ഷെയർ ട്രേഡിങിന്റെ പേരിൽ 70.75 ലക്ഷം രൂപ തട്ടിയ കേസിലെ ഒരാൾ കൂടി അറസ്റ്റിൽ
ആലപ്പുഴ : ചെങ്ങന്നൂർ സ്വദേശികളായ നേഴ്സ് – ഐ ടി പ്രഫഷണൽ ദമ്പതിമാരുടെ പക്കൽ നിന്നും ഓൺലൈൻ ഷെയർ ട്രേഡിങ്ങ് എന്ന പേരിൽ സോഷ്യൽ മീഡിയ വഴി ബന്ധപ്പെട്ട് 70,75,435/- (ഏഴുപത് ലക്ഷത്തി എഴുപത്തി അയ്യായിരത്തി നാനൂറ്റി മുപ്പത്തഞ്ച്) രൂപ തട്ടിയ കേസിലെ ഒരാൾ കൂടി അറസ്റ്റിലായി. തമിഴ്നാട്, വില്ലുപുരം സ്വദേശിയായ അജിത്കുമാർ (24) എന്നയാളെയാണ് ആലപ്പുഴ സൈബർ ക്രൈം പോലീസ് അറസ്റ്റ് ചെയ്തത്. സ്വകാര്യ ഷെയർ ട്രേഡിങ്ങ് ഗ്രൂപ്പിന്റെ പ്രതിനിധിയാണെന്ന് പറഞ്ഞു ആൾമാറാട്ടം നടത്തി പരാതിക്കാരനെ വാട്സാപ്പ് വഴി ബന്ധപ്പെട്ടാണ് പ്രതികൾ തട്ടിപ്പ് നടത്തിയത്. പരാതിക്കാരനെ വ്യാജ ഷെയർ ട്രേഡിങ്ങ് കമ്പനിയുടെ വാട്സാപ്പ് ഗ്രൂപ്പിൽ ജോയിൻ ആക്കുകയും തുടർന്ന് പ്രതികളുടെ നിർദ്ദേശപ്രകാരം പരാതിക്കാരനെക്കൊണ്ട് വ്യാജ വെബ്‌സൈറ്റിൽ അക്കൗണ്ട് ക്രിയേറ്റ് ചെയ്യിപ്പിക്കുകയും ചെയ്യിപ്പിച്ച് അതിൽ കാണിച്ച ബാങ്ക് അക്കൗണ്ടുകളിലേക്ക് ട്രേഡിങ്ങ് ഇൻവെസ്റ്റമെന്റ് എന്ന പേരിൽ പണമയച്ചു വാങ്ങി ഇതിൽ നിന്നുള്ള ലാഭമായി 6 കോടിയോളം രൂപ വ്യാജ വെബ്സൈറ്റിലെ പരാതിക്കാരന്റെ പ്രൊഫൈലിൽ കൃത്രിമമായി കാണിക്കുകയും ചെയ്തു വിശ്വസിപ്പിച്ചാണ് പ്രതികൾ തട്ടിപ്പ് നടത്തിയത്.
തുടർന്ന് പരാതിക്കാരൻ ലാഭം പിൻവലിക്കാൻ ശ്രമിച്ചപ്പോൾ വീണ്ടും ഒരു ട്രേഡ് കൂടെ ചെയ്യണമെന്ന് തട്ടിപ്പുകാർ ആവശ്യപ്പെട്ടതോടെയാണ് പരാതിക്കാരന് ഇത് തട്ടിപ്പാണെന്നു മനസിലായത്. തുടർന്ന് നാഷണൽ സൈബർ ക്രൈം റിപ്പോർട്ടിങ് പോർട്ടലിൽ പരാതി രജിസ്റ്റർ ചെയ്യുകയും ആലപ്പുഴ ജില്ലാ പോലീസ് മേധാവി എം പി മോഹനചന്ദ്രൻ ഐപിഎസിൻ്റെ നിർദ്ദേശപ്രകാരം ആലപ്പുഴ സൈബർ ക്രൈം പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തിവരികയുമായിരുന്നു. 28 തവണകളിലായി ആകെ 70,75,435/- (ഏഴുപത് ലക്ഷത്തി എഴുപത്തി അയ്യായിരത്തി നാനൂറ്റി മുപ്പത്തഞ്ച്) രൂപയാണ് പരാതിക്കാരന് നഷ്ടമായത്. ഇതിൽ 8 ലക്ഷത്തോളം രൂപ നാഷണൽ സൈബർ ക്രൈം റിപ്പോർട്ടിങ് പോർട്ടൽ പ്രകാരം വിവിധ ബാങ്ക് അക്കൗണ്ടുകളിലായി ഹോൾഡ് ചെയ്തിട്ടുള്ളതായി കണ്ടെത്തുകയും ഇതിൽ 4 ലക്ഷത്തോളം രൂപ തിരികെ ലഭിക്കുന്നതിനുള്ള കോടതി നടപടികൾ പൂർത്തിയായിട്ടുള്ളതായും പോലീസ് അറിയിച്ചു. പരാതിക്കാരനിൽ നിന്നും പണം അയച്ചുവാങ്ങിയ ബാങ്ക് അക്കൗണ്ട് ഉടമയാണ് അറസ്റ്റിലായ പ്രതി.
