“സ്കൂൾ സമയമാറ്റം; നിലവിലെ തീരുമാനത്തിൽ നിന്ന് സർക്കാർ പിന്നോട്ടില്ല”: മന്ത്രി വി ശിവൻകുട്ടി

തിരുവനന്തപുരം: രാവിലെയും വൈകിട്ടും 15 മിനിറ്റ് നേരം സ്‌കൂൾ സമയം കൂട്ടിയ സർക്കാർ തീരുമാനത്തിൽ മാറ്റമില്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. മന്ത്രിയുടെ നേതൃത്വത്തിൽ മാനേജ്‌മെൻ്റുകളും മത സംഘടനകളുമായി നടത്തിയ ചർച്ചയിൽ പല അഭിപ്രായങ്ങളും ഉയർന്നുവെന്നും എല്ലാവരെയും സ്‌കൂൾ സമയമാറ്റം പറഞ്ഞു ബോധ്യപ്പെടുത്തിയെന്നും വിദ്യാഭ്യാസ മന്ത്രി പറഞ്ഞു.
സമസ്തയ്ക്ക് താൻ പ്രത്യേകിച്ചു ഉറപ്പുകളൊന്നും കൊടുത്തിട്ടില്ല. പ്രതിഷേധങ്ങളും പരാതികളും ലഭിച്ചിരുന്നു. പ്രതിഷേധങ്ങളും പരാതികളുമായി മുന്നോട്ടു പോകാൻ താത്പര്യമില്ല. ഏതു സാഹചര്യത്തിലാണ് തീരുമാനം എടുത്തതെന്ന് ചർച്ചയിൽ വിശദീകരിച്ചു. ഭൂരിപക്ഷവും സർക്കാർ തീരുമാനത്തിനൊപ്പമായിരുന്നു. കോടതി നിർദേശ പ്രകാരമാണ് സമയമാറ്റം പുനഃക്രമീകരിച്ചതെന്നും മന്ത്രി പറഞ്ഞു.
അക്കാദമിക് കലണ്ടർ സംബന്ധിച്ച് മാത്രമല്ല ഏതു പരാതിയും അടുത്ത അക്കാദമിക് വർഷത്തിൽ പരിഗണിക്കാം. പരാതിക്കാർക്ക് കോടതിയെ സമീപിക്കാനുള്ള അവകാശമുണ്ട്. താൻ പറഞ്ഞില്ലെങ്കിൽ പോലും അവർക്കതറിയാമെന്നും മന്ത്രി വിശദീകരിച്ചു.
ഹൈക്കോടതിയിൽ എറണാകുളം ബീട്ടൂർ എബനൈസർ എച്ച്എസിലെ പിറ്റിഎയും മാനേജരും കൂടി ഫയൽ ചെയ്ത റിട്ട് ഹർജിയിൽ പുറപ്പെടുവിച്ച ഉത്തരവ് പ്രകാരം അധ്യയന വർഷം 220 പ്രവൃത്തി ദിനം വേണമെന്ന ഹർജിക്കാരൻ്റെ ആവശ്യത്തിന്‍മേല്‍ ചട്ടങ്ങൾ പ്രകാരം തീരുമാനമെടുക്കാൻ പൊതു വിദ്യാഭ്യാസ ഡയറക്ടറോട് കോടതി നിർദ്ദേശിച്ചു. ഇതിൻ്റെ അടിസ്ഥാനത്തിൽ പൊതു വിദ്യാഭ്യാസ ഡയറക്ടർ ഹർജിക്കാരനെ കേൾക്കുകയും 2024 ഏപ്രിൽ 25ന് ഉത്തരവ് പുറപ്പെടുവിക്കുകയും ചെയ്തു. ഉത്തരവ് പ്രകാരം വരും വർഷങ്ങളിൽ നിയമനാനുസൃതമായ പ്രവൃത്തി ദിനങ്ങൾ കലണ്ടറിൽ ഉൾപ്പെടുത്താമെന്ന് തീരുമാനിച്ചു. എന്നാൽ ഹർജിക്കാരൻ കോടതി അലക്ഷ്യ ഹർജി ഫയൽ ചെയ്തു. ഇവയുടെ അടിസ്ഥാനത്തിൽ 220 പ്രവൃത്തി ദിനങ്ങൾ തികയ്ക്കുന്നതിനായി 25 ശനിയാഴ്ചകൾ കൂടി ഉൾപ്പെടുത്തി 2024 – 25 വർഷത്തിലെ അക്കാദമിക് കലണ്ടർ പ്രസിദ്ധീകരിച്ചതെന്നു മന്ത്രി തിരുവനന്തപുരത്ത് നടത്തിയ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.