ഇത് കാണാതായ സോമനെ കണ്ടെത്തിയ കഥ
മുംബൈ: ജീവജാലങ്ങളോട് കാരുണ്യത്തോടെയുള്ള ജീവിതം നയിക്കുന്നതിലൂടെ ഉണ്ടാകുന്ന ജ്ഞാനോദയമാണ് ഈശ്വരജ്ഞാനമെന്നും എല്ലാ ജീവജാലങ്ങളോടും കരുണയുള്ള ജീവിതം നയിച്ചാൽ മാത്രമേ ഈശ്വരാനുഗ്രഹം ലഭിക്കുകയുള്ളൂ, അല്ലാതെ ഈശ്വരനെ അറിയാൻ എളുപ്പ വഴികൾ വേറെ ഒന്നുമില്ലാ എന്ന് പണ്ടെന്നോ വായിച്ചത് ഇപ്പോഴും ഓർമ്മയുണ്ട്.
ദുരന്ത മുഖത്തുനിൽക്കുമ്പോഴും ജീവിതം ദുരിതത്തിലേക്ക് വഴിമാറുമ്പോഴും സഹായ ഹസ്‌തവുമായി നമുക്കുമുന്നിലെത്തുന്ന നിസ്വാർത്ഥരായ അരൂപികൾ അല്ലാത്ത മനുഷ്യർ തന്നെയാണ് യഥാർത്ഥത്തിൽ ഈശ്വരൻ്റെ പ്രതിരൂപം. (സഹായം ചെയ്യുന്നതിലൂടെ പരോക്ഷ ലാഭം പ്രതീക്ഷിക്കുന്നവരെകുറിച്ചല്ല പറഞ്ഞത്.)
അങ്ങനെ നന്മയുള്ള ചില മനുഷ്യർ മുന്നിലെത്തപ്പെട്ടത് കൊണ്ടുമാത്രം ജീവൻ നഷ്ടപ്പെടാതെ പോയൊരാളാണ് ‘കാണാതായ ‘ സോമൻ. പൻവേലിലുള്ള ‘സീൽ ആശ്രമ ‘ത്തിൻ്റെ സഹായത്തോടെ എംജിഎം ആശുപത്രിയിൽ അപകടനില തരണം ചെയ്ത് സുഖം പ്രാപിച്ചു വരികയാണ് ഇപ്പോൾ അദ്ദേഹം .
ഇദ്ദേഹത്തെ കാണ്മാനില്ല എന്ന വാർത്ത ജനുവരി 21 ന് ‘സഹ്യ ന്യുസ്’ പ്രസിദ്ധീകരിച്ചിരുന്നുവെങ്കിലും അതിനും എത്രയോ ആഴ്ചകൾക്ക് മുന്നേ അനാഥനാക്കപ്പെട്ട് , പാതി ഓർമയുമായി അദ്ദേഹം അലച്ചിൽ തുടങ്ങിയിരുന്നു എന്നാണ് അറിയാൻ കഴിഞ്ഞത് .കാണാതായി, ആഴ്ചകൾക്ക് ശേഷമാണ് മകൻ (ഭാര്യയ്ക്ക് ആദ്യഭർത്താവിലുണ്ടായ ) പോലീസ് സ്റ്റേഷനിൽ പരാതി നൽകുന്നത്.കോവിഡ് വ്യാപനത്തിന് മുന്നേവരെ നല്ല ആരോഗ്യത്തോടെ സുമുഖനായി ഡോംബിവ്‌ലിയിലെ കമ്പൽ പാഡയിൽ “ചെറുപ്പക്കാര”നെപ്പോലെ ജീവിച്ചിരുന്ന ആളായിരുന്നു സോമൻ എന്നാണ് ഇദ്ദേഹത്തെ അടുത്തപരിചയമുള്ള ഒരാൾ പറഞ്ഞത് . “ഇപ്പോൾ എമ്പത്തിയഞ്ചു തോന്നിക്കുമെങ്കിലും അമ്പത്തഞ്ചിന് താഴയേ സോമന് പ്രായം കാണൂ എന്ന് ” അയാൾ പറഞ്ഞു .
കോവിഡിന് ശേഷം ജോലി നഷ്ട്ടപെട്ടു . ഭാര്യ ഏറെകാലം അസുഖ ബാധിതയായിരുന്നു .പിന്നീട് അവരും മരിച്ചു . ഓർമ ശക്തി കുറഞ്ഞു. സോമന്റെ ജീവിതം ദുരിതത്തിലേക്ക് വഴിമാറുന്നത് അങ്ങനെയാണ്.
സ്വദേശമായ പത്തനംത്തിട്ടയിലുണ്ടായിരുന്ന ഭാര്യയേയും മക്കളേയും ഉപേക്ഷിച്ചാണ് .സോമൻ മുംബൈയിൽ മറ്റൊരു വിവാഹം കഴിക്കുന്നത് . ആ സ്ത്രീയിലുണ്ടായ മകൻ്റെ സംരക്ഷണം ഇല്ലാതായപ്പോഴാണ് സോമൻ വഴിയാധാരമാകുന്നത് .പിന്നീട് ഓർമ്മ നഷ്ട്ടപ്പെട്ട് ദാഹജലം കിട്ടാതെ ഡോംബിവ്‌ലിയിലുള്ള റോഡുകളിലൂടെ അയാൾ അലയുമ്പോൾ അറിയുന്നവരും അറിയാത്തവരും അദ്ദേഹത്തെ കണ്ടിരുന്നു .
