സിവിൽ സർവീസ് പരീക്ഷക്ഷാ മാർക്കുകൾ വെളിപ്പെടുത്തണമെന്ന ഹർജി :അമിക്കസ് ക്യൂറിയെ നിയമിച്ച് കോടതി
ന്യൂഡൽഹി: സിവിൽ സർവീസ് (പ്രിലിമിനറി) പരീക്ഷയിൽ പങ്കെടുക്കുന്ന ഉദ്യോഗാർത്ഥികളുടെ ഉത്തരസൂചികകൾ, കട്ട്-ഓഫ് മാർക്കുകൾ, മാർക്കുകൾ എന്നിവ വെളിപ്പെടുത്താൻ ആവശ്യപ്പെട്ടുള്ള ഹർജിയിൽ അമിക്കസ് ക്യൂറിയെ നിയമിച്ച് സുപ്രീം കോടതി. മുതിർന്ന അഭിഭാഷകൻ ജയ്ദീപ് ഗുപ്തയെയാണ് അമിക്കസ് ക്യൂറിയായി നിയമിച്ചത്. ഹർജിയുടെ പകർപ്പ് അദ്ദേഹത്തിന് നൽകണമെന്ന് ഹർജിക്കാരോട് കോടതി ആവശ്യപ്പെട്ടു.
വിഷയത്തില്‍ സിവിൽ സർവീസ് ഉദ്യോഗാർത്ഥികളാണ് ഹര്‍ജി സമര്‍പ്പിച്ചിരുന്നത്. ജസ്റ്റിസുമാരായ പി എസ് നരസിംഹ, മനോജ് മിശ്ര എന്നിവരടങ്ങിയ ബെഞ്ചാണ് വിഷയം പരിഗണിച്ചത്. വിവരങ്ങൾ വെളിപ്പെടുത്താത്ത യുപിഎസ്സിയുടെ നിലപാടില്‍ സുതാര്യതയില്ലെന്ന് ഉദ്യോഗാർത്ഥികൾക്ക് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ പറഞ്ഞു. ഇവ വെളിപ്പെടുത്തിയാൽ വിദ്യാര്‍ഥികള്‍ക്ക് ഫലപ്രദമായ വിലയിരുത്തലുകള്‍ നടത്തി പരിഹാരങ്ങൾ കാണാനാകും എന്നും അദ്ദേഹം വാദിച്ചു.അതേസമം, പരീക്ഷയുടെ മുഴുവൻ പ്രക്രിയയും അവസാനിച്ചതിനു ശേഷം മാത്രമേ മാർക്കുകളും കട്ട് ഓഫ് മാർക്കുകളും ഉത്തര സൂചികകളും എന്നിവ വെളിപ്പെടുത്താവൂ എന്നാണ് യുപിഎസ്സിയുടെ വാദം. റിട്ട് ഹർജിയിലെ അപേക്ഷകൾ സ്വീകരിക്കുകയാണെങ്കിൽ സ്ഥാപനങ്ങൾ നേരിടേണ്ടിവരുന്ന ബുദ്ധിമുട്ടുകൾ വിശദീകരിക്കുന്ന ഒരു അധിക സത്യവാങ്മൂലം സമർപ്പിക്കാന്‍ സുപ്രീം കോടതി കേന്ദ്രത്തോടും യുപിഎസ്സിയോടും ആവശ്യപ്പെട്ടു. വിഷയത്തില്‍ ഫെബ്രുവരി 4 ന് കൂടുതൽ വാദം കേൾക്കും.