മഹാരാഷ്ട്ര ഫലം: പുലിയെപ്പോലെ വന്ന് എലിയെപ്പോലെ ഒതുങ്ങിപ്പോയ പാർട്ടികൾ..!
മുരളി പെരളശ്ശേരി
മുംബൈ : മഹാരാഷ്ട്രയിലെ പ്രശ്‌നങ്ങൾ മറാത്തിഭാഷയിലൂടെ മഹാരാഷ്ട്രീയർക്ക് വേണ്ടിമാത്രം പ്രസംഗിച്ച് കോരിത്തരിപ്പിച്ച, രാജ് താക്കറെയുടെ മഹാരാഷ്ട്ര നവനിർമാൺ സേനയും പ്രകാശ് അംബേദ്കറുടെ ‘വഞ്ചിത് ബഹുജൻ അഘാഡിയും സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിൽ അപ്രസക്തമാകുന്ന കാഴ്ചയാണ് തെരഞ്ഞെടുപ്പ് ഫലങ്ങൾ കാണിച്ചു തന്നത്. 125 സ്ഥാനാർത്ഥികളെ സംസ്ഥാനത്തുടനീളം നിർത്തിയ എംഎൻഎസിന് ആകെയുള്ള കല്യാൺ റൂറലിലെ ഏക സിറ്റിങ് സീറ്റുകൂടി (രാജു രത്തൻ പാട്ടീൽ )നഷ്ട്ടമാക്കി എന്നുമാത്രമല്ല, പാർട്ടി തലവൻ്റെ മകൻ അമിത് താക്കറെ മുംബൈയിലെ മാഹിം സീറ്റിൽ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുകയും ചെയ്‌തത് ഈ പ്രാദേശിക പാർട്ടിക്ക് കനത്ത പ്രഹരമായി മാറി ! ഏറെ പ്രതീക്ഷയോടെ വന്ന വിബിഎയ്ക്ക്’ (വഞ്ചിത് ബഹുജൻ അഘാഡി) 200 സ്ഥാനാർത്ഥികളാണ് മത്സരരംഗത്തുണ്ടായിരുന്നത്. വോട്ടിങ് ദിനത്തിന്റെ തലേദിവസം വരെ പാർട്ടി വലിയ വിജയം നേടുമെന്ന് പ്രകാശ് അംബേദ്കകർ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. .കൂടുതൽ സീറ്റിൽ ജയിച്ചാൽ സർക്കാർ രൂപീകരിക്കുന്ന പാർട്ടിക്ക് പിന്തുണ നൽകുമെന്നും അറിയിച്ചിരുന്നു. പക്ഷെ എല്ലാം ‘ എല്ലാം മലർപ്പൊടിക്കാരൻ്റെ വെറും സ്വപ്‌നം മാത്രമെന്ന് തെരഞ്ഞെടുപ്പ് ഫലം തെളിയിച്ചു. പാർട്ടിക്ക് നിലം തൊടാൻ പറ്റിയില്ലാ എന്നത് യാഥാർഥ്യം. സമാജ്‌വാദി പാർട്ടി, ഓൾ ഇന്ത്യ മജ്‌ലിസ് ഇ ഇത്തിഹാദുൽ മുസ്ലിമീൻ തുടങ്ങിയ പാർട്ടികൾക്ക് വോട്ട് സമാഹരണത്തിൽ അൽപ്പം നില മെച്ചപ്പെടുത്താൻ കഴിഞ്ഞിട്ടുണ്ട്.
19 സ്ഥാനാർത്ഥികളെ നിർത്തിയ രാജു ഷെട്ടിയുടെ നേതൃത്വത്തിലുള്ള ‘സ്വാഭിമാനി പക്ഷ’ത്തിനും കാര്യമായ സ്വാധീനം ചെലുത്താനായില്ല. കർഷകർക്കിടയിൽ, പ്രത്യേകിച്ച് പടിഞ്ഞാറൻ മഹാരാഷ്ട്രയിൽ ഇതിന് സ്വാധീനമുണ്ടെന്ന് പറയപ്പെടുന്നു.സിപിഎം ദഹാനുവിലെ സീറ്റ് നിലനിർത്തി.
തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ വെബ്‌സൈറ്റിൽ ലഭ്യമായ ട്രെൻഡ് അനുസരിച്ച്, സമാജ്‌വാദി പാർട്ടി, ജൻ സുരാജ്യ ശക്തി, എന്നിവർ രണ്ട് സീറ്റിലും എഐഎംഐഎം, രാഷ്ട്രീയ യുവ സ്വാഭിമാൻ പാർട്ടി, പെസൻ്റ്‌സ് ആൻഡ് വർക്കേഴ്‌സ് പാർട്ടി, രാജശ്രീ ഷാഹു വികാസ് അഘാഡി എന്നിവർ ഓരോ സീറ്റിലും ലീഡ് ചെയ്യുന്നതായി കണ്ടിരുന്നു.അവസാന ഫലങ്ങൾ ലഭിച്ചിട്ടില്ല.
