സയാമീസ് ഇരട്ടകളെ ശസ്ത്രക്രിയയിലൂടെ വേർപ്പെടുത്തി

റിയാദ്: ശരീരങ്ങൾ തമ്മിൽ പരസ്പരം ഒട്ടിച്ചേർന്ന നിലയിൽ ജനിച്ച സൗദി അറേബ്യയിലെ സയാമീസ് ഇരട്ടകളെ വിജയകരമായ ശസ്ത്രക്രിയയിലൂടെ വേർപ്പെടുത്തി.റിയാദിലെ നാഷണൽ ഗാർഡ് മന്ത്രാലയത്തിന് കീഴിലുള്ള കിംഗ് അബ്ദുൽ അസീസ് മെഡിക്കൽ സിറ്റിയുടെ ഭാഗമായ കിംഗ് അബ്ദുല്ല സ്പെഷ്യലിസ്റ്റ് ചിൽഡ്രൻസ് ഹോസ്പിറ്റലിൽ നടന്ന സങ്കീർണമായ ശസ്ത്രക്രിയയിലൂടെയാണ് ഇരട്ടകളായ ലാറയെയും യാറയെയും വേർപ്പെടുത്തിയത്.
ഏഴ് മാസം പ്രായമുള്ള ഇരട്ടകൾ അടിവയറ്റിലും പെല്വിസിലും ഒട്ടിച്ചേർന്നാണ് ജനിച്ചത്. വൻകുടൽ, മലാശയം, മൂത്ര, പ്രത്യുത്പാദന സംവിധാനങ്ങൾ, പെല്വിക് അസ്ഥി എന്നിവയുടെ ഭാഗങ്ങൾ ആണ് ചേർന്നിരുന്നത്.പീഡിയാട്രിക് സർജറി, അനസ്തേഷ്യ, യൂറോളജി, ഓർത്തോ പീഡിക്സ്, പ്ലാസ്റ്റിക് സർജറി, നഴ്സിംഗ് എന്നിവയിലെ കൺസൾട്ടന്റുകൾ ഉൾപ്പെടെ 38 വിദഗ്ധരുടെ സംഘം സംയോജിതമായി നടത്തിയ സൂക്ഷ്മമായ ശസ്ത്രക്രിയ 12.5 മണിക്കൂർ നീണ്ടു നിന്നു.