ഗാസയിൽ 61 മരണം കൂടി;ഇസ്രയേൽ ആക്രമണം ശക്തം

0

 

ഗാസ ∙ ജബാലിയയിലെ അഭയാർഥി ക്യാംപിൽ ഉൾപ്പെടെ ഇസ്രയേൽ സേന നടത്തിയ ആക്രമണങ്ങളിൽ 61 പലസ്തീൻകാർ കൊല്ലപ്പെട്ടു. 11 മാസം പിന്നിട്ട ഇപ്പോഴത്തെ സംഘർഷം അവസാനിപ്പിക്കാൻ യുഎസ് ഉൾപ്പെടെയുള്ള രാജ്യങ്ങൾ നയതന്ത്രശ്രമങ്ങൾ നടത്തുന്നതിനിടെയാണ് ഇസ്രയേൽ ആക്രമണം ശക്തമാക്കിയത്. ജബാലിയയിലെ ഹലിമ അൽ സാദിയ സ്കൂളിലെ അഭയാർഥി ക്യാംപിൽ ബോംബാക്രമണത്തിൽ 8 പേർ കൊല്ലപ്പെട്ടു. 15 പേർക്കു പരുക്കേറ്റു. നുസീറത്തിൽ 2 ആക്രമണങ്ങളിലായി 9 പേർ കൊല്ലപ്പെട്ടു. ദെയറൽ ബലാഹിൽ ബോംബു വീണ് ഒരു വീടു തകർന്ന് അമ്മയും 2 കുഞ്ഞുങ്ങളും കൊല്ലപ്പെട്ടു.

ഗാസയിൽ 10 മാസം പ്രായമുള്ള കുഞ്ഞിനു പോളിയോ ബാധിച്ചതായി കണ്ടതിനെത്തുടർന്ന് ലോകാരോഗ്യ സംഘടനയുടെ നേതൃത്വത്തിൽ ആരംഭിച്ച 9 ദിന പോളിയോ വാക്സിനേഷൻ യജ്ഞം രണ്ടാം ഘട്ടം പൂർത്തിയാക്കി. 6,40,000 കുഞ്ഞുങ്ങൾക്ക് പോളിയോ മരുന്നു നൽകാനുള്ള യജ്ഞത്തിൽ പകുതിയോളം നൽകാനായി. നാളെ മൂന്നാം ഘട്ടത്തിൽ തെക്കൻ ഗാസയിലെ ഖാൻ യൂനിസ്, റഫ നഗരങ്ങളിൽ കൂടുതൽ സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. വാക്സിനേഷൻ നടക്കുന്ന പ്രദേശങ്ങളിൽ വെടിനിർത്തലിന് ഹമാസും ഇസ്രയേലും ധാരണയായിരുന്നു. ഇതേസമയം, വെസ്റ്റ് ബാങ്കിലെ സൈനിക നടപടി താൽക്കാലികമായി അവസാനിപ്പിച്ചതായി ഇസ്രയേൽ സേന അറിയിച്ചു.

ഗാസയിൽ വെടിനിർത്തൽ യാഥാർഥ്യമാക്കുന്നതിന് സംയുക്തശ്രമം നടത്തുന്നതായി യുഎസ്, ബ്രിട്ടിഷ് രഹസ്യാന്വേഷണ ഏജൻസികളുടെ തലവന്മാർ അറിയിച്ചു. ഇരുകൂട്ടർക്കും സ്വീകാര്യമായ പുതിയ നിർദേശം ഉടൻ മുന്നോട്ടുവയ്ക്കുമെന്ന് സിഐഎ ഡയറക്ടർ വില്യം ബേൺസും എംഐ6 തലവൻ റിച്ചഡ് മൂറും ചർച്ചകൾക്കുശേഷം ലണ്ടനിൽ അറിയിച്ചു.

∙ 11 മാസം പിന്നിട്ട ഹമാസ്–ഇസ്രയേൽ സംഘർഷത്തിൽ മരിച്ചവരുടെ എണ്ണം 40,939 ആയി. പരുക്കേറ്റവർ 94,616.

Spread the love

Leave a Reply

Your email address will not be published. Required fields are marked *