യുഎഇയുടെ ഹൃദയം കവർന്ന മാന്ത്രിക ശബ്ദം: ശശികുമാർ രത്നഗിരിയുടെ വേർപാടിൽ ദു:ഖം രേഖപ്പെടുത്തി പ്രവാസി മലയാളികൾ
ദുബായ്∙ അടുത്തകാലത്തായി നമ്മോട് വിടപറഞ്ഞത് യുഎഇയിലെ മാധ്യമരംഗത്ത് പ്രവർത്തിച്ചിരുന്ന നാല് മലയാളികള്. ആരോഗ്യപ്രശ്നങ്ങളാൽ നാട്ടിലേക്ക് മടങ്ങിയ ഇവരിൽ, വിവിധ മാധ്യമങ്ങളിൽ പ്രവർത്തിച്ചിരുന്ന ക്യാമറാമാൻ സുനു കാനാട്ടിന്റേതാണ് ആദ്യ വിയോഗം. ഇതേ മാസം തന്നെ ഗൾഫ് ടുഡേ ഇംഗ്ലിഷ് പത്രത്തിലെ ഫോട്ടോ ജേണലിസ്റ്റ് പ്രശാന്ത് മുകുന്ദനും ഓഗസ്റ്റിൽ ഖലീജ് ടൈംസ് ഇംഗ്ലിഷ് പത്രത്തിലെ ജേണലിസ്റ്റ് അനു സിനുപാലും ഈ ലോകം വിട്ടുപോയി. റാസൽഖൈമയിൽ നിന്ന് പ്രക്ഷേപണം ചെയ്തിരുന്ന റേഡിയോ ഏഷ്യയിലെ അവതാരകൻ ശശികുമാർ രത്നഗിരിയും ഏറ്റവും ഒടുവിൽ കഴിഞ്ഞ ദിവസം യാത്രയായി.
അടുത്തിടെ പ്രവർത്തനം അവസാനിപ്പിച്ച മലയാളം റേഡിയോ നിലയമായ റേഡിയോ ഏഷ്യയിലെ ആദ്യത്തെ അവതാരകരിലൊരാളായിരുന്നു ശശികുമാർ. വർഷങ്ങളോളം ഇവിടെ പ്രവർത്തിച്ച അദ്ദേഹത്തിന്റെ ഘനഗംഭീര ശബ്ദം ഒട്ടേറെ റേഡിയോ പ്രേമികളെ ആകർഷിച്ചു. തുടക്കം മുതൽ അദ്ദേഹത്തോടൊപ്പം പ്രവർത്തിച്ച ആദ്യകാല റേഡിയോ അവതാരകയും മുൻ പ്രോഗ്രാം, സെയിൽസ് മേധാവിയുമായ ജയലക്ഷ്മി ജയകൃഷ്ണൻ ശശികുമാറിനെ ഓർക്കുന്നു.
∙പ്രിയ അവതാരകന് യാത്രാമൊഴി
കേരളക്കര കടന്ന് ലോകത്ത് ആദ്യമായി ഒരു മലയാളം റേഡിയോ പ്രക്ഷേപണം ആരംഭിക്കുന്നത് 1992 മേയ് 9ന് യുഎഇയിലെ റാസല്ഖൈമ എന്ന കൊച്ചു എമിറേറ്റിലാണ്. ഒരു മണിക്കൂർ മാത്രമുള്ള മലയാള പ്രക്ഷേപണത്തോടെയായിരുന്നു തുടക്കം. പിന്നീട് 2023 ജനുവരി 1 മുതൽ 24 മണിക്കൂറായി ദീർഘിപ്പിച്ചു. വർഷങ്ങൾക്ക് ശേഷം എഫ് എം മലയാളം പ്രക്ഷേപണത്തിലേക്കും വഴിമാറി. മലയാള ഭാഷയെ സ്നേഹിക്കുന്ന ഒട്ടേറെ പേരുടെ പരിശ്രമത്തിന്റെ ഭാഗമായാണ് യുഎഇയിൽ മലയാളം റേഡിയോ എന്ന സ്വപ്നം യാഥാർഥ്യമായത്. ഒപ്പം ഇവിടുത്തെ ഭരണാധികാരികളുടെ സഹകരണമനോഭാവവും പിന്തുണയും കൂടിയായപ്പോൾ റേഡിയോ വിജയഭേരി മുഴക്കി.
