സമൂസയെ ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്ന് ചായക്കട ഉടമയെ വെടിവച്ചു കൊന്നു!

ഗുരുഗ്രാം : ഹരിയാനയിൽ സമൂസയെ ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്ന് ചായക്കട ഉടമയെ വെടിവച്ചു കൊന്നു. ഫറൂഖ്‌നഗറിലെ പത്താം വാർഡിലെ ജജ്ജാർ ഗേറ്റിൽ ചായക്കട നടത്തിയിരുന്ന രാകേഷ് സൈനിയാണ് കൊല്ലപ്പെട്ടത്. മുൻ കൗണ്‍സിലർ മുകേഷ് എന്ന മുർക്കിവാലയുടെ ചെറുമകനാണ് കൊല്ലപ്പെട്ട രാകേഷ്.
പങ്കജ് എന്നയാളും കൂട്ടാളികളും ചേർന്ന് രാകേഷിനെ വെടിവച്ച് കൊല്ലുകയായിരുന്നെന്ന് രാകേഷിൻ്റെ കുടുംബം പറഞ്ഞു. ചൊവ്വാഴ്‌ച (മെയ് 13) രാവിലെയാണ് ചായക്കടയിൽ സമൂസയെ ചൊല്ലി പങ്കജും രാകേഷും തമ്മിൽ തർക്കമുണ്ടാവുന്നത്. പങ്കജിനെത്തിരെ രാകേഷ് ഫറൂഖ്‌നഗർ പൊലീസ് സ്‌റ്റേഷനിൽ പരാതി നൽകിയിരുന്നു. പക്ഷെ പൊലീസ് വിഷയം ഗൗരവമായി എടുത്തില്ലെന്ന് കുടുംബാംഗങ്ങൾ പറഞ്ഞു.
അടുത്ത ദിവസം രാവിലെ പങ്കജും കൂട്ടാളികളും കടയില്ലെത്തി രാകേഷിനെ വെടിവയ്ക്കുകയായിരുന്നു. വെടിയേറ്റ രാകേഷ് സംഭവസ്ഥലത്ത് തന്നെ മരിച്ചു. കൃത്യം നടത്തിയ ഉടൻ തന്നെ അക്രമികൾ ഓടി രക്ഷപ്പെട്ടെന്ന് ദൃസാക്ഷികൾ പറഞ്ഞു.
കൊലപാതകം നാട്ടുകാരുടെയും പ്രദേശത്തെ വ്യാപാരികളുടെയും ഇടയിൽ ശക്തമായ പ്രതിഷേധതിന് കാരണമായി. അവർ ഫറൂഖ്‌നഗർ-ജജ്ജാർ റോഡ് ഉപരോധിക്കുകയും മാർക്കറ്റ് അടച്ചിടുകയും ചെയ്‌തു. പൊലീസിൻ്റെ അനാസ്ഥ മൂലമാണ് കൊലപാതകം നടന്നതെന്നും എസ്എച്ച്ഒ സന്ദീപ്, എസ്ഐ കുന്ദൻ, വനിത എഎസ്ഐ, ഹെഡ് കോണ്‍സ്‌റ്റബിൾ എന്നിവർക്കെതിരെ നടപടിയെടുക്കണമെന്നും പ്രതിഷേധക്കാർ ആവശ്യപ്പെട്ടു.
റോഡ് ഉപരോധത്തെക്കുറിച്ചുള്ള വിവരം ലഭിച്ചയുടൻ പട്ടൗഡി എസിപിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തെത്തി. രണ്ട് ദിവസത്തിനുള്ളിൽ പ്രതികളെ അറസ്റ്റ് ചെയ്യുമെന്നും കുറ്റക്കാരായ പൊലീസുകാർക്കെതിരെ നടപടിയെടുക്കുമെന്നും ഉദ്യോഗസ്ഥർ ഉറപ്പുനൽകിയതിനെത്തുടർന്ന് ഗ്രാമവാസികൾ ഉപരോധം പിൻവലിച്ചു.
മൃതദേഹം പോസ്‌റ്റ്മോർട്ടത്തിന് അയച്ചതായി ഡിസിപി മനേസർ പറഞ്ഞു. പ്രതികൾക്കായി തെരച്ചിൽ നടത്താൻ പൊലീസിനെയും ക്രൈംബ്രാഞ്ചിൻ്റെ മൂന്ന് സംഘങ്ങളെയും നിയോഗിച്ചിട്ടുണ്ടെന്നും എല്ലാ പ്രതികളെയും ഉടൻ അറസ്‌റ്റ് ചെയ്യുമെന്നും ഡിസിപി വ്യക്തമാക്കി.
കുറ്റവാളികളെ ഉടൻ അറസ്‌റ്റ് ചെയ്തില്ലെങ്കിൽ വീണ്ടും തെരുവിലേക്കിറങ്ങുമെന്ന് നാട്ടുകാർ പറഞ്ഞു. കാര്യത്തിൻ്റെ ഗൗരവം കണക്കിലെടുത്ത് ക്രമസമാധാനം നിലനിർത്താനായി പ്രദേശത്ത് കൂടുതൽ പൊലീസ് സേനയെ വിന്യസിച്ചിട്ടുണ്ട്.