ശ്രീലങ്കന്‍ പരമ്പരയ്‌ക്കുള്ള തീയതികളില്‍ മാറ്റം പ്രഖ്യാപിച്ച് ബിസിസിഐ
ഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ശ്രീലങ്കന്‍ പരമ്പരയ്‌ക്കുള്ള തീയതികളില്‍ മാറ്റം വരുത്തി ബിസിസിഐ. ജൂലൈ 26നായിരുന്നു പരമ്പര ആരംഭിക്കേണ്ടിയിരുന്നത്. എന്നാല്‍ ആദ്യ ട്വന്റി 20 ജൂലൈ 27ലേക്ക് മാറ്റി. ജൂലൈ 27ന് നിശ്ചയിച്ചിരുന്ന രണ്ടാം ട്വന്റി 20 ജൂലൈ 28ലേക്കും മാറ്റിയിട്ടുണ്ട്. മൂന്നാം ട്വന്റി 20 മത്സരം മുൻ നിശ്ചയിച്ചിരുന്നതുപോലെ ജൂലെെ 30ന് തന്നെ നടക്കും. ഏകദിന പരമ്പരയ്‌ക്കുള്ള തീയതിയിലും മാറ്റമുണ്ട്. ഓഗസ്റ്റ് ഒന്നിന് നിശ്ചയിച്ചിരുന്ന ഒന്നാം ട്വന്റി 20 ഓഗസ്റ്റ് രണ്ടാം തീയതിയിലേക്ക് മാറ്റി. അവസാന രണ്ട് മത്സരങ്ങൾക്കുള്ള തീയതിയിൽ മാറ്റമില്ല. മൂന്ന് ട്വന്റി 20 മത്സരങ്ങളും മൂന്ന് ഏകദിന മത്സരങ്ങളുമാണ് ഇന്ത്യ ശ്രീലങ്കയിൽ കളിക്കുക.
ഇന്ത്യൻ പരിശീലകനായി ഗൗതം ഗംഭീർ ചുമതലയേൽക്കുമെന്നതാണ് പരമ്പരയുടെ പ്രത്യേകത. പരമ്പരയിൽ ആരാകും ഇന്ത്യൻ ക്യാപ്റ്റനെന്ന് അറിയാനാണ് ആരാധകർ കാത്തിരിക്കുന്നത്. ട്വന്റി 20 പരമ്പരയിൽ ഹാർദ്ദിക്ക് പാണ്ഡ്യയും ഏകദിന ടീമിനെ കെ എൽ രാഹുലും ക്യാപ്റ്റൻ സ്ഥാനത്തേയ്‌ക്ക് എത്തുമെന്നാണ് സൂചനകൾ.
പരിശീലകനായി ചുമതയേറ്റ ശേഷം താരങ്ങൾക്കുള്ള ആദ്യ ഉപദേശവുമായി ഗൗതം ഗംഭീർ എത്തിയിരുന്നു. ‘എല്ലാ കളിക്കാരും മൂന്ന് ഫോർമാറ്റിലുള്ള ക്രിക്കറ്റും കളിക്കണമെന്നും ഓരോ ഫോർമാറ്റിനും പ്രത്യേകം താരങ്ങൾ എന്ന ഫോർമുലയിൽ താൻ വിശ്വസിക്കുന്നില്ല’ എന്നും ഗംഭീർ പറഞ്ഞു. എല്ലാ ഫോർമാറ്റിലും ഒരുമിച്ച് കളിച്ചാൽ പരിക്ക് പറ്റും എന്നതിൽ കാര്യമില്ലെന്നും പരിക്ക് പ്രഫഷണൽ കായിക രംഗത്ത് വളരെ സാധാരണ സംഭവമാണെന്നും മുൻ ഇന്ത്യൻ താരം കൂടിയായ ഗംഭീർ പറഞ്ഞു.
‘പരിക്കുകൾ കായിക താരത്തിന്റെ ജീവിതത്തിന്റെ ഭാഗമാണ്, ഓരോ മത്സരങ്ങൾക്ക് വേണ്ടി ഓരോ കാറ്റഗറിയിലുള്ള താരങ്ങളെ തിരഞ്ഞെടുക്കുന്നതിൽ അർത്ഥമില്ല. ഏകദിനമാണെങ്കിലും ടി 20 ആണെങ്കിലും ടെസ്റ്റാണെങ്കിലും കളിക്കുന്നത് ക്രിക്കറ്റാണ്’. ഗംഭീർ കൂട്ടിച്ചേർത്തു. ഒരു പ്രഫഷണൽ ക്രിക്കറ്റർ എന്ന നിലയിൽ നിങ്ങളുടെ ഏറ്റവും മികച്ച സമയത്ത് രാജ്യത്തിന് വേണ്ടി മികച്ച സംഭാവനകൾ നൽകാൻ ശ്രമിക്കണം, ആ സമയത്ത് പരിക്കേൽക്കുമെന്ന് കരുതി മാറി നിൽക്കരുത് ,എല്ലാ ഫോർമാറ്റിലും മികച്ച സംഭാവകൾ നൽകാനാണ് ശ്രമിക്കേണ്ടത് എന്നും ഗംഭീർ പറഞ്ഞു