2.28 കോടി പേര്‍ പങ്കെടുത്ത PTA യോഗം ഗിന്നസിലേക്ക് , യോഗം നടന്നത് സര്‍ക്കാര്‍ സ്‌കൂളിൽ

കോതചെരുവ്/അമരാവതി: അധ്യാപക രക്ഷാകര്‍തൃ പങ്കാളിത്തം കൊണ്ട് ഒരു ‘പിടിഎ യോഗം’ ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡില്‍ ഇടംപിടിച്ചിരിക്കുന്നു. ആന്ധ്രാപ്രദേശിലെ ശ്രീ സത്യസായി ജില്ലയിലുള്ള കോതച്ചെരുവിലെ ജില്ലാ പരിഷത്ത് വിദ്യാലയത്തിലാണ് മെഗാ അധ്യാപക -രക്ഷകര്‍തൃ സംഗമത്തിലൂടെ ലോക ശ്രദ്ധപിടിച്ചുപറ്റിയിരിക്കുന്നത് . മുഖ്യമന്ത്രി എന്‍ ചന്ദ്രബാബു നായിഡു യോഗത്തില്‍ മുഖ്യാതിഥി ആയി പങ്കെടുത്തു.
അതിഥിയായെന്ന് മാത്രമല്ല അദ്ദേഹം എട്ടാം ക്ലാസ് വിദ്യാര്‍ഥികള്‍ക്ക് ക്ലാസ് എടുക്കുകയും ചെയ്‌തു. ‘വിഭവങ്ങള്‍ ‘എന്ന വിഷയത്തിലായിരുന്നു ക്ലാസ്. സംസ്ഥാന വിവര സാങ്കേതിക- വിദ്യാഭ്യാസ മന്ത്രി എന്‍ ലോകേഷ് കുട്ടികള്‍ക്കൊപ്പമിരുന്ന് ക്ലാസ് ശ്രദ്ധിച്ചു. ക്ലാസിന് ശേഷം മുഖ്യമന്ത്രി കുട്ടികളോട് ചില ചോദ്യങ്ങള്‍ ചോദിക്കുകയും അവരുടെ സംശയങ്ങള്‍ക്ക് മറുപടി നല്‍കുകയും ചെയ്‌തു.
2.28 കോടി പേരാണ് യോഗത്തില്‍ പങ്കെടുത്തത്. 74,96,228 വിദ്യാര്‍ത്ഥികളും 3,32,770 അധ്യാപകരും 1,49,92,456 രക്ഷിതാക്കളും സംസ്ഥാനത്ത് എമ്പാടും നിന്നായി യോഗത്തില്‍ പങ്കെടുത്തു.
ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് നേടാനായി പങ്കെടുക്കുന്ന ഓരോ വിദ്യാലയങ്ങള്‍ക്കും രജിസ്‌ട്രേഷന്‍ നിര്‍ബന്ധമാക്കിയിരുന്നു. ലീപ് ആപ്പ് വഴിയായിരുന്നു രജിസ്ട്രേഷന്‍.
മുഖ്യമന്ത്രി പിന്നീട് പരിപാടിക്കെത്തിയ രക്ഷിതാക്കളുമായും ആശയവിനിമയം നടത്തി. കുട്ടികളുടെ പഠനത്തെക്കുറിച്ച് അദ്ദേഹം അവരോട് കാര്യങ്ങള്‍ ചോദിച്ചറിഞ്ഞു. ചില കുട്ടികളുടെ പോഗ്രസ് കാര്‍ഡുകളും അദ്ദേഹം പരിശോധിച്ചു.
പരിപാടിയില്‍ വച്ച് കുട്ടികള്‍ സ്വന്തം അമ്മമാരുടെ പേരില്‍ വൃക്ഷത്തൈകള്‍ നട്ടുപിടിപ്പിച്ചതും ഏറെ ശ്രദ്ധേയമായി. കുട്ടികളില്‍ പ്രകൃതിയോട് ആദരവ് വളര്‍ത്താനും പരിസ്ഥിതി ബോധമുണ്ടാക്കാനുമായാണ് ഇത്തരമൊരു പരിപാടി സംഘടിപ്പിച്ചത്. ഇവര്‍ക്ക് ഗ്രീന്‍ പാസ്‌പോര്‍ട്ടുകള്‍ എന്ന പേരില്‍ സര്‍ട്ടിഫിക്കറ്റുകളും നല്‍കി.
2023 ഡിസംബറില്‍ സംസ്ഥാനത്തെമ്പാടും നിന്നുമായി ഒരു കോടി പേര്‍ പങ്കെടുത്ത മെഗാ അധ്യാപക-രക്ഷാകര്‍തൃ സംഗമം നടന്നിരുന്നു. ഏതൊരു സംസ്ഥാനത്തിനും മാതൃകയാക്കാവുന്ന ഒരു പരിപാടിയാണിത്. അധ്യാപകരെയും രക്ഷിതാക്കളെയും വിളിച്ച് കൂട്ടി അവരുടെ പ്രശ്‌നങ്ങളും മറ്റും ചോദിച്ചറിയാനും അവയ്ക്ക് പരിഹാര നിര്‍ദ്ദേശങ്ങള്‍ക്കുമുള്ള ഒരിടമുണ്ടാകുന്നത് നന്നായിരിക്കും. ഒപ്പം പരിസ്ഥിതി, ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍, ഗതാഗത നിയമങ്ങള്‍ തുടങ്ങിയവയെക്കുറിച്ച് കുട്ടികള്‍ക്ക് വിദഗ്ദ്ധര്‍ നയിക്കുന്ന ഒരു ക്ലാസ് കൂടി സംഘടിപ്പിച്ചാല്‍ ഏറെ നന്നായിരിക്കും.