സുബിലാലിനു ഇനി ശാന്തിനി : അനുഗ്രഹിച്ചു എംഎൽഎയും നാട്ടുകാരും.

കരുനാഗപ്പള്ളി: ജന്മനാഭിന്നശേഷിക്കാരനായ സുബിലാലിനു അസ്ഥി പൊടിയുന്ന അപൂർവ്വ രോഗമായിരുന്നു അമ്മ സുഭദ്രയുടെ കൈകൾ ആയിരുന്നു സുബിലാൽ കൂടുതലും വളർന്നത്. രോഗ ദുരിതങ്ങളോട് പടവെട്ടി ജീവിതം തിരിച്ചുപിടിച്ച സുബിലാലിനു ജീവിതസഖിയായി ശാന്തിനി. ഓച്ചിറ പരബ്രഹ്മക്ഷേത്രത്തിൽ സുബിലാലിനും ശാന്തിനിക്കും ആശംസകൾ നേരാൻ സ്ഥലം എംഎൽഎ ഉൾപ്പെടെയുള്ള നാട്ടുകാർ ഒഴുകിയെത്തി. തഴവ കിണർവിള കിഴക്കതിൽ വാസുദേവൻ സുഭദ്ര ദമ്പതികളുടെ മകൻ സുബിലാലും (39) തേവലക്കര കോവൂർ കുഴിവിളയിൽ പരേതനായ ഗോപാലന്റെ മകൾ ശാന്തിനി(33)യുമാണ് വിവാഹിതരായത്.
സഹോദരി സുമിയുടെ സഹായത്തോടെ സഞ്ചരിക്കുന്ന വൈദ്യുത ചക്ര കസേരയിൽ (ഇലക്ട്രിക് വീൽചെയർ) ഇരുന്നുകൊണ്ടാണ് ബിലാൽ ശാന്തിനിയുടെ കഴുത്തിൽ മിന്നുകെട്ടിയത്. കരുനാഗപ്പള്ളി എംഎൽഎ സി.ആർ മഹേഷ് ശാന്തിനിയുടെ കൈകൾ സുബിലാലിന്റെ കൈകളിലേക്ക് പിടിച്ചു നൽകിയപ്പോൾ കൂടിന്ന നാട്ടുകാർക്ക് ആഹ്ലാദത്തിന്റെ നിമിഷങ്ങളാണ് സമ്മാനിച്ചത്. ശാന്തിനി സുബിലാലിനെ തോളിൽ എടുത്തുകൊണ്ട് ആൽത്തറക്ക് വലംവെച്ചപ്പോൾ പരബ്രഹ്മക്ഷേത്ര സന്നിധിയിൽ മറ്റൊരു സ്വർഗ്ഗമായി മാറി. അപൂർവ്വ രോഗം ബാധിച്ച് സുബിലാൽ വിവിധ ആശുപത്രിയിൽ ചികിത്സ തേടിയെങ്കിലും രോഗം പൂർണമായും ഭേദമായില്ല. വേദന സഹിച്ചു അമ്മയുടെ തോളിൽ കയറി സുബിലാൽ മിക്ക ദിവസങ്ങളിലും ഓച്ചിറ ക്ഷേത്രത്തിൽ എത്തുമായിരുന്നു. ഓച്ചിറ പടനിലവും അവിടുത്തെ അന്തേവാസികളും ഭക്തരും സുബിലാലിന് പ്രിയപ്പെട്ടവരായിരുന്നു.
മണിപ്പാൽ ഹോസ്പിറ്റലിൽ നടത്തിയ ചികിത്സയിൽ എല്ലുപൊടിയുന്ന രോഗം ഭേദമായി പ്ലസ് ടു വരെ പഠിച്ച സുബിലാലിനു കമ്പ്യൂട്ടർ പരിജ്ഞാനവുമുണ്ട്. പഠനശേഷം വീൽചെയറിൽ ലോട്ടറി വിറ്റു ജീവിതം മുന്നോട്ടുകൊണ്ടുപോയിരുന്ന സുബിലാൽ നിലവിൽ തഴവ കുടുംബ ആരോഗ്യ കേന്ദ്രത്തിലെ ജീവനക്കാരനാണ്. നിരവധി വിവാഹാലോചനകൾ സുബിലാലിന് വന്നെങ്കിലും മിക്കതും പാതിവഴിയിൽ തടസ്സപ്പെടുകയായിരുന്നു. ശാന്തിനിയുടെ സുഹൃത്തും കോവൂർ സ്കൂളിലെ അധ്യാപികയുമായ ജിജിയാണ് ഇവരുടെ വിവാഹാലോചന നടത്തിയത്.