ഗവർണർക്കെതിരെ സംസ്ഥാന വ്യാപകമായി എസ്എഫ്ഐ പ്രതിഷേധം

0
sfiiii

എസ്എഫ്ഐ സമരത്തിന് പൂർണ്ണ പിന്തുണ പ്രഖ്യാപിച്ച്‌ സിപിഎം

 

തിരുവനന്തപുരം:ഗവർണർക്കെതിരെ സംസ്ഥാന വ്യാപകമായി എസ്എഫ്ഐ സർവകലാശാലകളിലേക്ക് നടത്തിയ പ്രതിഷേധ പ്രകടനങ്ങൾ അക്രമാസക്തമായി. കേരള, എംജി, കാലിക്കറ്റ്, കണ്ണൂർ സർവകലാശാലകളിലേക്കാണ് വിദ്യാർഥികൾ മാർച്ച് നടത്തിയത്. കേരള സർവകലാശാല ആസ്ഥാനത്ത് പൊലീസും വിദ്യാർഥികളും തമ്മിൽ ഉന്തും തള്ളുമുണ്ടായി.

രാവിലെ 12 മണിയോടെ തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജിൽനിന്നും കേരള സർവകലാശാല ആസ്ഥാനത്തേക്ക് എസ്എഫ്ഐ സംസ്ഥാന പ്രസിഡൻ്റ് എം ശിവപ്രസാദിൻ്റെ നേതൃത്വത്തിൽ മാർച്ച് നടന്നു. പൊലീസ് ബാരിക്കേഡ് വച്ച് മാർച്ച് തടഞ്ഞെങ്കിലും പ്രവർത്തകർ പിരിഞ്ഞുപോകാൻ തയാറായില്ല. ‘സംഘി വിസി അറബിക്കടലിൽ’ എന്ന ബാനറുകൾ ഉയർത്തിയായിരുന്നു പ്രതിഷേധം.

നിരവധി തവണ ജലപീരങ്കി പ്രയോഗിച്ചെങ്കിലും ഫലമുണ്ടായില്ല. പ്രവർത്തകർ സർവകലാശാല ആസ്ഥാനത്തേക്ക് തള്ളിക്കയറാൻ ശ്രമിച്ചു. പ്രധാന കെട്ടിടത്തിലേക്കുള്ള എല്ലാ പ്രവേശന വാതിലുകളിലൂടെയും ഗേറ്റ് ചാടികടന്നും നൂറുകണക്കിന് പ്രവർത്തകർ ഉള്ളിൽ കടന്നു.സെനറ്റ് ഹാളിലേക്കും വൈസ് ചാൻസലറുടെ മുറിക്ക് മുന്നിലേക്കും തള്ളിക്കയറിയ പ്രവർത്തകർ പടിക്കെട്ടുകളിലിരുന്ന് മുദ്രാവാക്യം വിളിച്ചു. സർവകലാശാല കെട്ടിടത്തിനകത്തും പുറത്തും നിരവധി പ്രവർത്തകരും പൊലീസും തമ്മിൽ കൈയാങ്കളിയുണ്ടായി. ഇതോടെ കൂടുതൽ പൊലീസെത്തി ചിലരെ അറസ്റ്റ് ചെയ്തു നീക്കി. സംഘർഷത്തിനിടെ പൊലീസ് ക്യാമ്പിൽ നിന്നെത്തിയ ഒരു സബ് ഇൻസ്പെക്ടർ പടിക്കെട്ടിൽ നിന്നും താഴെ വീണു. മണിക്കൂറുകൾ നീണ്ട പ്രതിഷേധത്തിനൊടുവിൽ പൊലീസ് പ്രവർത്തകരെ സർവകലാശാല കെട്ടിടത്തിനകത്തുനിന്ന് പുറത്തേക്ക് അനുനയിപ്പിച്ചു. പിന്നീട് പ്രധാന കെട്ടിടത്തിന് മുന്നിലിരുന്ന് പ്രവർത്തകർ പ്രതിഷേധം തുടർന്നു.

കാലിക്കറ്റ് സർവകലാശാലയിലേക്ക് എസ്എഫ്ഐ നടത്തിയ മാർച്ചിലും വിദ്യാർഥി പ്രതിഷേധം ശക്തമായി. പ്രകടനമായെത്തിയ നൂറുകണക്കിന് പ്രവർത്തകരെ ബാരിക്കേഡ് ഉപയോഗിച്ച് പൊലീസ് തടയാൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. മാർച്ചിൽ സംഘർഷമുണ്ടായി.

