ഫ്രഷ് കട്ട് സംഘർഷ സ്ഥലത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ച് പൊലീസ്
 
                കോഴിക്കോട് : താമരശ്ശേരി ഫ്രഷ് കട്ട് സംഘർഷ സ്ഥലത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ച് പൊലീസ്. ഫ്രഷ് കട്ട് പ്ലാൻ്റിന് 300 മീറ്റർ ചുറ്റളവിലും, ഫ്രഷ് കട്ടിലേക്കുള്ള റോഡുകളുടെ 50 മീറ്ററിനുള്ളിലും, അമ്പായത്തോട് ജംഗ്ഷനിൽ നൂറു മീറ്ററിനുള്ളിലുമാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്. ഇന്നു മുതൽ അമ്പലമുക്കിൽ സമരപന്തൽ കെട്ടി പ്രതിഷേധം തുടരുമെന്ന് സമര സമിതി പ്രഖ്യാപിച്ചിരുന്നു. ഫാക്ടറി തുറക്കാൻ വൈകുന്ന സാഹചര്യത്തിൽ ഫ്രഷ് കട്ടിനെതിരായ പ്രതിഷേധം താൽകാലികമായി സമരസമിതി മാറ്റിവെച്ചിരുന്നു. സംസ്കരണ പ്ലാൻ്റ് തുറക്കുന്നതിൽ സുരക്ഷാ പ്രശ്നങ്ങൾ ഉണ്ടെന്നും വിശദമായ പരിശോധന ആവശ്യമാണെന്നും ഉടമകൾ അറിയിച്ചു. പൊലീസ് സുരക്ഷ ഉറപ്പു വരുത്തിയതിന് ശേഷം മാത്രമേ പ്രവർത്തനം തുടങ്ങൂ എന്ന് ഉടമകൾ അറിയിച്ചിരുന്നു. പ്ലാന്റ് തുറന്നുപ്രവർത്തിച്ചാൽ സമരം ശക്തമായി തുടരുമെന്നും പ്ലാന്റിലേക്ക് വരുന്ന വാഹനങ്ങൾ തടയുമെന്നും സമരസമിതി പറഞ്ഞു. സംഘർഷത്തെ തുടർന്ന് പ്രവർത്തനം നിർത്തിയ ഫ്രഷ് കട്ട് പ്ലാന്റിന് പ്രവർത്തിക്കാൻ അനുമതി നൽകിയിരുന്നു. ഒരു ദിവസം സംസ്കരിക്കാവുന്ന മാലിന്യത്തിന്റെ അളവ് 20 ടൺ ആക്കി ചുരുക്കി. വൈകിട്ട് ആറ് മുതൽ രാത്രി 12 വരെ പ്രവർത്തിക്കാൻ പാടില്ലെന്നും നിബന്ധനയുണ്ട്. പഴകിയ അറവ് മാലിന്യങ്ങൾ പ്ലാന്റിലേക്ക് കൊണ്ടുവരുന്നത് പൂർണമായി നിർത്തിവയ്ക്കുകയും പുതിയ മാലിന്യങ്ങൾ മാത്രം സംസ്‌ക്കരിക്കുകയും ചെയ്യണമെന്നും നിബന്ധനിയിൽ പറയുന്നുണ്ട്.
മലിനീകരണ നിയന്ത്രണ ബോർഡ്, ശുചിത്വമിഷൻ പ്രതിനിധികൾ എന്നിവർ പ്ലാന്റിൽ നടത്തിയ പരിശോധനയുടെ അടിസ്ഥാനത്തിൽ തയ്യാറാക്കിയ റിപ്പോർട്ടിനെ തുടർന്നാണ് പ്രവർത്തിക്കാൻ അനുമതി നൽകിയത്. പ്ലാന്റിന്റെ പ്രവർത്തനം മാനദണ്ഡങ്ങൾ പാലിച്ചാണെന്ന് മലിനീകരണ നിയന്ത്രണ ബോർഡും ശുചിത്വ മിഷനും റിപ്പോർട്ട് നൽകിയിരുന്നു

 
                         
                                             
                                             
                                             
                                         
                                         
                                         
                                        