കോണ്‍ഗ്രസില്‍ നടക്കുന്നത് ഓപ്പറേഷന്‍ സുധാകര്‍ :വെള്ളാപ്പള്ളി

ആലപ്പുഴ: കോണ്‍ഗ്രസിലെ നേതൃമാറ്റത്തെ പരിഹസിച്ച് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. കോണ്‍ഗ്രസില്‍ ‘ഓപ്പറേഷന്‍ സുധാകര്‍’ നടക്കുന്നുവെന്നും സുധാകരനെ മാറ്റുന്നവരെ ഊളമ്പാറക്കാണ് കൊണ്ടു പോകേണ്ടതെന്നും വെള്ളാപ്പള്ളി പറഞ്ഞു.
പുതിയ അധ്യക്ഷനായി നേതൃത്വം പരിഗണിച്ചേക്കാവുന്ന ആന്റോ ആന്റണി എംപി സ്വന്തം മണ്ഡലമായ പത്തനംതിട്ടയില്‍ ഒരു കോണ്‍ഗ്രസുകാരനെ പോലും ജയിപ്പിക്കാന്‍ കഴിയാത്ത ആളാണ്. എകെ ആന്റണിയുടെ മകന്‍ മത്സരിച്ചില്ലായിരുന്നെങ്കില്‍ ഒരു ലക്ഷത്തില്‍പരം വോട്ടിന് ആന്റോ ആന്റണി പരാജയപ്പെട്ടേനെയെന്നും വെള്ളാപ്പള്ളി പറഞ്ഞു.
കെ സുധാകരനെ ഇപ്പോള്‍ മാറ്റുന്നതിന്റെ താല്‍പര്യം എന്താണെന്നാണ് അറിയേണ്ടത്. ജനങ്ങളില്‍നിന്ന് നല്ല ഭൂരിപക്ഷത്തില്‍ പാര്‍ലമെന്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ജനം സ്വീകരിച്ച കരുത്തനായ നേതാവാണ് കെ സുധാകരന്‍.സുധാകരന്റെ നേതൃത്വത്തില്‍ ഗംഭീര വിജയങ്ങള്‍ നേടി. നിയമസഭ തെരഞ്ഞെടുപ്പ് അടക്കമുള്ളവ വരാന്‍ പോകുമ്പോള്‍ സുധാകരനെ മാറ്റുന്നത് ദോഷം ചെയ്യും. സുധാകരന്‍ കരുത്തനും മിടുക്കനും പ്രഗത്ഭനുമായ അധ്യക്ഷനാണെന്ന് തെളിയിച്ച് കഴിഞ്ഞു. എല്ലാവരും തോല്‍ക്കുമെന്ന് കരുതിയ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ഒരു ലക്ഷത്തിലധികം ഭൂരിപക്ഷത്തില്‍ വിജയിച്ചുവെന്നും വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു.