RSSനേയും ജമാ അത്തെ ഇസ്ലാമിയേയും വിമർശിച്ച്‌ പിണറായി

0
pinarayi vijayan 2024 02 201fa2b0da2c0115d281a6081f8620fa 3x2 1

തിരുവനന്തപുരം :മഹാത്മാഗാന്ധിയുടെ 77-ാമത് രക്തസാക്ഷി ദിനത്തില്‍ ഗാന്ധി സ്മരണയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍.ഇന്ത്യയെ കാർന്നുതിന്നാൻ ശേഷിയുള്ള മതവർഗ്ഗീയതയ്ക്കുള്ള മറുമരുന്നാണ് അന്നും ഇന്നും ഗാന്ധിജി.

പിണറായി വിജയൻ്റെ ഫേസ്‌ബുക്ക് കുറിപ്പ്:

” മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനമാണിന്ന്. ഗാന്ധിജി വിഭാവനം ചെയ്ത ഇന്ത്യ സംഘപരിവാറിന്റെ ഹിന്ദുത്വ രാഷ്ട്രസങ്കല്പത്തിനു കടകവിരുദ്ധമായ ഒന്നായിരുന്നു. മതാടിസ്ഥാനത്തിലുള്ള ദേശീയത മുന്നോട്ടു വെച്ച സങ്കുചിത മതവർഗ്ഗീയവാദികൾക്കു മുന്നിൽ ഗാന്ധിജി പ്രതിബന്ധം സൃഷ്ടിച്ചു. ദേശീയ പ്രസ്ഥാനത്തെ സാമ്രാജ്യത്വ വിരുദ്ധതയിലും മതേതരത്വത്തിലും അടിയുറപ്പിച്ചു നിർത്താൻ അദ്ദേഹത്തിനു കഴിഞ്ഞു. ഇക്കാരണങ്ങൾ കൊണ്ടുതന്നെയാണ് അദ്ദേഹം ഭൂരിപക്ഷ വർഗ്ഗീയ ശക്തികളുടെ കണ്ണിലെ കരടായതും. ഇന്ത്യൻ മണ്ണിലെ ഹിന്ദു-മുസ്ലിം മൈത്രിക്കുവേണ്ടിയാണ് തന്റെ അവസാന ശ്വാസം വരെ ഗാന്ധിജി നിലകൊണ്ടത്.
ഇന്ത്യയെ കാർന്നുതിന്നാൻ ശേഷിയുള്ള മതവർഗ്ഗീയതയ്ക്കുള്ള മറുമരുന്നാണ് അന്നും ഇന്നും ഗാന്ധിജി. നാഥൂറാം വിനായക് ഗോഡ്സെ എന്ന മതവർഗ്ഗീയവാദി ഗാന്ധിയെ വധിച്ചതിനെ തുടർന്ന് നിരോധിക്കപ്പെട്ട സംഘടനയാണ് ആർഎസ്എസ്. ബഹുസ്വരതയേയും സഹവർത്തിത്വത്തേയും ഭയപ്പെടുന്ന ആർഎസ്എസ് നയിക്കുന്ന സംഘപരിവാർ സംഘടനകൾ വിദ്വേഷവും വിഭജന രാഷ്ട്രീയവും പയറ്റി അവരുടെ രാഷ്ട്രീയലക്ഷ്യങ്ങൾ നടപ്പാക്കിക്കൊണ്ടിരിക്കുന്ന കാലഘട്ടമാണിത്. ഗാന്ധി വധത്തെ തുടർന്ന് ആർഎസ്എസ് നിരോധിക്കപ്പെട്ടതിനെക്കുറിച്ചുള്ള പാഠഭാഗങ്ങൾ സ്കൂൾ സിലബസിൽ നിന്നും ഏകപക്ഷീയമായി ഒഴിവാക്കപ്പെടുന്ന സാഹചര്യം കൂടി ഇന്നുണ്ട്. ഭൂരിപക്ഷ വർഗ്ഗീയതയ്ക്കൊപ്പം ന്യൂനപക്ഷ വർഗ്ഗീയതയും രാജ്യത്തിന്റെ മതനിരപേക്ഷതയ്ക്ക് പോറലേൽപ്പിക്കുന്ന കാലം കൂടിയാണിത്. മതാധിഷ്ഠിത രാഷ്ട്രത്തിനു വേണ്ടി നിലകൊള്ളുന്ന ജമാ അത്തെ ഇസ്ലാമി ഉള്‍പ്പെടെയുള്ള പൊളിറ്റിക്കല്‍ ഇസ്ലാമിസ്റ്റുകള്‍ ഉയർത്തുന്ന ഭീഷണിയും ഗുരുതര സ്വഭാവമുള്ളതാണ്. ഭൂരിപക്ഷ ന്യൂനപക്ഷ വർഗ്ഗീയതകൾ പരസ്പരം ശക്തിപ്പെടുത്തുന്നവയുമാണ്. എല്ലാത്തരം വർഗ്ഗീയ രാഷ്ട്രീയത്തിനുമെതിരെ ജനാധിപത്യ പ്രതിരോധമുയർത്താൻ തയ്യാറാവുക എന്നതാണ് രക്തസാക്ഷി ദിനത്തിൽ നാം ഏറ്റെടുക്കേണ്ട കടമ.”

 

 

 

Spread the love

Leave a Reply

Your email address will not be published. Required fields are marked *