ഗുജറാത്തിലെ സർദാർ പട്ടേൽ പ്രതിമയിൽ വിള്ളലോ?
സ്റ്റാച്യു ഓഫ് യൂണിറ്റി (സർദാർ പട്ടേൽ) എന്ന പേരിൽ അഞ്ചു വർഷം മുൻപ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഗുജറാത്തിൽ ഒരു പ്രതിമ അനാച്ഛാദനം ചെയ്തപ്പോൾ അത് രാജ്യത്തുണ്ടാക്കിയ വിവാദങ്ങളും കോലാഹലങ്ങളും ചെറുതല്ലായിരുന്നു. ഇതിനിടെ 200 കോടി രൂപയോളം മുടക്കി നിർമിച്ച മഹാരാഷ്ട്രയിലെ സിന്ധുദുർഗ് ജില്ലയിൽ മാൾവാന് സമീപം രാജ്‌കോട്ട് കോട്ടയിൽ സ്ഥാപിച്ചിരുന്ന ഛത്രപതി ശിവജി പ്രതിമ പ്രധാനമന്ത്രി അനാഛാദനം ചെയ്ത് ഒരു വർഷം തികയും മുൻപേ തകർന്നതും വലിയ രാഷ്ട്രീയ പോരുകൾക്ക് തിരികൊളുത്തി.
നിർമാണത്തിലെ അഴിമതിയാണ് പ്രതിമയുടെ തകർച്ചയ്ക്ക കാരണമെന്നാണ് ആരോപണം. ഇപ്പോൾ വീണ്ടും മൂവായിരം കോടി രൂപ ചിലവഴിച്ച് ഗുജറാത്തിലെ നര്‍മ്മദ ജില്ലയിൽ നിർമ്മിച്ച പട്ടേൽ പ്രതിമയാണ് സമൂഹമാധ്യമങ്ങളിൽ നിറയുന്നത്. സർദാർ പട്ടേൽ പ്രതിമയിൽ വിള്ളലുണ്ടെന്നും ഉടൻ തകരുമെന്നുമുള്ള അവകാശവാദത്തോടെയാണ് പോസ്റ്റുകൾ പ്രചരിക്കുന്നത്. എന്നാൽ പോസ്റ്റുകൾ വ്യാജമാണെന്ന് അന്വേഷണത്തിൽ കണ്ടെത്തി.
∙ അന്വേഷണം
അത് മോദിജിയുടെ അനശ്വരതയാണ്. എപ്പോൾ വേണമെങ്കിലും വീഴാം. വിള്ളലുകൾ രൂപപ്പെടാൻ തുടങ്ങി എന്ന കുറിപ്പിനൊപ്പമാണ് പോസ്റ്റുകൾ പ്രചരിക്കുന്നത്.പോസ്റ്റ് കാണാം.
സർദാർ പട്ടേൽ പ്രതിമയുടെ രണ്ട് ചിത്രങ്ങളാണ് വൈറൽ പോസ്റ്റുകളിൽ പ്രചരിക്കുന്നത്. പൂർണ്ണകായ പ്രതിമയുടെ ഒരു ചിത്രവും മറ്റൊന്ന് പ്രതിമയുടെ കാലുകളുടെ ഭാഗം മാത്രവുമാണ്.പ്രതിമയുടെ കാലിന്റെ ഭാഗമുള്ള ചിത്രത്തിൽ വിള്ളലുകളും കാണാം.
ചിത്രങ്ങൾ റിവേഴ്സ് ഇമേജ് സെർച്ചിന്റെ സഹായത്തോടെ പരിശോധിച്ചപ്പോൾ ഞങ്ങൾക്കു ലഭിച്ച ചില റിപ്പോർട്ടുകളിൽ നിർമാണത്തൊഴിലാളികൾ പട്ടേൽ പ്രതിമയുടെ അവസാനവട്ട മിനുക്കുപണികൾ നടത്തുന്നു എന്ന കുറിപ്പിനൊപ്പം ചിത്രം പ്രചരിക്കുന്നത് ശ്രദ്ധയിൽപ്പെട്ടു. 2018 ഒക്ടോബറിലേതാണ് ഈ ചിത്രം.