6 മാസങ്ങൾക്ക് ശേഷം ലോക്‌സഭയിലെ ഏറ്റവും ഉയർന്ന നിലയിൽ നിന്ന് ശരദ് പവാറിൻ്റെ എൻസിപി എക്കാലത്തെയും താഴ്ന്ന നിലയിലേയ്ക്ക് കൂപ്പു കുത്തി.ഇന്ത്യൻ രാഷ്ട്രീയത്തിലെ ഏറ്റവും പ്രതിരോധശേഷിയുള്ള വ്യക്തികളിൽ ഒരാളായ ശരദ് പവാർ, 2026-ൽ രാജ്യസഭാ കാലാവധി അവസാനിച്ചതിന് ശേഷം താൻ സജീവ രാഷ്ട്രീയം വിടുമെന്ന് സൂചന നൽകിയിരുന്നു.യുവജനങ്ങളെ പാർട്ടിയിലേക്ക് കൊണ്ടുവരുന്നതിന് മുൻ കൈ യെടുക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു പക്ഷേ എന്നും തന്നോടൊപ്പം നിന്നിരുന്ന ബാരമതിയിലെ വോട്ടർമാർ താൻ നിർത്തിയ യുവാവിനെ ( യുഗേന്ദ്ര പവാർ )പിന്തുണക്കുന്നില്ല എന്നാണ് ഇതുവരെയുള്ള ഫലങ്ങൾ വ്യക്തമാക്കുന്നത്. തിരഞ്ഞെടുപ്പ് കമ്മീഷൻ്റെ കണക്കുകൾ പ്രകാരം 109848 വോട്ടുകൾ നേടിയ അജിത് പവാർ12ാം റൗണ്ട് വോട്ടെടുപ്പ് അവസാനിക്കുമ്പോൾ യുഗേന്ദ്ര പവാറിനെതിരെ 60636 വോട്ടുകൾക്ക് മുന്നിലാണ്. .ശരദ് പവാർ വിഭാഗം സംസ്ഥാനത്തെ 288 സീറ്റുകളിൽ 87-ൽ മത്സരിച്ചതിന് ശേഷം 12-ൽ മാത്രമാണ് മൂന്നുമണിവരെ മുന്നിലുണ്ടായിരുന്നത്. ശരദ് പവാറിൻ്റെ എക്കാലത്തെയും മോശം പ്രകടനമാണ് ഇത്തവണ കണ്ടത്.ആറ് മാസം മുമ്പ് നടന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിൽ പാർട്ടിക്ക് 80% വോട്ടുണ്ടായിരുന്നു.
“താൻ വീണ്ടും തിരിച്ചെത്തുമെന്ന് “2019ൽ പറഞ്ഞ ദേവേന്ദ്ര ഫഡ്‌നാവിസിൻ്റെ വാക്ക് വെറും വാക്കായിരുന്നില്ല എന്ന് കാലം തെളിയിക്കുന്നു.
“മേരാ പാനി ഉതർത്ത ദേഖ് മേരേ കിനാരെ പർ ഘർ മത് ബസ ലെന, മെയിൻ സമന്ദർ ഹൂൻ ലൗത്കർ വാപസ് ആംഗ (എൻ്റെ വെള്ളം കുറയുന്നത് കണ്ട്, എൻ്റെ തീരത്ത് ഒരു വീട് പണിയരുത്, ഞാൻ കടലാണ്, തിരിച്ചുവരും),” അദ്ദേഹം അന്ന് പറഞ്ഞിരുന്നു.അഞ്ച് വർഷം മുമ്പ് മഹാരാഷ്ട്ര നിയമസഭ പ്രതിപക്ഷ നേതാവായി തിരഞ്ഞെടുക്കപ്പെട്ടു. പിന്നീട് മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയായി . മഹായുതിയുടെ പ്രകടനത്തെ പ്രശംസിച്ച ഫഡ്‌നാവിസ് വിജയത്തിൻ്റെ ക്രെഡിറ്റ് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ‘ഏക് ഹേ തോ സേഫ് ഹേ’ മുദ്രാവാക്യത്തിനാണ് ഇപ്പോൾ നൽകിയിരിക്കുന്നത്.126 ലീഡുമായി ബിജെപി ഒറ്റയ്ക്ക് ഭൂരിപക്ഷത്തിലേക്ക് കുതിക്കുന്നതിനിടയിലാണ് അദ്ദേഹത്തിൻ്റെ ഈ പ്രസ്താവന വന്നത്.എന്തായാലും ഏറ്റവും കൂടുതൽ സീറ്റ് ലഭിച്ച ഒറ്റ കക്ഷിയായി ബിജെപി മാറിയ സ്ഥിതിയ്ക്ക് ഫഡ്‌നാവിസ് തൻ്റെ നിലവിലുള്ള ഉപമുഖ്യമന്ത്രി സ്ഥാനം ഏക്നാഥ് ഷിൻഡെയ്ക്ക് കൈമാറും എന്ന്പ്രതീക്ഷിക്കാം .
(മുഴുവൻ സീറ്റിലേയും വോട്ടെണ്ണൽ ഫലങ്ങൾ അറിയുന്നതിന് മുന്നേ എഴുതിയതാണ് . ചിലപ്പോൾ ചിത്രം മാറിയേക്കാം .)