കാലിക്കറ്റ് സർവകലാശാലയിലേക്ക് ഗസ്റ്റ് ഹൗസ് പരിസരത്ത് നിന്നാരംഭിച്ച മാർച്ച് ഭരണ വിഭാഗത്തിന് മുന്നിൽവച്ച് കൊണ്ടോട്ടി ഡിവൈഎസ്‌പി സന്തോഷ് കുമാറിൻ്റെ നേതൃത്വത്തിൽ തടഞ്ഞു. ഏറെ നേരം പൊലീസും പ്രവർത്തകരും തമ്മിൽ ബലപ്രയോഗമുണ്ടായി. മാർച്ച് എസ്എഫ്ഐ സംസ്ഥാന ജോയിൻ്റ് സെക്രട്ടറി മുഹമ്മദ് സാദിഖ് ഉദ്ഘാടനം ചെയ്തു.

 പ്രതിഷേധവുമായി എസ്എഫ്ഐ കണ്ണൂരിലും കോഴിക്കോടും എത്തി. കണ്ണൂർ സർവകലാശാല ആസ്ഥാനത്ത് എസ്എഫ്ഐ നടത്തിയ മാർച്ച് സംഘർഷത്തിൽ കലാശിച്ചു. കണ്ണൂരിലെ പ്രതിഷേധ മാർച്ച് പൊലീസ് ബാരിക്കേഡ് ഉപയോഗിച്ച് തടഞ്ഞെങ്കിലും പ്രവർത്തകർ പിന്മാറാൻ തയാറായില്ല. പൊലീസ് ജലപീരങ്കി പ്രയോഗിച്ചിട്ടും ഫലമുണ്ടായില്ല. പ്രവർത്തകർ പിരിഞ്ഞുപോകാതെ സ്ഥലത്ത് തുടർന്നു.

പിന്നാലെ ബാരിക്കേഡ് മറികടന്ന് ഒരു വിഭാഗം പ്രവർത്തകർ സർവകലാശാല ആസ്ഥാനത്തിനകത്തേക്ക് പ്രവേശിച്ചു. സർവകലാശാലയുടെ ഗേറ്റിന് അകത്തും പുറത്തും നിന്ന് പ്രവർത്തകർ മുദ്രാവാക്യം മുഴക്കി. സർവകലാശാലകളെ കാവിവൽക്കരിക്കുന്നുവെന്ന് ആരോപിച്ചാണ് ഗവർണർക്കെതിരെ എസ്എഫ്ഐ പ്രതിഷേധം നടത്തുന്നത്. കഴിഞ്ഞദിവസം കണ്ണൂരിലെത്തിയ ഗവർണർ വൈസ് ചാൻസലറുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. കാലിക്കറ്റ് സർവകലാശാലയിലേക്ക് എസ്എഫ്ഐ നടത്തിയ മാർച്ചും സംഘർഷത്തിൽ കലാശിച്ചു. പൊലീസ് മാർച്ച് തടഞ്ഞെങ്കിലും പ്രവർത്തകർ പിരിഞ്ഞുപോയില്ല. ഉന്തും തള്ളുമുണ്ടായി. പ്രതിഷേധം ശക്തമായി തുടരുകയാണ്. പിരിഞ്ഞുപോകാൻ തയാറാവാതെ പ്രവർത്തകർ സ്ഥലത്ത് തന്നെ തമ്പടിച്ചിരിക്കുകയാണ്. പൊലീസും പ്രവർത്തകരും നേർക്കുനേർ നിൽക്കുന്ന സാഹചര്യമാണുള്ളത്.

കേരള സർവകലാശാല ആസ്ഥാനത്തേക്ക് എസ്എഫ്ഐ നടത്തിയ മാർച്ച് സംഘർഷാവസ്ഥയിലേക്ക് കടന്നതോടെ സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പ്രവർത്തകരെ കാണാനെത്തി. സമരത്തിന് പാർട്ടിയുടെ പൂർണ പിന്തുണയുണ്ടെന്ന് എസ്എഫ്ഐ നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയശേഷം എം വി ഗോവിന്ദൻ മാധ്യമങ്ങളോട് പറഞ്ഞു. എന്ത് തോന്നിവാസവും നടത്തിയിട്ട് അത് വിദ്യാഭ്യാസത്തിൻ്റെ ഭാഗമാണെന്ന് പറയുന്നത് അംഗീകരിക്കാനാകില്ലെന്നും ആർഎസ്എസ് തിട്ടൂരമനുസരിച്ച് പ്രവർത്തിക്കാൻ അനുവദിക്കില്ലെന്നും എം വി ഗോവിന്ദൻ വ്യക്തമാക്കി.

Spread the love

Leave a Reply

Your email address will not be published. Required fields are marked *