അന്വേഷണത്തിൽ പരാതിക്കാരന് നഷ്‌ടമായ തുകയിൽ 3.3 ലക്ഷം രൂപ പ്രതി തന്റെ ഉപയോഗത്തിലുള്ള ബാങ്ക് അക്കൗണ്ടിലേക്ക് അയച്ചു വാങ്ങിയതായി വെളിവായതിനെ തുടർന്ന് ആലപ്പുഴ സൈബർ ക്രൈം പോലീസ് സ്റ്റേഷൻ ASI അജയകുമാർ എം, സിപിഓ ഗിരീഷ് എസ് ആർ എന്നിവർ പ്രതിക്ക് തമിഴ്നാട് വില്ലുപുരത്തുള്ള പ്രതിയുടെ വാസസ്‌ഥലത്തെത്തി പ്രതിക്ക് നോട്ടീസ് നൽകിയിരുന്നു. തുടർന്ന് ആലപ്പുഴ സൈബർ ക്രൈം പോലീസ് സ്റ്റേഷനിൽ ഹാജരായ പ്രതിയെ ചോദ്യം ചെയ്ത ശേഷം ആലപ്പുഴ സൈബർ ക്രൈം പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. പരാതിക്കാരനിൽ നിന്ന് അയച്ചുവാങ്ങിയ പണം ഉടൻതന്നെ പ്രതി മറ്റു വിവിധ ബാങ്ക് അക്കൗണ്ടുകളിലേക്ക് കൈമാറ്റം ചെയ്തിരുന്നതായും അന്വേഷണത്തിൽ വെളിവായിട്ടുണ്ട്. തമിഴ്നാട് സ്വദേശികളായ പ്രതിയുടെ സുഹൃത്ത് ആകാശ്, പ്രവീൺ എന്നിവർക്കാണ് പണം കൈമാറിയതെന്ന് പ്രതി പോലീസിനോട് പറഞ്ഞു. ഇവരെക്കുറിച്ചു കൂടുതൽ അന്വേഷിച്ചുവരികയാണെന്ന് ആലപ്പുഴ സൈബർ ക്രൈം പോലീസ് അറിയിച്ചു.
ആലപ്പുഴ ഡിസിആർബി ഡിവൈഎസ്പി എം. എസ് സന്തോഷിന്റെ മേൽനോട്ടത്തിൽ ആലപ്പുഴ സൈബർ ക്രൈം പോലീസ് സ്റ്റേഷൻ ഇൻസ്‌പെക്ടർ ഏലിയാസ് പി ജോർജ്ജിന്റെ നേതൃത്വത്തിൽ അന്വേഷണം നടത്തിയ കേസിൽ ആലപ്പുഴ സൈബർ ക്രൈം പോലീസ് സ്റ്റേഷൻ അസിസ്റ്റന്റ് സബ് ഇൻസ്‌പെക്ടർ അജയകുമാർ എം, സിപിഓമാരായ ഗിരീഷ് എസ് ആർ, അഖിൽ ആർ എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്. ഈ കേസിലേക്ക് പുന്നപ്ര സ്വദേശിയായ പ്രവീൺദാസ് എന്നയാളെയും തമിഴ്നാട് കോയമ്പത്തൂർ സ്വദേശിയെയും ആലപ്പുഴ സൈബർ ക്രൈം പോലീസ് മുൻപ് അറസ്റ്റ് ചെയ്തിരുന്നു. ബാങ്ക് അക്കൗണ്ടുകൾ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിൽ ഈ കേസിൽ പഞ്ചാബ്, ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ്, തമിഴ്നാട്, മഹാരാഷ്ട്ര മുതലായ സംസ്‌ഥാനക്കാരായ പ്രതികളെക്കുറിച്ചു അന്വേഷണം നടത്തിവരുന്നതായി ആലപ്പുഴ സൈബർ ക്രൈം പോലീസ് ഇൻസ്‌പെക്ടർ അറിയിച്ചു.