ANILKUMAR
ഒടുവിൽ അവശനായി ഡോംബിവ്‌ലി ലോധയ്ക്ക് സമീപമുള്ള റിവർ വുഡ് പാർക്കിനടുത്ത് ഒരു ഓടയിൽ തളർന്നു വീണു കിടക്കുന്ന നിലയിലാണ് സാമൂഹ്യ പ്രവർത്തകനായ അനിൽ കുമാർ സോമനെ കാണുന്നത്.. ‘അന്ത്യശ്വാസം’ വലിക്കുന്ന നിലയിലാരുന്നു അദ്ദേഹത്തിൻ്റെ കിടപ്പെന്ന് അനിൽകുമാർ പറഞ്ഞു . തുറന്നുകിടക്കുന്ന വായയിൽ പുഴു അരിക്കുന്ന അവസ്ഥ . മരണം ഒരു വിളിപ്പാടകലെ നിൽക്കുന്നുണ്ട് എന്ന് മനസ്സിലാക്കിയ അനിൽ കുമാർ ഉടൻ അടിയന്തിര ശുശ്രൂഷകൾ ആരംഭിച്ചു. മാൻപാട പോലീസ് സ്റ്റേഷനിലെസുഹൃത്തായ പോലീസുകാരനെ വിളിച്ചു വരുത്തി . അദ്ദേഹമെത്തി കണ്ടയുടനെ ജീവിച്ചിരിക്കാൻ സാധ്യതയില്ല എന്നു ഉറപ്പിച്ച് ,കുറച്ചു കഴിഞ്ഞാൽ വിളിക്കൂ എന്ന് പറഞ്ഞു മടങ്ങിപ്പോയി.
പിന്നീട് ചെയ്‌ത കാര്യങ്ങളൊക്കെ വീഡിയോ ദൃശ്യങ്ങൾ ചുരുക്കി പറയും . പല ഭാഷയിലും സംസാരിച്ചു നോക്കി ഒടുവിൽ മലയാളിയാണെന്നും പത്തനം ത്തിട്ടക്കാരനാണെന്നും മനസ്സിലായപ്പോൾ പത്തനംത്തിട്ട പോലീസ് സ്റ്റേഷനിൽ വിളിച്ച് ‘മിസ്സിംഗ് കേസു\കളെ കുറിച്ചാരാഞ്ഞു .കൃത്യമായ മറുപടി ലഭിച്ചില്ല .
പിന്നീട് സ്ഥലത്തെ സുഹൃത്തുക്കളെ വിളിച്ചു വരുത്തി . കേരളീയസമാജം പ്രവർത്തകരും മറ്റു സാമൂഹ്യ പ്രവർത്തകരും സംഭവസ്ഥലത്തെത്തി ബന്ധുക്കളെയൊന്നും കണ്ടെത്താൻ കഴിയാതെ വന്ന സാഹചര്യത്തിൽ കാൽനൂറ്റാണ്ടിലധികം കാലമായി അശരണർക്കും ആലംബഹീനർക്കും തണലായി നിലകൊള്ളുന്ന ‘സീൽ ആശ്രമ’ത്തിലേക്ക് സോമനെ മാറ്റുകയായിരുന്നു.
ജീവകാരുണ്യപ്രവർത്തകരായ എല്ലാവരേയും അഭിനന്ദിക്കുമ്പോൾ അനിൽ കുമാറെ പ്രത്യേകം അഭിന്ദിക്കാതെ ഈ കുറിപ്പ് നിർത്തുന്നത് തെറ്റായിരിക്കും . എല്ലാവരും മൂക്കുപൊത്തി മുഖം തിരിച്ചുപോകുമ്പോൾ നാറുന്ന ആ മനുഷ്യരൂപത്തെ ഇരു കൈകളും കൊണ്ട് ചേർത്തുപിടിച്ചു കാത്തുനിൽക്കുന്ന മരണത്തിന് പെട്ടെന്ന് വിട്ടുകൊടുക്കാതെ ജീവിപ്പിച്ചത് അദ്ദേഹമാണ് .
അനിൽകുമാറിന് ഇത് ആദ്യാനുഭവമല്ല . വർഷങ്ങളായി പരസ്യപ്പെടുത്തലുകൾ ഒന്നുമില്ലാതെ
ഇതുപോലുള്ള ജീവകാരുണ്യ പ്രവർത്തനങ്ങൾ കോഴിക്കോട് നന്മണ്ട സ്വദേശിയായ അദ്ദേഹം ചെയ്തുവരുന്നു.റിവർവുഡ് പാർക്കിനു സമീപം സ്വന്തമായൊരു സ്ഥാപനം നടത്തിവരികയാണ് അദ്ദേഹം.
കഴിഞ്ഞ മാസം ഇതുപോലെ കണ്ടെത്തിയ ഒരു മലയാളി സ്ത്രീയെ അദ്ദേഹം നാട്ടിലെത്തിച്ചിട്ടുണ്ട് .ഭാഷയോ ദേശമോ ജാതിമതമോ നോക്കാത്ത സാമൂഹ്യ സേവനം .
സോമൻ്റെ ആദ്യ ഭാര്യയിലുള്ള വിദേശത്തുള്ള മകൻ ബന്ധപ്പെട്ടിരുന്നതായി സീൽ ആശ്രമം അധികാരികൾ അറിയിച്ചു. തെരുവിലെറിയപ്പെട്ട പലർക്കുമെന്നപോലെ വിദഗ്ദ്ധ ചികിത്സ നൽകി സോമന് പുതുജീവിതം നൽകാനുള്ള ശ്രമത്തിലാണ് ഇപ്പോൾ സീൽആശ്രമം.
സോമൻ ഉപേക്ഷിച്ചവരേയും സോമനെ ഉപേക്ഷിച്ചവരേയും സ്വബോധത്തോടെ തിരിച്ചറിയാൻ സോമന്
സാധിക്കട്ടെ …!
MURALI PERALASSERI