ഉയരം 182 മീറ്റർ, ചെലവ് 2063 കോടി, ന്യൂയോർക്കിലെ സ്റ്റാച്യു ഓഫ് ലിബർട്ടിയുടെ രണ്ടിരട്ടി വലിപ്പം ഉപയോഗിച്ചത് 70,000 ടൺ സിമന്റ്, 6000 ടൺ സ്റ്റീൽ, പ്രതിമയ്ക്കുള്ളിൽ നിരവധി ഓഫീസുകൾ പ്രതിമയ്ക്കുള്ളിലൂടെയുള്ള ലിഫ്റ്റിൽ ഹൃദയഭാഗത്ത് എത്തിയാൽ കാഴ്ചകൾ കാണാൻ വിശാലമായ ഗ്യാലറി 200 പേർക്ക് ഒരേ സമയം ഗ്യാലറിയിൽ നിൽക്കാം ഏറ്റവും മികച്ച അണ്ടർ വാട്ടർ അക്വേറിയം എന്നിവയാണ് ഏകതാ പ്രതിമയുടെ സവിശേഷതകൾ. 210,000 ക്യുബിക് മീറ്റർ സിമന്റ് കോൺക്രീറ്റും 6,500 ടൺ സ്ട്രക്ചറൽ സ്റ്റീലും 18,500 ടൺ ഉരുക്കും ഈ നിർമ്മിതിയിൽ ഉപയോഗിച്ചിട്ടുണ്ട്.ഇത് കൂടാതെ ഏകദേശം ആറായിരത്തി അഞ്ഞൂറോളം വെങ്കല പാനലുകളും ഇതിൽ പതിച്ചിട്ടുണ്ട്.
ഇത്തരത്തിൽ സ്ഥാപിച്ച പാനലുകളിൽ നിർമ്മാണ തൊഴിലാളികൾ പ്രതിമയുടെ അനാച്ഛാദനത്തിനു മുൻപ് അവസാനവട്ട മിനുക്കുപണികൾ നടത്തുന്നതിനിടെ പകർത്തിയ ചിത്രമാണ് തെറ്റായി പ്രചരിക്കുന്നതെന്ന് ലഭ്യമായ വിവരങ്ങളിൽ നിന്ന് വ്യക്തമാണ്.
പിന്നീട് ഞങ്ങൾ ഏകതാ പ്രതിമയുടെ ഔദ്യോഗിക സമൂഹമാധ്യമ പേജ് പരിശോധിച്ചപ്പോൾ പ്രചാരണം വ്യാജമാണെന്ന് വ്യക്തമാക്കി അധികൃതർ നൽകിയ അറിയിപ്പ് ഞങ്ങൾക്ക് ലഭിച്ചു.പോസ്റ്റ് കാണാം
വ്യാജ വാർത്തകൾ സൂക്ഷിക്കുക!#raga4india ഷെയർ ചെയ്ത #StatueofUnity യുടെ ചിത്രങ്ങൾ നിർമ്മാണ കാലഘട്ടത്തിലുള്ളതാണെന്നും, വിള്ളലുകൾ കാണിക്കുന്ന ചിത്രങ്ങൾ തെറ്റായി പ്രചരിക്കുന്നത് ശ്രദ്ധയിൽപെട്ടിട്ടുണ്ട്.
വിശ്വസിക്കുന്നതിനോ പങ്കിടുന്നതിനോ മുമ്പായി എപ്പോഴും വസ്തുതകൾ പരിശോധിക്കുക. #StatueOfUnity സത്യത്തിൽ തലയുയർത്തി നിൽക്കുന്നു-നമുക്ക് അത് അങ്ങനെ തന്നെ നിലനിർത്താം . അറിഞ്ഞിരിക്കുക,വ്യാജ വാർത്തകളിൽ നിന്ന് അകന്നിരിക്കുക എന്ന കുറിപ്പിനൊപ്പമാണ് അറിയിപ്പ് നൽകിയിരിക്കുന്നത്.
∙ വസ്തുത
പ്രചാരണം വ്യാജമാണ്. പട്ടേല്‍ പ്രതിമയുടെ അനാച്ഛാദനത്തിനു മുൻപ് നിർമ്മാണ തൊഴിലാളികൾ അവസാനവട്ട മിനുക്കുപണികൾ നടത്തുന്നതിനിടെ പകർത്തിയ ചിത്രമാണ് തെറ്റായി പ്രചരിക്കുന്നത്.