ഇനിയും നിവർന്നു നിൽക്കണ്ടേ? നട്ടെല്ലിന്റെ ആരോഗ്യത്തിന് ചെയ്യേണ്ടത് എന്തെല്ലാം?
ഒരു മനുഷ്യന് നിവർന്ന് നിൽക്കണമെങ്കിലോ, കാര്യങ്ങളെല്ലാം കൃത്യമായി ചെയ്യണമെങ്കിലോ നട്ടെല്ലിന് ആരോഗ്യം വേണം. എന്നാൽ നമ്മൾ തീരെ ശ്രദ്ധ കൊടുക്കാത്ത ഒരു മേഖല കൂടിയാണത്. അസുഖം വരുമ്പോഴല്ല നട്ടെല്ല് ചികിത്സയ്ക്ക് ചെല്ലേണ്ടത്. നട്ടെല്ലിന് അസുഖം വരാതെ നോക്കുക എന്നതാണ് പ്രധാന കാര്യം. അതിന് ദിനചര്യയിൽ എന്തൊക്കെ ചെയ്യാന്‍ സാധിക്കുമെന്നു നോക്കാം.നട്ടെല്ലിന്റെ ഭൂരിഭാഗം പ്രയാസങ്ങളും വേദനകളും ശരിയായ പോസ്ചർ പാലിച്ചാൽ ഒഴിവാക്കാൻ സാധിക്കും. നമ്മളില്‍ ഭൂരിപക്ഷം ആൾക്കാരും ഓഫിസ് ജോലി ചെയ്യുന്നവരാണ്. ഇരിക്കുമ്പോൾ എപ്പോഴും കൂനിക്കൂടി ഇരിക്കാതെ നിവർന്നിരിക്കുക. ബാക്സപ്പോർട്ട് വേണമെന്ന് നിർബന്ധമില്ല.
ബോധപൂർവം നിവർന്നിരിക്കാൻ പഠിക്കുക. ഐടി മേഖലയിൽ പ്രവർത്തിക്കുന്നവരും സ്ഥിരമായി കംപ്യൂട്ടറിനും ലാപ്ടോപ്പിനും മുന്നിൽ ഇരിക്കുന്നവരും ശ്രദ്ധിക്കേണ്ടത് കണ്ണിനു നേരെ വേണം സ്ക്രീൻ വരാൻ. കൈ നിവർന്ന് താങ്ങ് നൽകിഓർക്കുക, എല്ലാ ഓഫിസിലെയും കസേരയും മോണിറ്ററും ഒരേ രീതിയിലായിരിക്കും സജ്ജീകരിച്ചിരിക്കുക. പക്ഷേ നമ്മുടെ ഉയരത്തിൽ വ്യത്യാസം വരും. നമ്മുടെ മുന്നിലുള്ള മോണിറ്ററിന്റെ ഉയരം സ്വയം ക്രമീകരിക്കാം. ഇങ്ങനെ ചെയ്യുന്നതു വഴി വേദന അകറ്റാൻ സാധിക്കും. അടുത്തത്, സ്ട്രെച്ചിങ് അഥവാ പേശികളെ നിവരാൻ അനുവദിക്കുക.
എന്നും നട്ടെല്ലിനു വേണ്ടി ഒരു പത്തുമിനിട്ടെങ്കിലും രണ്ടു കാര്യങ്ങൾ ചെയ്യണം. ഒന്ന് സ്ട്രെങ്തനിങ് രണ്ട് സ്ട്രെച്ചിങ്. സ്ട്രെങ്തനിങ് എന്നു പറയുന്നത് പുറകിലെ പോസ്ചുറൽ പേശികളെ ബലപ്പെടുത്തുവാന്‍ ചെയ്യുന്നതാണ്. രണ്ട് സ്ട്രെച്ചിങ്. യോഗപോലുള്ള കാര്യങ്ങൾ പത്തുമിനിറ്റ് പ്ലാങ്കോ മറ്റോ ചെയ്താൽ സ്ട്രെച്ചിങ് സാധിക്കും. ഇത് വലുതായി വിയർക്കുന്ന ജോലിയല്ല.ആരോഗ്യത്തിന്റെ കാര്യം വരുമ്പോൾ പലരും പറഞ്ഞു കേൾക്കാറുണ്ട്, ഞാൻ ഓടുന്നുണ്ട്. പക്ഷേ ഓടുന്നതു കൊണ്ട് നടുവിന് ഒരു ഗുണവും ഉണ്ടാകുന്നില്ല. നടുവിനെ ബലപ്പെടുത്തുന്ന ഈ രണ്ടു കാര്യങ്ങൾ നിർബന്ധമായും ചെയ്യണം. അടുത്ത പ്രധാനപ്പെട്ട കാര്യം കൃത്യമായ ഇടവേളകളിൽ വിശ്രമിക്കുകയാണ്.
