പൊതുവിദ്യാലയങ്ങളില്‍ കുട്ടികളുടെ എണ്ണം കുറഞ്ഞത്;വിഷയം നിയമസഭയില്‍ ഉന്നയിച്ച് പ്രതിപക്ഷം
തിരുവനന്തപുരം : കേരളത്തിൽ പൊതുവിദ്യാലയങ്ങളില്‍ വിദ്യാര്‍ഥികളുടെ എണ്ണം കുറയുന്ന വിഷയം നിയമസഭയില്‍ ഉന്നയിച്ച് പ്രതിപക്ഷം. സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകളില്‍ ഒന്നാം ക്ലാസില്‍ ചേര്‍ന്ന കുട്ടികളുടെ എണ്ണത്തില്‍ മുന്‍വര്‍ഷത്തേക്കാള്‍ 7163 പേരുടെ കുറവുണ്ടായതായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ ചൂണ്ടിക്കാട്ടി. ഇതില്‍ 6929 എണ്ണവും കുറഞ്ഞത് സര്‍ക്കാര്‍ സ്‌കൂളുകളിലാണ്. എയ്ഡഡ് സ്‌കൂളുകളിൽ 235 പേരുടെ കുറവു മാത്രമാണ് ഉണ്ടായത്. സാധാരണയായി സിബിഎസ്ഇ പത്താം ക്ലാസ് കഴിഞ്ഞ് ഒരു വലിയ വിഭാഗം കുട്ടികള്‍ സ്‌റ്റേറ്റ് സിലബസിലേക്കു മാറിയിരുന്നു. ഇപ്പോള്‍ അതിന്റെ എണ്ണവും കുറഞ്ഞിരിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി.
എന്നാല്‍ കുട്ടികളുടെ എണ്ണത്തില്‍ വന്‍തോതിലുള്ള കുറവൊന്നും ഉണ്ടായിട്ടില്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി പറഞ്ഞു. ഒന്നാം ക്ലാസില്‍ ചേര്‍ന്ന കുട്ടികളുടെ എണ്ണം കുറഞ്ഞിട്ടുണ്ട്. 2024-25 അധ്യയന വര്‍ഷത്തില്‍ ആറാം പ്രവൃത്തിദിനത്തിലെ കണക്കനുസരിച്ച് സര്‍ക്കാര്‍, എയ്ഡഡ്, അണ്‍എയ്ഡഡ് സ്‌കൂളുകളില്‍ ആകെ ഒന്നു മുതല്‍ പത്തു വരെ ക്ലാസുകളിലായി 36,43,607 കുട്ടികളാണു പഠിക്കുന്നത്. ഒന്നാം ക്ലാസില്‍ ആകെ പ്രവേശനം നേടിയത് 2,98,848 കുട്ടികളാണ്. കഴിഞ്ഞ അധ്യയന വര്‍ഷത്തേക്കാള്‍ അണ്‍എയ്ഡഡ് മേഖലയില്‍ ഉള്‍പ്പെടെ 781 കുട്ടികള്‍ കൂടുതലാണ്. സര്‍ക്കാര്‍ സ്‌കൂളുകളില്‍ 8, 9, 10 ക്ലാസുകളില്‍ കുട്ടികളുടെ എണ്ണത്തില്‍ വര്‍ധനവുണ്ടായിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
സര്‍ക്കാര്‍ സ്‌കൂളുകളില്‍ 92,638 പേരും എയ്ഡഡ് സ്‌കൂളുകളില്‍ 1,58,348 പേരും അണ്‍ എയ്ഡഡ് സ്‌കൂളുകളില്‍ 47,862 പേരുമാണ് ഇത്തവണ ഒന്നാം ക്ലാസില്‍ ചേര്‍ന്നിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം ഇതു യഥാക്രമം 99,566, 1,58,583, 39,918 എന്നിങ്ങനെയായിരുന്നു. കേരള സിലബസ് പിന്തുടരുന്ന അണ്‍ എയ്ഡഡ് സ്‌കൂളുകളിലെ ഒന്നാം ക്ലാസില്‍ മുന്‍ വര്‍ഷത്തെക്കാള്‍ 7944 പേര്‍ വര്‍ധിച്ചു.
കോവിഡ് കാലത്തിനു തൊട്ടുപിന്നാലെ സ്‌കൂളുകള്‍ അടഞ്ഞു കിടന്ന കാലത്താണ് സംസ്ഥാന സിലബസ് സ്‌കൂളുകളിലേക്ക് കൂടുതല്‍ കുട്ടികള്‍ പ്രവേശനം നേടിയത്. കേന്ദ്ര സിലബസ് സ്‌കൂളുകളില്‍ നിന്നടക്കം കുട്ടികള്‍ പൊതുവിദ്യാലയങ്ങളിലേക്ക് ഒഴുകി. എന്നാല്‍, സ്‌കൂളുകളുടെ പ്രവര്‍ത്തനം വീണ്ടും സാധാരണ നിലയിലായതോടെ ഈ ഒഴുക്ക് വീണ്ടും വിപരീത ദിശയിലായെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. കേന്ദ്ര സിലബസ് സ്‌കൂളുകളിലും ഓരോ വര്‍ഷവും കുട്ടികളുടെ എണ്ണം കുറഞ്ഞു വരുന്നതായാണ് സര്‍ക്കാര്‍ ശേഖരിച്ച കണക്കുകള്‍ വ്യക്തമാക്കുന്നത്.