‘സൺഡേ, സഞ്ജു സാംസൺ സ്മാഷസ്’: കയ്യടി നേടിയ ഷോട്ടുകൾ, ഗ്രേറ്റ് സ്ട്രൈക്കർ ഓഫ് ദ് മാച്ച് പുരസ്കാരം–

0

 

ഗ്വാളിയർ∙  വെറും 19 പന്തു മാത്രം നീണ്ട ഇന്നിങ്സാണെങ്കിലും, ഗ്വാളിയറിൽ നടന്ന ഇന്ത്യബംഗ്ലദേശ് ഒന്നാം ട്വന്റി20 മത്സരത്തിൽ ക്രിക്കറ്റ് പണ്ഡിതരുടെയും ആരാധകരുടെയും കയ്യടി ഒരുപോലെ സ്വന്തമാക്കി സഞ്ജു സാംസൺ. തന്റെ പ്രതിഭയും ക്ലാസും തെളിയിച്ച ഒരുപിടി ഷോട്ടുകളുമായി കളംനിറഞ്ഞ സഞ്ജു, 19 പന്തിൽ ആറു ഫോറുകൾ സഹിതം 29 റൺസെടുത്താണ് പുറത്തായത്. ഇന്ത്യൻ ക്രിക്കറ്റിലെ സ്റ്റൈലിഷ് താരങ്ങളിലൊരാൾ എന്ന വിശേഷണത്തോട് നീതി പുലർത്തുന്ന എണ്ണം പറഞ്ഞ ആറു ബൗണ്ടറികൾ, ‘ഗ്രേറ്റ് സ്ട്രൈക്കർ ഓഫ് ദ് മാച്ച് പുരസ്കാരവും സഞ്ജുവിന് നേടിക്കൊടുത്തു.

ബംഗ്ലദേശ് ഉയർത്തിയ 128 റൺസ് വിജയലക്ഷ്യത്തിലേക്കു ബാറ്റെടുത്ത ഇന്ത്യയ്ക്കായി ഓപ്പണറുടെ റോളിലെത്തിയ സഞ്ജു, അഭിഷേക് ശർമയ്‌ക്കൊപ്പം മികച്ച തുടക്കമാണ് സമ്മാനിച്ചത്. ആദ്യ ഓവറിൽത്തന്നെ ഷോറിഫുൽ ഇസ്‍ലാമിനെതിരെ സഞ്ജുവിന്റെ വക ഇരട്ട ബൗണ്ടറി. നാലാം പന്തിൽ സഞ്ജുവിന്റെ സ്ട്രൈറ്റ് ഡ്രൈവ് അതിവേഗം ബൗണ്ടറി തൊട്ടപ്പോൾ, ആറാം പന്തിൽ മുന്നോട്ടുകയറി വീണ്ടും ബൗണ്ടറി.സൺഡേ, സഞ്ജു സാംസൺ സ്മാഷസ്’ എന്ന വാചകത്തോടെ രാജസ്ഥാൻ റോയൽസ് ഇതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കുകയും ചെയ്തു.

രണ്ടാം ഓവറിൽ ടസ്കിൻ അഹമ്മദിനെതിരെ ഒരു സിക്സും രണ്ടു ഫോറും സഹിതം മിന്നുന്ന തുടക്കമിട്ട അഭിഷേക് ശർമ, ഇതിനിടെ സഞ്ജുവുമായുള്ള ധാരണപ്പിശകിൽ റണ്ണൗട്ടായത് നിരാശയായി. ഓവറിലെ അവസാന പന്ത് നേരിട്ട സഞ്ജു ക്രീസിനു വെളിയിലേക്ക് ഇറങ്ങിയതോടെ നോൺ സ്ട്രൈക്കേഴ്സ് എൻഡിൽനിന്ന അഭിഷേകും റണ്ണിനായി ഓടി. പന്ത് ഷോർട്ട് മിഡ് വിക്കറ്റിൽ ഫീൽഡർ കയ്യിലൊതുക്കിയതോടെ സഞ്ജു തിരികെ ക്രീസിൽ കയറിയെങ്കിലും, അഭിഷേക് ക്രീസിൽ കയറും മുൻപ് തൗഹിഡ് ഹ്രിദോയിയുടെ ത്രോ സ്റ്റംപിളക്കി.

അടുത്ത ഓവറിൽ ഷോറിഫുൽ ഇസ്‍ലാമിനെതിരെ മൂന്നാം ബൗണ്ടറിയുമായി സഞ്ജു വീണ്ടും നിലപാട് വ്യക്തമാക്കി. നാലാം ഓവറിലെ ആദ്യ പന്തിൽ മുസ്താഫിസുർ റഹ്മാനെ തകർപ്പൻ സിക്സറുമായി സ്വാഗതം ചെയ്തത് ക്യാപ്റ്റൻ സൂര്യ. നാലാം പന്തിൽ സഞ്ജുവിന്റെ തകർപ്പൻ ഡ്രൈവ് വീണ്ടും ബൗണ്ടറിയിലേക്ക്. അഞ്ചാം ഓവറിൽ ടസ്കിൻ അഹമ്മദിനെതിരെ സൂര്യയുടെ ഇരട്ടഫോറും സിക്സും. അടുത്ത ഓവറിൽ മുസ്താഫിസുറിനെതിരെ സിക്സർ നേടിയതിനു പിന്നാലെ സൂര്യ പുറത്തായെങ്കിലും, അഞ്ചാം പന്തിൽ ബൗണ്ടറിയുമായി സഞ്ജു തിരിച്ചടിച്ചു. സഞ്ജുവിന്റെ അസാധാരണ ടൈമിങ് തെളിഞ്ഞുകണ്ട ഷോട്ട്.

ഇതോടെ, ബംഗ്ലദേശിനെതിരെ ഇന്ത്യയുടെ ഉയർന്ന പവർപ്ലേ സ്കോർ എന്ന റെക്കോർ‍ഡും ഗ്വാളിയറിൽ തെളിഞ്ഞു. ആറ് ഓവറിൽ ഇന്ത്യ അടിച്ചുകൂട്ടിയത് രണ്ട് വിക്കറ്റ് നഷ്ടത്തിൽ 71 റൺസ്. അടുത്ത ഓവറിൽ റിഷാദ് ഹുസൈനെതിരെ വീണ്ടും സുന്ദരമായൊരു ഷോട്ടിലൂടെ സ‍ഞ്ജുവിന്റെ ബൗണ്ടറി. 19 പന്തിൽ ആറു ബൗണ്ടറികൾ സഹിതം 29 റൺസെടുത്ത് നിൽക്കെ എട്ടാം ഓവറിലെ അഞ്ചാം പന്തിൽ മെഹ്ദി ഹസൻ മിറാസിന്റെ പന്തിൽ മറ്റൊരു ബൗണ്ടറിക്കുള്ള ശ്രമത്തിൽ താരം പുറത്തായി. മികച്ച തുടക്കം പൂർണമായും മുതലാക്കാനാകാത്തതിന്റെ നിരാശ പ്രകടിപ്പിച്ചാണ് സഞ്ജു കളം വിട്ടത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *