തമിഴ്‌നാട്-ശ്രീലങ്ക ശിവഗംഗയുടെ പരീക്ഷണയാത്ര വിജയം
നാഗപട്ടണത്തുനിന്ന് ശ്രീലങ്കയിലെ കാങ്കേശന്‍ തുറയിലേക്ക് സര്‍വീസ് നടത്താനെത്തിയ ‘ശിവഗംഗ’ എന്ന യാത്രാക്കപ്പല്‍ ശനിയാഴ്ച പരീക്ഷണയാത്രനടത്തി. ഓഗസ്റ്റ് 15-നുശേഷം സ്ഥിരം സര്‍വീസ് തുടങ്ങുമെന്നാണ് അറിയുന്നത്.
കപ്പല്‍ സര്‍വീസിന്റെ ചുമതലയേറ്റെടുത്ത ഇന്‍ഡ് ശ്രീ ഫെറി സര്‍വീസസിനുവേണ്ടി അന്തമാനില്‍നിന്നാണ് ശിവഗംഗ എത്തിയത്. ചൊവ്വാഴ്ച നാഗപട്ടണത്തെത്തിയ കപ്പല്‍, മതിയായ പരീക്ഷണങ്ങള്‍ക്കുശേഷമാണ് പരീക്ഷണയാത്ര നടത്തിയത്. ഞായറാഴ്ച രാവിലെ എട്ടിന് നാഗപട്ടണത്തുനിന്ന് പുറപ്പെട്ട കപ്പല്‍ 12-ന് കാങ്കേശന്‍ തുറയിലെത്തി. വൈകീട്ട് നാലിനായിരുന്നു മടക്കയാത്ര.
കഴിഞ്ഞവര്‍ഷം ഒക്ടോബര്‍ 14-നാണ് തമിഴ്നാട്ടിലെ നാഗപട്ടണത്തുനിന്ന് ശ്രീലങ്കയിലെ കാങ്കേശന്‍തുറയിലേക്കുള്ള കപ്പല്‍ സര്‍വീസ് ഉദ്ഘാടനംചെയ്തത്. കെ.പി.വി.എസ്. പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിനായിരുന്നു സര്‍വീസിന്റെ ചുമതല. ലക്ഷദ്വീപില്‍ സര്‍വീസുനടത്തിയിരുന്ന ഷിപ്പിങ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയുടെ ചെറിയപാണി എന്ന കപ്പലാണ് യാത്രയ്ക്ക് ഉപയോഗിച്ചിരുന്നത്. ഏതാനും ദിവസങ്ങള്‍ക്കുശേഷം സര്‍വീസ് നിര്‍ത്തിവെക്കുകയും അത് പുനരാരംഭിക്കുന്നത് നീണ്ടുപോവുകയുമായിരുന്നു.
പുതിയകപ്പലില്‍ സാധാരണ ക്ലാസില്‍ 133 സീറ്റും പ്രീമിയം ക്ലാസില്‍ 27 സീറ്റുമാണുള്ളത്. ഒരുവശത്തേക്കുള്ള ടിക്കറ്റ് നിരക്ക് യഥാക്രമം 5000 രൂപയും 7500 രൂപയുമായിരിക്കും എന്നാണ് അറിയുന്നത്. 60 കിലോഗ്രാം വരുന്ന സാധനങ്ങള്‍ ലഗേജായും അഞ്ചുകിലോഗ്രാം ഹാന്‍ഡ് ബാഗ് ആയും കൊണ്ടുപോകാം. കഴിഞ്ഞവര്‍ഷം സര്‍വീസ് തുടങ്ങിയപ്പോള്‍ നികുതിയടക്കം 7670 രൂപയായിരുന്നു ഒരുവശത്തേക്കുള്ള ടിക്കറ്റുനിരക്ക്. ഇന്ത്യയില്‍ വേരുകളുള്ള ശ്രീലങ്കന്‍ തമിഴരുടെ ഏറെക്കാലമായുള്ള ആവശ്യമാണ് തമിഴ്നാട്ടില്‍നിന്നുള്ള കപ്പല്‍ സര്‍വീസ്.