ജാമ്യത്തിലിറങ്ങി പ്രതാപൻ തുടങ്ങിയത് ഹൈറിച്ച്
തൃശൂർ : സാമ്പത്തിക തട്ടിപ്പു കേസിൽ ഒരിക്കൽ ജയിലിൽ പോയ കമ്പനി ഉടമ വീണ്ടും നിക്ഷേപകർ വിശ്വസിച്ചതെന്തുകൊണ്ട് ? ഈ ചോദ്യത്തിനുള്ള ഉത്തരമാണ് ഹൈറിച്ച് മാനേജിങ് ഡയറക്ടർ കെ.ഡി. പ്രതാപന്റെ മൂലധനം. ആരെയും വീഴ്ത്തുന്ന സംസാരം, ആരും വിശ്വസിക്കുന്ന വാഗ്ദാനങ്ങൾ, പ്രതാപന്റെ കമ്പനിയുടെ വളർച്ച ഈ വഴിയിലായിരുന്നു. ആരെയും മോഹിപ്പിക്കുന്ന ലാഭ വിഹിതമാണ് പ്രതാപൻ കൊടുത്തിരുന്നത് ! ഏതു വ്യവസായ സംരംഭകരെയും മോഹിപ്പിക്കുന്ന വളർച്ചയായിരുന്നു പ്രതാപന്റെ കമ്പനികളുടേതും. സാമ്പത്തിക തട്ടിപ്പ് കേസിൽ ഹൈറിച്ച് എംഡി കെ.ഡി പ്രതാപനെ അറസ്റ്റ് ചെയ്തോടെ വലിയ തട്ടിപ്പ് ശൃംഖലയുടെ പ്രധാന കണ്ണിയെ തന്നെയാണ് പിടികൂടാൻ സാധിച്ചത്. മണി ചെയിൻ തട്ടിപ്പിന്റെ മാതൃകയിൽ 3141 കോടി രൂപയുടെ നിക്ഷേപമായിരുന്നു ഹൈറിച്ച് കമ്പനി സ്വീകരിച്ചത്.
തൃശൂരിന് സമീപം അരിമ്പൂർ എന്ന ഗ്രാമത്തിൽ തുടങ്ങി ഇന്ന് ഇന്ത്യ മുഴുവൻ ആരാധകരുള്ള വലിയ ശൃംഖലയുടെ തലപ്പത്തെത്തിയ പ്രതാപന്റെ കഴിഞ്ഞ 30 വർഷത്തെ കഥ ആരെയും അതിശയിപ്പിക്കുന്നതാണ്.തൃശൂരിന് സമീപം അരിമ്പൂരിലാണ് കെ.ഡി പ്രതാപന്റെ തുടക്കം. നാട്ടുമ്പുറങ്ങളിൽ നടന്നിരുന്ന ചങ്ങലക്കുറികളിലൂടെ പ്രതാപൻ വളർന്നു. പിന്നീട് തട്ടകം തൃശൂരിലേക്ക് മാറ്റി. ചങ്ങലക്കുറി ഇന്ന് കാണുന്ന മണി ചെയിൻ തട്ടിപ്പിന്റെ മറ്റൊരു പതിപ്പായിരുന്നു. സാധാരണക്കാരുടെ സമ്പത്തു തട്ടിയെടുക്കാൻ അവരെ വലയിൽ വീഴ്ത്തുന്ന തന്ത്രങ്ങളാണ് പ്രതാപൻ പയറ്റിയത്. 1995-2000 കാലഘട്ടങ്ങളിലാണ് കേരളത്തിൽ പ്രത്യേകിച്ച് തൃശൂർ കേന്ദ്രീകരിച്ച് മണി ചെയിൻ കമ്പനികൾ തഴച്ചു വളർന്നത്. കെ.ഡി. പ്രതാപനും ഇതിൽ ഭാഗമായി. 2004ൽ തൃശൂരിൽ തുടങ്ങിയ ഗ്രീൻകോ സെക്യൂരിറ്റീസ് വഴി കെ.ഡി. പ്രതാപന്‍ തട്ടിപ്പിന്റെ അടുത്തഘട്ടം ആരംഭിച്ചു.
തൃശൂർ, പാലക്കാട് ജില്ലകളിലെ ഗ്രാമങ്ങളിൽ നിന്ന് നിക്ഷേപങ്ങൾ സ്വീകരിച്ച് ഗ്രീൻകോ സെക്യൂരിറ്റീസ് വളർന്നു. ആരെയും വീഴ്തത്തുന്ന പ്രതാപന്റെ സംസാരശൈലി നിക്ഷേപകരെ ഗ്രീൻകോ സെക്യൂരിറ്റിസിലേക്ക് ആകർഷിച്ചു. ഒരു നിശ്ചിത തുകയ്ക്ക് കമ്പനിയിൽ അംഗത്വമെടുപ്പിക്കുന്നതാണ് ഇവരുടെ രീതി. എല്ലാ ആഴ്ചയിലും ചെറിയ തുക ഇവർ ലാഭ വിഹിതമെന്ന പേരിൽ നിക്ഷേപകർക്ക് തിരിച്ച് നൽകി. കുറേ കാലം ഇത് തുടരുന്നതോടെ നിക്ഷേപകർക്ക് കമ്പനിയിൽ വിശ്വാസം വർധിച്ചു. ഇതോടെ ചെറിയ തുക നിക്ഷേപിച്ചവർ നിക്ഷേപ തുക ലക്ഷങ്ങളായി ഉയർത്തി. യഥാർത്ഥത്തിൽ നിക്ഷേപകർ ആദ്യം നൽകിയിരുന്ന തുകയിൽ നിന്ന് തന്നെയാണ് ഇവർ ഈ ‘ലാഭ വിഹിതം’ തിരികെ നൽകി കബളിപ്പിച്ചിരുന്നത്. 2006 ആയതോടെ ഗ്രീൻകോ സെക്യൂരിറ്റീസ് പൊളിഞ്ഞു. ഇതോടെ കെ.ഡി പ്രതാപൻ കുറച്ച് കാലം ജയിലിലുമായി.
എന്നാൽ ജയിലിൽ നിന്ന് ജാമ്യം ലഭിച്ച് പുറത്തിറങ്ങിയ പ്രതാപൻ വൈകാതെ തന്റെ അടുത്ത തട്ടിപ്പുമായി പുറത്തിറങ്ങി. അതാണ് 3141 കോടി രൂപയുടെ നിക്ഷേപവുമായി രാജ്യമാകെ വളർന്ന ഹൈറിച്ച് ഓൺലൈൻ ഷോപ്പി. 1157 കോടി രൂപയുടെ തട്ടിപ്പ് നടന്നെന്ന് ഇ.ഡി തന്നെ കണ്ടെത്തിയ ഹൈറിച്ച് തട്ടിപ്പിന്റെ കഥകൾ അടുത്ത ഭാഗത്തിൽ. (കോവിഡിന്റെ വരവോടെ വ്യാപിച്ച ഓൺലൈൻ ഷോപ്പിങ് കെ.ഡി.പ്രതാപന്റെ വളർച്ചയിൽ നിർണായകമായി. 800 രൂപയിൽ തുടങ്ങിയ നിക്ഷേപം പിന്നീട് ലക്ഷങ്ങളിലേക്കു വഴിമാറി. പിന്നീട് കോടികളാണ് പ്രതാപന്റെ കമ്പനിയിലേക്ക് ഒഴുകിയെത്തിയത്.