സര്‍ക്കാര്‍ ആവശ്യപ്പെട്ട നഷ്ടപരിഹാരത്തുക നല്‍കാനാവില്ലെന്ന് കപ്പല്‍ കമ്പനി

0
samakalikamalayalam 2025 06 05 4x5bb9mq kochi ship accident

കൊച്ചി: കേരള തീരത്തുണ്ടായ കപ്പല്‍ അപകടത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ചോദിച്ച നഷ്ടപരിഹാരത്തുക കെട്ടിവെയ്ക്കാനാകില്ലെന്ന് എംഎസ് സി കപ്പല്‍ കമ്പനി. കേരള ഹൈക്കോടതിയെയാണ് എംഎസ് സി കപ്പല്‍ കമ്പനി നിലപാട് അറിയിച്ചത്. 9531 കോടി രൂപയാണ് സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടത്. എത്ര തുക കെട്ടിവെക്കാനാകുമെന്ന് അറിയിക്കണമെന്ന് കപ്പല്‍ കമ്പനിയോട് കോടതി ചോദിച്ചു.

കപ്പല്‍ അപകടത്തെത്തുടര്‍ന്നുണ്ടായ പാരിസ്ഥിതികാഘാതം അടക്കം ചൂണ്ടിക്കാട്ടി അഡിമിറാലിറ്റി സ്യൂട്ടാണ് കേരളം ഫയല്‍ ചെയ്തിട്ടുള്ളത്. തീരത്തിനും, മത്സ്യത്തൊഴിലാളികള്‍ക്കും, മത്സ്യസമ്പത്തിനും അടക്കം അത്രയും കോടി രൂപയുടെ നഷ്ടം കപ്പല്‍ മുങ്ങിയതു വഴി ഉണ്ടായിട്ടുണ്ട്. ഉള്‍ക്കടലിന്റെ ആവാസ വ്യവസ്ഥയെ അടക്കം ബാധിച്ചിട്ടുണ്ട്. ഇതിന്റെ പ്രത്യാഘാതം വരുംനാളുകളില്‍ കേരളം അനുഭവിക്കാൻ ഇരിക്കുന്നതേയുള്ളൂവെന്നും സര്‍ക്കാര്‍ ഫയല്‍ ചെയ്ത സ്യൂട്ടില്‍ വ്യക്തമാക്കിയിരുന്നു.

സര്‍ക്കാര്‍ ആവശ്യപ്പെട്ട തുക കപ്പല്‍ കമ്പനിക്ക് താങ്ങാവുന്നതിനും അപ്പുറത്തുള്ളതാണെന്ന് കമ്പനി അറിയിച്ചു. ഇതേത്തുടര്‍ന്ന് കെട്ടിവെക്കാനാകുന്ന തുകയെപ്പറ്റി അറിയിക്കാന്‍ കോടതി നിര്‍ദേശിച്ചു. ഹര്‍ജി ഓഗസ്റ്റ് 6 ലേക്ക് മാറ്റിയിട്ടുണ്ട്. അടുത്തിടെ വിഴിഞ്ഞത്തെത്തിയ എംഎസ് സി കമ്പനിയുടെ അക്വിറ്റേറ്റ എന്ന കപ്പല്‍ അറസ്റ്റ് ചെയ്തു സൂക്ഷിക്കാന്‍ നേരത്തെ കോടതി ഉത്തരവിട്ടിരുന്നു. ഹര്‍ജി അടുത്ത തവണ പരിഗണിക്കുന്നതു വരെ കപ്പലിന്റെ അറസ്റ്റ് നീട്ടിക്കൊണ്ട് ഹൈക്കോടതി ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *