ശുഭാംശുവും സംഘവും നാളെ ഭൂമിയിലേക്ക്

ഹൈദരാബാദ്: ബഹിരാകാശ നിലയത്തിൽ 18 ദിവസം ചെലവഴിച്ച് ഇന്ത്യൻ ബഹിരാകാശ സഞ്ചാരി ശുഭാംശു ശുക്ലയുൾപ്പെടെയുള്ള നാല് യാത്രികർ നാളെ ഭൂമിയിലേക്ക് . ജൂലൈ 15ന് ഇന്ത്യൻ സമയം വൈകുന്നേരം മൂന്ന് മണിക്ക് ഭൂമിയിലെത്തും. ഫ്ലോറിഡയുടെ തീരത്തായിരിക്കും നാലംഗ സംഘത്തെ വഹിക്കുന്ന സ്‌പേസ് എക്‌സിന്‍റെ ഫാൽക്കൺ 9 പേടകം സ്‌പ്ലാഷ് ഡൗൺ ചെയ്യുക.
തിങ്കളാഴ്‌ച ഇന്ത്യൻ സമയം വൈകുന്നേരം 4.35നാണ് പേടകവും അന്താരാഷ്‌ട്ര ബഹിരാകാശ നിലയവും വേർതിരിക്കുന്ന അൺഡോക്കിങ് പ്രക്രിയ നിശ്ചയിച്ചിരിക്കുന്നത്. കാലാവസ്ഥയ്‌ക്ക് അനുസരിച്ച് പേടകം കടലിലേക്ക് പതിക്കുന്ന സ്‌പ്ലാഷ്‌ഡൗൺ സമയക്രമത്തിൽ ഏകദേശം ഒരു മണിക്കൂർ വരെ മാറ്റം വന്നേക്കാമെന്ന് കേന്ദ്ര ശാസ്ത്ര സാങ്കേതിക മന്ത്രി ഡോ. ജിതേന്ദ്ര സിങ് എക്‌സ് അക്കൗണ്ടിൽ പറഞ്ഞു. സമയക്രമത്തിലോ മറ്റോ മാറ്റങ്ങളുണ്ടായാൽ അറിയിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ബഹിരാകാശ നിലയത്തിന്‍റെ ഹാർമണി മൊഡ്യൂളിൽ നിന്ന് ഡ്രാഗൺ കാപ്സ്യൂൾ വേർപ്പെടുന്നത് വരെയുള്ള ദൃശ്യങ്ങൾ നാസ തത്സമയം സംപ്രേഷണം ചെയ്യും.
നാസ പ്ലസിൽ ജൂലൈ 14ന് EDT പുലർച്ചെ 4:30ന് (ഇന്ത്യൻ സമയം ഉച്ചയ്ക്ക് 2:00) ആയിരിക്കും ഹാച്ച് ക്ലോഷർ പ്രക്രിയകളുടെ ലൈവ് കവറേജ് ആരംഭിക്കും. EDT 4:55ന് (ഇന്ത്യൻ സമയം ഉച്ചയ്ക്ക് 2:25) ബഹിരാകാശ നിലയത്തിൽ നിന്ന് ആക്‌സിയം 4 അംഗങ്ങൾ ഡ്രാഗൺ പേടകത്തിലേക്ക് പ്രവേശിക്കുന്നതും, പേടകത്തിന്‍റെ വാതിലടക്കുന്ന ഹാച്ച് ക്ലോസിങും കാണാനാകും. തുടർന്ന് EDT രാവിലെ 6:45ന് (ഇന്ത്യൻ സമയം വൈകുന്നേരം 4.15) അൺഡോക്കിങ് പ്രക്രിയയുടെ ലൈവ് സ്‌ട്രീമിങും കാണാനാവും.
ശുഭാംശു ശുക്ലക്കൊപ്പം നാസയുടെ മുതിർന്ന ആസ്‌ട്രോനോട്ട് പെഗ്ഗി വിറ്റ്‌സൺ, ഹംഗറി സ്വദേശി ടിബോർ കാപു, പോളണ്ടില്‍ നിന്നുള്ള സ്ലാവോസ് ഉസ്‌നാൻസ്‌കി എന്നിവരാണ് ആക്‌സിയം 4 ദൗത്യത്തിന്‍റെ ഭാഗമായത്.