽ സെക്രട്ടറി ഒ. കെ. പ്രസാദ് അറിയിച്ചു. 1963 ൽ ഗുരുഭക്തരായ ഏതാനും ചിലർ ചേർന്ന് രൂപം കൊടുത്ത ശ്രീ നാരായണ മന്ദിര സമിതി ഇന്ന് മുംബൈയിലും പരിസര പ്രദേശങ്ങളിലുമായി വളർന്നു പടർന്നു പന്തലിച്ചിരിക്കുന്നു. 41 യൂണിറ്റുകളിലായി പതിനയ്യായിരത്തോളം അംഗങ്ങളും കോടികളുടെ ആസ്തിയുമായി വിദ്യാഭ്യാസ – സേവന രംഗങ്ങളിൽ ഒരു നിറസാന്നിധ്യമായി നിലകൊള്ളുന്ന ശ്രീനാരായണ മന്ദിരസമിതി, ഒരു ഡീംഡ് യൂണിവേഴ്സിറ്റി സ്ഥാപിക്കാനുള്ള തയ്യാറെടുപ്പിലാണിപ്പോൾ.
സമിതിയുടെ ചെമ്പൂർ എഡ്യൂക്കേഷൻ കോംപ്ലക്സ് , ഉൽവയിലെ ശ്രീനാരായണ ഗുരു ഇന്റർനാഷണൽ സ്കൂൾ എന്നിവിടങ്ങളിലായി 12 ,000 ത്തിലധികം കുട്ടികൾ പഠിക്കുന്നു. എൽ. കെ.ജി മുതൽ പോസ്റ്റ് ഗ്രാഡുവേഷൻ വരെയുള്ള കോഴ്സുകൾക്ക് പുറമെ തൊഴിലധിഷ്ഠിത കോഴ്സുകളും `ടിസ്’ പോലെയുള്ള സ്ഥാപങ്ങളുമായി സഹകരിച്ചുകൊണ്ട് നടത്തിവരുന്നു. പാൽഘർ ജില്ലയിലെ സാരാവലി പഞ്ചായത്തിൽ 12 ,120 ചതുരശ്ര മീറ്റർ സ്ഥലത്ത് 2023 ഏപ്രിലിൽ ആരംഭിച്ച സ്കൂളിന്റെ നിർമാണം ധ്രുതഗതിയിൽ നടന്നുവരുന്നു.
സമിതിയുടെ സാന്നിധ്യം എത്തിയിട്ടില്ലാത്ത സ്ഥലങ്ങളിൽ പുതിയ യൂണിറ്റുകൾ രൂപീകരിക്കുകയും കൂടുതൽ വിദ്യാഭ്യാസ സ്ഥാപനങ്ങളും വയോജന വിശ്രമ കേന്ദ്രങ്ങളും ഉൾപ്പടെ ജനോപകാരപ്രദങ്ങളായ നിരവധി പദ്ധതികൾ നടപ്പിലാക്കുക തുടങ്ങിയ ലക്ഷ്യവുമായാണ് സമിതി അറുപത്തൊയൊന്നാം വർഷത്തിലേക്കു കടക്കുന്നതെന്നു സമിതി പ്രസിഡന്റ് എം. ഐ. ദാമോദരൻ, ചെയർമാൻ എൻ. മോഹൻദാസ് എന്നിവർ പറഞ്ഞു.

Your article helped me a lot, is there any more related content? Thanks!