ശബരിമല സ്വർണക്കടത്ത്: പിന്നിൽ ആരൊക്കെ ഉണ്ടെങ്കിലും അറസ്റ്റ് വേണം- ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത്

പത്തനംതിട്ട : ശബരിമല സ്വർണക്കടത്തിനു പിന്നിൽ ആരൊക്കെ ഉണ്ടെങ്കിലും അറസ്റ്റ് ചെയ്യണമെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത്. മുരാരി ബാബുവിന്റെയും ഉണ്ണിക്കൃഷ്ണൻ പോറ്റിയുടെയും ആഗ്രഹപ്രകാരം ഇപ്പോഴത്തെ ബോർഡ് ഒരിക്കലും പ്രവർത്തിച്ചിട്ടില്ലെന്നും പ്രശാന്ത് പറഞ്ഞു. മുരാരി ബാബു മാത്രമല്ല, ഇതിൽ പെട്ടിരിക്കുന്ന എല്ലാ ഉദ്യോഗസ്ഥരെയും അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്യണമെന്നാണ് ദേവസ്വം ബോർഡ് നിലപാട് സ്വീകരിച്ചിട്ടുള്ളത്. സ്വർണക്കൊള്ള കേസില്‍ ശബരിമല മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ മുരാരി ബാബുവിനെ ഇന്ന് രാവിലെയാണ് അറസ്റ്റ് ചെയ്തത്. ഇന്നലെ രാത്രി 10 മണിക്കാണ് പെരുന്നയിലെ വീട്ടിൽ വെച്ച് മുരാരി ബാബുവിനെ കസ്റ്റഡിയിലെടുത്തത്. പിന്നാലെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയക്കിയാണ് അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്. കേസിലെ രണ്ടാം പ്രതിയാണ് ഇയാൾ. വൈദ്യ പരിശോധനയ്ക്ക് ശേഷം ഇന്ന് തന്നെ മുരാരി ബാബുവിനെ കോടതിയില്‍ ഹാജരാക്കും.