ആരും തടഞ്ഞില്ല: രജിസ്ട്രാര്‍ ഓഫിസില്‍

തിരുവനന്തപുരം: വൈസ് ചാന്‍സലറുടെ വിലക്ക് തള്ളിക്കളഞ്ഞ്, രജിസ്ട്രാര്‍ ഡോ. കെ എസ് അനില്‍കുമാര്‍ കേരള സര്‍വകലാശാല ആസ്ഥാനത്തെത്തി. അനില്‍ കുമാര്‍ എത്തിയാല്‍ തടയാന്‍ സുരക്ഷ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍ ഈ വിലക്കുകളെയെല്ലാം മറികടന്നാണ് രജിസ്ട്രാര്‍ അനില്‍കുമാര്‍ സര്‍വകലാശാലയിലെ ഓഫീസില്‍ പ്രവേശിച്ചത്. കോടതി വിധിയുടെ അടിസ്ഥാനത്തിലാണ് താന്‍ പ്രവര്‍ത്തിക്കുന്നത്. നിയമം നിയമത്തിന്റെ വഴിക്ക് പോകുമെന്ന് ഡോ. കെ എസ് അനില്‍കുമാര്‍ പറഞ്ഞു.
രജിസ്ട്രാര്‍ സസ്‌പെന്‍ഷനിലാണെന്നും ഓഫീസില്‍ ഹാജരാവുന്നത് നിയമവിരുദ്ധമാണെന്നും ചൂണ്ടിക്കാട്ടി താത്കാലിക വിസി ഡോ. സിസാ തോമസ് ചൊവ്വാഴ്ച രാത്രി അനില്‍കുമാറിന് നോട്ടീസ് നല്‍കിയിരുന്നു. തന്നെ നിയമിച്ച സിന്‍ഡിക്കേറ്റ് സസ്‌പെന്‍ഷന്‍ റദ്ദാക്കിയിട്ടുണ്ടെന്നും പദവിയില്‍ തുടരാന്‍ നിയമപരമായി തടസ്സമില്ലെന്നും നോട്ടീസിന് രജിസ്ട്രാർ അനിൽകുമാർ മറുപടി നല്‍കിയിരുന്നു. അതേസമയം, ഡോ. മിനി കാപ്പന് രജിസ്ട്രാര്‍ ചുമതല നല്‍കി കൊണ്ട് വൈസ് ചാന്‍സലര്‍ മോഹന്‍ കുന്നുമ്മേല്‍ ഉത്തരവിറക്കിയിരുന്നു.