പമ്പ് ജീവനക്കാരനെ ആക്രമിച്ച് ദേഹോപദ്രവം ഏൽപ്പിച്ച കേസിൽ പ്രതികൾ പിടിയിൽ
ആലപ്പുഴ ; കായംകുളം ചിറക്കടവത്ത് പ്രവർത്തിക്കുന്ന പെട്രോൾ പമ്പിൽ 01-11-2025 തീയതി രാത്രി 11:15 മണിയോടെ പെട്രോൾ അടിക്കാനെത്തിയ യുവാക്കൾ പെട്രോൾ പമ്പ് ജീവനക്കാരനെ ആക്രമിച്ച് ദേഹോപദ്രവം ഏൽപിച്ച കേസിലാണ് കൃഷ്ണപുരം വില്ലേജിൽ കൃഷ്ണപുരം മുറിയിൽ കൊച്ചുതറ തെക്കതിൽ വീട്ടിൽ നിന്നും കൃഷ്ണപുരം വില്ലേജിൽ കാപ്പിൽ കിഴക്ക് മുറിയിൽ പച്ചംകുളത്ത് തെക്കതിൽ വീട്ടിൽ താമസിച്ചു വരുന്ന അജ്മൽ എന്ന് വിളിക്കുന്ന മുഹമ്മദ് ഫാസിൽ (24), വള്ളികുന്നം വില്ലേജിൽ വള്ളികുന്നം മുറിയിൽ വട്ടയ്ക്കാട് സ്കൂളിന് സമീപം നിഷാദ് മൻസിലിൽ താമസിക്കുന്ന നിഷാദ് (22) എന്നിവരാണ് പിടിയിലായത്. 01-11-2025 ന് രാത്രി 11:15 മണിയോടു കൂടി രജിസ്ട്രേഷൻ നമ്പർ എഴുതിയിട്ടില്ലാത്ത മോട്ടോർ സൈക്കിളിൽ പമ്പിലെത്തിയ യുവാക്കൾ 150 രൂപയ്ക്ക് പെട്രോൾ അടിക്കാൻ ആവശ്യപ്പെടുകയും പൈസ ഫോൺ പേ ആണെന്ന് പറയുകയും ചെയ്തു.
ഫോൺ പേ ചെയ്ത് പൈസ വന്നതിന് ശേഷം പെട്രോൾ അടിക്കാമെന്ന് ജീവനക്കാരൻ പറഞ്ഞതിലുള്ള വിരോധം മൂലം ജീവനക്കാരനെ അസഭ്യം പറയുകയും അടിച്ച് താഴെയിടുകയുമായിരുന്നു. സിസിടിവി ദൃശ്യങ്ങളും മറ്റും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത് . കായംകുളം ഡി.വൈ.എസ്.പി. ബിനുകുമാറിന്റെ മേൽനോട്ടത്തിൽ കായംകുളം സി.ഐ. അരുൺ ഷാ, എസ്.ഐ. രതീഷ് ബാബു, എ.എസ്.ഐ. ഹരി, പോലീസുകാരായ അഖിൽ മുരളി, ഗോപകുമാർ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.
