സാമൂഹ്യപ്രവർത്തകനും നാടക കലാകാരനുമായ വി . പി . രാമചന്ദ്രൻ നായർ അന്തരിച്ചു

മുംബൈ: സാമൂഹ്യപ്രവർത്തകനും മുംബയിലെ അറിയപ്പെടുന്ന നാടക -സീരിയൽ കലാകാരനുമായ വി . പി . രാമചന്ദ്രൻ നായർ (വി. പി. ആർ. നായർ- (92 )അന്തരിച്ചു .താനെയിലെ വൃന്ദാവൻ കൈരളി കൾച്ചറൽ അസോസിയേഷൻ്റെ പ്രസിഡന്റ് ,സെക്രട്ടറി, ട്രഷറർ എന്നീ സ്ഥാനങ്ങൾ വഹിച്ചിരുന്നു .താനെയിലെ ഒരു സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. കുറച്ചു കാലമായി വാർദ്ധക്യസഹജമായ അസുഖങ്ങൾ കാരണം അസോസിയേഷൻ പ്രവർത്തനങ്ങളിൽനിന്ന് മാറി താനെ ഹീരനന്ദാനി എസ്റ്റേറ്റിലുള്ള മകളുടെ വീട്ടിൽ വിശ്രമജീവിതം നയിക്കുകയായിരുന്നു.ചേർത്തല, കുതിയത്തോട് വടക്കെ പിഷാരത്ത് വീട്ടിലെ അംഗമാണ് .
ഒരു കാലത്ത് മുംബൈ നാടക വേദികളിലെ സജീവ സാന്നിധ്യമായിരുന്ന വി പി ആർ മുംബൈ പ്രതിഭ തിയ്യേറ്റർ , ബോംബെ കേരള സമാജം, സുനയന, അടക്കം നിരവധി ട്രൂപ്പുകൾക്കുവേണ്ടി വിവിധ വേഷങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.
അന്തരിച്ച നടൻ ക്യാപ്റ്റൻ രാജു, , നാണപ്പൻ , വത്സല മേനോൻ, ബാലാജി, സുമ മുകുന്ദൻ, സി. കെ. കെ. പൊതുവാൾ, മുകുന്ദൻ മേനോൻ, രാധാകൃഷ്ണൻ മേനോൻ എന്നിവരോടൊപ്പവും വി പി ആർ അഭിനയിച്ചിട്ടിട്ടുണ്ട്. കനത്ത ശബ്ദത്തിന് ഉടമയായിരുന്ന അദ്ദേഹം നല്ലൊരു ഡബ്ബിങ് ആർട്ടിസ്റ്റും അവതാരകനും കൂടി ആയിരുന്നു. ഭാര്യ -മോഹന .മക്കൾ രേഖ,രമ , മരുമക്കൾ :വേണുഗോപാൽ മേനോൻ,പ്രത്യുഷ് . ആര്യൻ (പേരക്കുട്ടി).
സംസ്‌കാര കർമ്മങ്ങൾ താനെ നഗരസഭാ ശ്‌മശാനത്തിൽ നടന്നു. വൃന്ദാവൻ കൈരളി അസോസിയേഷനു വേണ്ടി പ്രസിഡന്റ് സുധാകരൻ, സെക്രട്ടറി രമേശൻ, ട്രഷറര്‍ പ്രസാദ് എന്നിവർ പുഷ്പചക്രം സമർപ്പിച്ചു. കൈരളിയുടെ പ്രവർത്തകരായ ബാലകൃഷ്ണൻ, ഭരതൻ മേനോൻ, പ്രകാശ് നായർ, ശശികുമാർ മേനോൻ, മോഹൻ മേനോൻ, രവികുമാർ, ഇ.രാമചന്ദ്രൻ,ഉണ്ണികൃഷ്ണൻ, സുരേഷ്, നാരായണൻ കുട്ടി നമ്പ്യാർ, ദാമോദരൻ എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി. മുംബൈ യിലെ നാടക പ്രവർത്തകരും ആദരാഞ്ജലികൾ അർപ്പിച്ചു.