ഗൾഫിലെ പ്രവാസി മലയാളികൾക്ക് റേഡിയോ ഏഷ്യ കുളിർമഴയായി പെയ്തിറങ്ങിയ നാളുകളായിരുന്നു പിന്നീട്. ഏറ്റവും മികച്ച പരിപാടികളും അവതാരകരും മറ്റു അണിയറപ്രവർത്തകരും. പരസ്യപ്രക്ഷേപണത്തിന്റെ പുതുയുഗപ്പിറവി കൂടിയായിരുന്നു അക്കാലം. അതുകൊണ്ടുതന്നെ മലയാളികൾക്ക് ഏറ്റവും വ്യത്യസ്തമായ ഒരു ശബ്ദം സമ്മാനിക്കണമെന്ന തീരുമാനത്തിൽ അന്വേഷണം ചെന്നത്തിയത് തിരുവനന്തപുരത്തെ ആറ്റിങ്ങൽ എന്ന പ്രദേശത്തെ ശശികുമാർ രത്നഗിരി എന്ന വ്യക്തിയിലാണ്.
നാട്ടിൽ അനൗൺസറും ഡബ്ബിങ് കലാകാരനുമായി തിരക്കിട്ട ജീവിതം നയിച്ചിരുന്നയാളായിരുന്നു ശശികുമാർ. ഇവിടെ നിന്ന് ഒരു ഫോൺ കോൾ ചെന്നപ്പോൾ അദ്ദേഹത്തിന് വളരെ സന്തോഷമായി. വൈകാതെ ശശികുമാർ ഞങ്ങളുടെ സഹപ്രവർത്തകനായി. തുടർന്ന് 18 വർഷം റേഡിയോ ഏഷ്യയുടെ മികച്ച അവതാരകനായി പ്രവർത്തിച്ചു. ശബ്ദഗാംഭീര്യം ഒന്നുകൊണ്ടുമാത്രം ശ്രോതാക്കളുടെ ഹൃദയങ്ങളിൽ ആഴത്തിൽ സ്പർശിച്ച ചാറ്റ് ഷോകളായിരുന്നു തുടക്കത്തിൽ അദ്ദേഹം അവതരിപ്പിച്ചത്.
അതിലൂടെ ശ്രോതാക്കളുടെ മനസ്സ് കീഴടക്കി. എന്തിനേറെ പറയുന്നു, ഞങ്ങളുടെ പ്രോയോജകർ പോലും അവരുടെ പരസ്യത്തിൽ ശശികുമാറിന്റെ ശബ്ദം മതി എന്ന് പറയുന്ന സ്ഥിതിവിശേഷത്തിലേക്ക് മാറി. നടിയും നർത്തകിയുമായ ആശാ ശരത്, സണ്ണി ബെർണാർഡ് എന്നിവരും ഞാനുമായിരുന്നു ആദ്യത്തെ അവതാരകർ. പിന്നീട് നിസാർ സെയ്ദ്, ഹിഷാം അബ്ദുൽസലാം എന്നിവരും തുടർന്ന് രാജീവ് ചേറായിയും വന്നു. റേഡിയോ ഏഷ്യയിൽ നിന്ന് വിട്ടുപോയ ശേഷം ശശികുമാറിനെ കാണുന്നത് ഈ വർഷം മാർച്ച് 31നായിരുന്നു. കൊച്ചിയിൽ നടന്ന എന്റെ മകന്റെ വിവാഹത്തിന് ഒരൊറ്റ ഫോൺ കോളിൽ ക്ഷണിച്ചപ്പോൾ അദ്ദേഹം ഓടിവന്നു, സൗഹൃദവും സന്തോഷവും പുതുക്കി. മാസങ്ങൾക്ക് ശേഷം, പിന്നെ കേൾക്കുന്നത് ശശികുമാറിന്റെ വിയോഗ വാർത്ത!.
ആ ശബ്ദം ഇനിയില്ല എന്ന തിരിച്ചറിവ് വളരെ ദുഃഖകരമാണ്. അതു വിശ്വസിക്കാൻ ഏറെ പ്രയാസകരവും. അദ്ദേഹത്തിന്റെ വിട പറച്ചില് നേരത്തെയായിപ്പോയില്ലേ എന്നതാണ് സങ്കടം. റേഡിയോ ഏഷ്യ സ്ഥിരമായി കേട്ടുകൊണ്ടിരുന്ന ആയിരക്കണക്കിന് ശ്രോതാക്കളുടെ ഹൃദയത്തിൽ നിന്ന് ശശികുമാർ രത്നഗിരി എന്ന റേഡിയോ അവതാരകന്റെ ധ്വനി ഒരിക്കലും ഇല്ലാതാകുന്നില്ല. കാലം മായ്ക്കാത്ത ശബ്ദ ഗാംഭീര്യത്തിന് പ്രണാമം.