ദീർഘനേരം ഇരുന്ന് ചെയ്യുന്ന ജോലിയാണെങ്കിൽ ഓരോ 45 –50 മിനിട്ടു കൂടുമ്പോഴും എഴുന്നേറ്റ് സ്ട്രെച്ച് ചെയ്തിട്ട് ഇരിക്കുക. പലപ്പോഴും ജോലിയിൽ മുഴുകി കഴിയുമ്പോൾ നമ്മൾ എഴുന്നേൽക്കുന്ന കാര്യം തന്നെ മറന്നു പോകും. മറ്റൊന്ന് ശരീരഭാരമാണ്. അമിതവണ്ണം സ്വാഭാവികമായും നടുവേദന കൂട്ടും. അതിലുപരി ഈ പറഞ്ഞ പോസ്ചർ, സ്ട്രെച്ചിങ്, എർഗോണമിക്സ് ആണ് നടുവേദന കൂട്ടുന്നത്.സ്ത്രീകളിൽ ആര്‍ത്തവവിരാമത്തിനോടുത്ത പ്രായത്തിലുള്ളവർ കാൽസ്യം എടുക്കുന്നത് ആർത്തവവിരാമത്തിനു ശേഷമുള്ള ആരോഗ്യപ്രശ്നങ്ങൾ കുറയ്ക്കാൻ സഹായിക്കും. ഇങ്ങനെയുള്ള കാര്യങ്ങളിലൂടെ ഭൂരിപക്ഷം നടുവേദനയും ഒഴിവാക്കാൻ സാധിക്കും.
എപ്പോഴാണ് വൈദ്യസഹായം തേടേണ്ടത്?
നടുവേദനയുടെ കൂടെ കാല് വേദന, തരിപ്പ്, പെരുപ്പ്, മലമൂത്രവിസർജനത്തിന് പ്രയാസം നേരിടുക, രാത്രിയില്‍ കിടക്കുമ്പോൾ വേദനയുണ്ടാവുക, നടക്കുമ്പോൾ ബാലൻസ് പോവുക തുടങ്ങിയ ബുദ്ധിമുട്ടുകൾ ഉണ്ടെങ്കിൽ തീർച്ചയായിട്ടും വൈദ്യസഹായം തേടിയിരിക്കണം. ഓർക്കുക, ഭൂരിപക്ഷം നടുവേദനയ്ക്കും ശരിയായ സമയത്ത് കണ്ടുപിടിച്ചാൽ മരുന്നോ, ഓപറേഷനിലൂടെയോ ശരിയായ ചികിത്സ സാധിക്കുന്നതാണ്. അസുഖം വന്നു കഴിഞ്ഞല്ല ചികിത്സയ്ക്കു പോകേണ്ടത്, അതിനു മുൻപു തന്നെ ആരോഗ്യത്തിൽ ശ്രദ്ധിക്കുക. ഉദാഹരണത്തിന് നമ്മൾ ബിപിയും ഷുഗറും ചികിത്സിക്കുന്നത് ഹൃദയാഘാതവും പക്ഷാഘാതവും വരാതിരിക്കാനാണ്. അതുപോലെ ഈ ചെറിയ കാര്യങ്ങളിൽ ശ്രദ്ധ പതിപ്പിച്ചാൽ നട്ടെല്ലിന്റെ ആരോഗ്യം നന്നായിരിക്കും.