പിഎം ശ്രീ’യില്‍ കോണ്‍ഗ്രസിലും ഭിന്നത

തിരുവനന്തപുരം: പിഎം ശ്രീ പദ്ധതിയെച്ചൊല്ലി കോണ്‍ഗ്രസിലും അഭിപ്രായ ഭിന്നത. പി എം ശ്രീ പദ്ധതിയുടെ ഫണ്ട് വാങ്ങുന്നതിനെ പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ പിന്തുണച്ചു. കേന്ദ്രത്തിന്റെ ഫണ്ട് വാങ്ങുന്നതിന് പ്രതിപക്ഷം എതിരല്ല. മോദിയുടെ വീട്ടില്‍ നിന്നല്ല കേന്ദ്ര ഫണ്ട് നല്‍കുന്നത്. ജനങ്ങളുടെ നികുതിപ്പണമാണ്. പണം നല്‍കുന്നതിനോടൊപ്പം അനാവശ്യമായി ബിജെപിയുടെ വര്‍ഗീയ രാഷ്ട്രീയം അടിച്ചേല്‍പ്പിക്കുന്ന നിബന്ധനകള്‍ സര്‍ക്കാര്‍ സ്വീകരിക്കാന്‍ പാടില്ലെന്ന് വിഡി സതീശന്‍ ആവശ്യപ്പെട്ടു. കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ തങ്ങള്‍ അധികാരത്തില്‍ വരുന്നതിന് മുമ്പാണ് പി എം ശ്രീ പദ്ധതി നടപ്പാക്കിയതെന്നും പ്രതിപക്ഷ നേതാവ് കൂട്ടിച്ചേര്‍ത്തു. പിഎം ശ്രീ പദ്ധതി നടക്കില്ലെന്ന് ആദ്യം പ്രഖ്യാപിച്ചപ്പോള്‍ സംസ്ഥാനത്തെ സഖാക്കളെല്ലാം കയ്യടിച്ചു. ആര്‍എസ്എസിനെതിരെ ധീരമായ പ്രഖ്യാപനം എന്നായിരുന്നു പറഞ്ഞത്. എന്നിട്ടിപ്പോള്‍ സിപിഎം ഫണ്ട് വാങ്ങാന്‍ ഒറ്റയ്ക്ക് തീരുമാനമെടുത്ത് മുന്നോട്ടു പോകുകയാണെന്ന് വിഡി സതീശന്‍ പറഞ്ഞു.
എല്‍ഡിഎഫില്‍ ചര്‍ച്ച ചെയ്യുമെന്നാണ് നേരത്തെ പറഞ്ഞത്. എന്നാല്‍ പദ്ധതിയെ ശക്തമായി എതിര്‍ക്കുമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ആവര്‍ത്തിക്കുന്നു. ഏത് സിപിഐ എന്നാണ് എം വി ഗോവിന്ദന്‍ ചോദിച്ചത്. ഈ നാണക്കേടും സഹിച്ച് സിപിഐ അവിടെ നില്‍ക്കണോ?. ഞങ്ങളാരും അവരെ ക്ഷണിക്കുന്നൊന്നുമില്ല. നാണം സഹിച്ചും അവര്‍ അവിടെ നില്‍ക്കുന്നതു കാണുമ്പോള്‍ സങ്കടം തോന്നുന്നുവെന്നും വിഡി സതീശന്‍ പറഞ്ഞു.