വിദ്യാർഥിയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ സംഭവം : പ്രതികളെ പോലീസ് വെടിവച്ചിട്ടു

ബെംഗളൂരു: പതിമൂന്നുകാരനെ തട്ടിക്കൊണ്ട് പോയി കൊലപ്പെടുത്തിയ കേസിൽ പ്രതികളെ സാഹസികമായി പിടികൂടി ബെംഗളൂരു പൊലീസ്. ഹുളിമാവ് പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരാണ് പ്രതികളെ കാലിൽ വെടിവച്ച് പിടികൂടി അറസ്റ്റ് ചെയ്തത്. പ്രതികളായ ഗുരുമൂർത്തി, ഗോപാലകൃഷ്ണൻ എന്നിവരാണ് അറസ്റ്റിലായത്.ബെംഗളൂരുവിലെ അരക്കെരെയിലുള്ള ശാന്തിനികേതനിലാണ് നിഷ്ചിത് (13) മാതാപിതാക്കളോടൊപ്പം താമസിച്ചിരുന്നത്. കോളജ് അസിസ്റ്റൻ്റ് പ്രൊഫസറാണ് നിഷ്ചിതിൻ്റെ പിതാവ്. ഇവരുടെ വീട്ടിൽ ഇടയ്ക്കിടെ വരാറുണ്ടായിരുന്ന ഗുരുമൂർത്തി കുട്ടിയെ തട്ടിക്കൊണ്ടുപോയി പണം ആവശ്യപ്പെടാൻ പദ്ധതിയിടുകയായിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കി.
ഇന്നലെയാണ് ട്യൂഷൻ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന നിഷ്ചിതിനെ തട്ടിക്കൊണ്ടുപോയി അതിക്രൂരമായി കൊലപ്പെടുത്തുന്നത്. പിന്നീട് കഴുത്തറുത്ത് കത്തിക്കരിഞ്ഞ നിലയിൽ കുട്ടിയുടെ മൃതദേഹം ബന്നാർഘട്ട വനമേഖലയിൽ നിന്ന് കണ്ടെത്തി.
അന്വേഷണത്തിനിടെ പ്രതികള്‍ കഗലിപൂർ റോഡിന് സമീപത്ത് ഉണ്ട് എന്ന വിവരം കിട്ടിയതിനെ തുടർന്ന് ഇവരെ അറസ്റ്റ് ചെയ്യാനായി പൊലീസുകാര്‍ സ്ഥലത്തെത്തി. എന്നാല്‍ മാരകായുധങ്ങൾ ഉപയോഗിച്ച് പ്രതികൾ പൊലീസിനെ ആക്രമിക്കാൻ ശ്രമിച്ചു. ഇതോടെയാണ് ഇൻസ്പെക്ടര്‍ കുമാരസ്വാമിയും പിഎസ്ഐ അരവിന്ദ് കുമാറും പ്രതിയുടെ കാലിൽ വെടിവച്ച് ഇരുവരെയും പിടികൂടിയത്. ഗുരുമൂർത്തിയുടെ രണ്ട് കാലുകളിലും ഗോപാലകൃഷ്ണൻ്റെ ഒരു കാലിനും വെടിയേറ്റു. ഇരുവരെയും വിക്ടോറിയ ആശുപത്രിയിലേക്ക് മാറ്റി.