പിഎം ശ്രീ പദ്ധതിയിൽ സർക്കാർ ഒപ്പുവെച്ചതിൽ പ്രതികരണവുമായി വി ശിവൻകുട്ടി.
തിരുവനന്തപുരം : പിഎം ശ്രീ പദ്ധതിയിൽ സർക്കാർ ഒപ്പുവെച്ചതിൽ പ്രതികരണവുമായി വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. കേരളത്തിലെ കുട്ടികൾക്ക് അവകാശപ്പെട്ട കോടിക്കണക്കിന് രൂപയുടെ കേന്ദ്ര ഫണ്ട് തടഞ്ഞുവെച്ചുകൊണ്ട് കേരളത്തെ സാമ്പത്തികമായി ഞെരുക്കാനുളള കേന്ദ്രസർക്കാരിന്റെ നീക്കത്തെ മറികടക്കാനുളള തന്ത്രപരമായ നീക്കമാണ് പിഎം ശ്രീ പദ്ധതിയിൽ സർക്കാർ ഒപ്പുവെച്ചത് എന്ന് ശിവൻകുട്ടി പറയുന്നത്. കേരളത്തിന്റെ പൊതുവിദ്യാഭ്യാസ രംഗത്തെ തകർക്കാനുളള ഒരു നീക്കവും സർക്കാർ അനുവദിക്കില്ലെന്നും കുട്ടികൾക്ക് അവകാശപ്പെട്ട ഒരു രൂപ പോലും നഷ്ടപ്പെടാനും അനുവദിക്കില്ലെന്നും വി ശിവൻകുട്ടി പറഞ്ഞു.
‘പിഎം ശ്രീയിൽ ഒപ്പിടാത്തതിന്റെ പേരിൽ കേരളത്തിന് അവകാശപ്പെട്ട ഫണ്ട് കേന്ദ്രസർക്കാർ തടഞ്ഞുവെച്ചിരിക്കുകയായിരുന്നു. 2023-24 വർഷം കേരളത്തിന് നഷ്ടമായത് 188 കോടി 88 ലക്ഷം രൂപയാണ്. 2024-25 വർഷത്തെ കുടിശ്ശിക 513 കോടി 54 ലക്ഷം രൂപയാണ്. 2025-26 വർഷം നമുക്ക് ലഭിക്കേണ്ടിയിരുന്ന 456 കോടി ഒരു ലക്ഷം രൂപയും തടഞ്ഞുവെച്ചു. ആകെ 1158 കോടി 13 ലക്ഷം രൂപയാണ് നമുക്ക് നഷ്ടമായത്. പിഎം ശ്രീ പദ്ധതി 2027 മാർച്ചിൽ അവസാനിക്കും. ഇപ്പോൾ ഒപ്പിടുന്നതിലൂടെ സമഗ്ര ശിക്ഷയുടെ കുടിശ്ശികയും രണ്ടുവർഷത്തെ പിഎം ശ്രീ ഫണ്ടും ഉൾപ്പെടെ 1476 കോടി 13 ലക്ഷം രൂപയാണ് സംസ്ഥാനത്തിന് ലഭിക്കാൻ പോകുന്നത്. നിലവിൽ കേന്ദ്രം സമഗ്രശിക്ഷയ്ക്ക് നൽകാമെന്ന് ധാരണയായത് 971 കോടി രൂപയാണ്’:വി ശിവൻകുട്ടി പറഞ്ഞു.
