പീഡകരെ പുറത്ത് കൊണ്ടുവരണം;സൗഹൃദം ഇല്ലാതാകുമ്പോൾ ആരോപണം ഉന്നയിക്കുന്നത് ശരിയല്ല- കൃഷ്ണപ്രഭ

0

രേപോലെ സൗഹൃദം കാത്തുസൂക്ഷിച്ചിരുന്ന, വർഷങ്ങളായിട്ട് എല്ലാ തരത്തിലുള്ള ബന്ധവുമുണ്ടായിരുന്ന ഇരയും വേട്ടക്കാരനും അഭിപ്രായവ്യത്യാസം വന്ന് രണ്ടുവഴിയിലായിക്കഴിഞ്ഞാൽ പീഡനം ആരോപിക്കുന്നത് തെറ്റായ പ്രവണതയാണെന്ന് നടി കൃഷ്ണപ്രഭ. മാറ്റങ്ങൾ മുന്നിൽ കണ്ടാണ് ഹേമ കമ്മിറ്റി റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നതെന്നും എന്നാൽ വ്യക്തിപരമായി താത്പര്യമില്ലാത്തവരെ കരിവാരിത്തേക്കാനും പ്രതിക്കൂട്ടിൽ നിർത്താനുമാണ് ചിലർ ശ്രമിക്കുന്നതെന്നും കൃഷ്ണപ്രഭ ആരോപിച്ചു. റിപ്പോർട്ടിൽ പറഞ്ഞിരിക്കുന്ന അടിസ്ഥാനസൗകര്യങ്ങളും വേതനക്കുറവും ചർച്ച ചെയ്യാൻ ആരും തയ്യാറാവാത്തത് സങ്കടകരമാണെന്നും കൃഷ്ണപ്രഭ മാതൃഭൂമി ഡോട്ട് കോമിനോട് പറഞ്ഞു.

ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളാണല്ലോ ഹേമ കമ്മിറ്റി റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നത്

ഹേമ കമ്മിറ്റി റിപ്പോർട്ടിൽ പല പോയിന്റുകളും ഉണ്ടെങ്കിൽപോലും മാധ്യമങ്ങൾ വാർത്തയാക്കുന്നത് ഈ വാതിലിൽ മുട്ടിയ കാര്യവും അതുപോലെതന്നെ ലൈംഗിക ചൂഷണങ്ങളുടെ കാര്യങ്ങളും മാത്രമാണ്. അത് പ്രധാനപ്പെട്ട കാര്യങ്ങൾ തന്നെയാണ്. എങ്കിൽ പോലും റേറ്റിംഗ് കൂട്ടുന്ന വാർത്തകൾക്ക് മാത്രമാണ് മാധ്യമങ്ങൾ പ്രാധാന്യം കൊടുക്കുന്നത് എന്നെനിക്ക് തോന്നിപ്പോകുന്നുണ്ട്. ലൈംഗിക ചൂഷണങ്ങളുടെ കാര്യങ്ങൾ മാത്രമല്ല അതിൽ പറഞ്ഞിട്ടുള്ളത്. സിനിമാ സെറ്റുകളിൽ അപര്യാപ്തമായ അടിസ്ഥാന സൗകര്യങ്ങളെ കുറിച്ചും പറഞ്ഞിട്ടുണ്ട്. വേതനം ലഭിക്കാത്ത വിഷയം ചർച്ചയാവേണ്ടതുണ്ട്. അതൊന്നും ആരും ചർച്ച ചെയ്യുന്നില്ല. എല്ലാവർക്കും മസാല വാർത്തകൾ മതി.

ഈ അടിസ്ഥാന സൗകര്യങ്ങളെ കുറിച്ച് സംസാരിക്കാനാണ് ഞാൻ ശരിക്കും ആഗ്രഹിക്കുന്നത്. അഞ്ച് വർഷം മുമ്പ് എഴുതിയ റിപ്പോർട്ടാണിത്. അഞ്ചുവർഷം മുമ്പത്തെ കാര്യമാണ് അതിൽ പറഞ്ഞിട്ടുള്ളത്. കഴിഞ്ഞ നാല് വർഷമായി മെഗാസീരിയലിന്റെ ഭാഗമാണ് ഞാൻ. സെലക്ടീവ് ആയിട്ടാണ് സിനിമകൾ ചെയ്യുന്നത്. ചെയ്യുന്ന സിനിമകൾ വലിയ പ്രൊഡക്ഷൻ അല്ലെങ്കിൽ മെയിൻ സ്ട്രീം സിനിമകളാണ്. ഇത്തരത്തിൽ മെയിൻ സ്ട്രീം സിനിമകളുടെ സെറ്റിലൊന്നും തന്നെ അടിസ്ഥാന സൗകര്യങ്ങൾക്ക് യാതൊരുവിധ കുറവും ഉണ്ടായിട്ടില്ല. ഏത് വലിയ പ്രൊഡക്ഷന്റെ സിനിമയാണെങ്കിലും അവിടെ രണ്ട് കാരവാനെങ്കിലും അഭിനേതാക്കൾക്കായിട്ട് വിട്ടുതരാറുണ്ട്. അല്ലെങ്കിൽ മറ്റ് സൗകര്യങ്ങൾ ഒരുക്കിത്തരാറുണ്ട്. അതുകൊണ്ടുതന്നെ അവിടെ നമുക്ക് കുറച്ചുകൂടെ സുരക്ഷിതമായ അന്തരീക്ഷമാണ്. എന്നാൽ അതേസമയം ഒരു ബി ഗ്രേഡ് സിനിമകളിൽ അഭിനയിക്കുന്ന സമയത്ത് ഇത്തരത്തിലുള്ള സൗകര്യങ്ങൾ ഒന്നും ലഭിക്കാറില്ല എന്നുള്ളത് സത്യം തന്നെയാണ്. സീരിയലിന്റെ കാര്യത്തിലായാലും അങ്ങനെ തന്നെ. വർഷങ്ങളായി സീരിയൽ ഷൂട്ടിംഗ് നടക്കുന്ന തിരുവനന്തപുരത്തെ പ്രശസ്തമായ ചിത്രാഞ്ജലി സ്റ്റുഡിയോ ഉൾപ്പെടെയുള്ളവയുടെ കാര്യങ്ങൾ എടുത്ത് പറയണം. ഇവിടെ ഇത്തരത്തിലുള്ള അടിസ്ഥാന സൗകര്യങ്ങളുടെ കുറവ് വളരെയേറെയാണ്. ഇതിലൊക്കെയാണ് പരിഹാരം കാണേണ്ടത്. എന്റെ സ്വന്തം ചെലവിൽ ഞാൻ സെറ്റിൽ കാരവാൻ കൊണ്ടുപോയിട്ടുണ്ട്. അതൊന്നും എല്ലാവർക്കും സാധിക്കണമെന്നില്ല. അത്തരത്തിലുള്ള സൗകര്യങ്ങൾ ഒരുക്കാനാണ് ആദ്യം ശ്രമിക്കേണ്ടത്. അതിനെപ്പറ്റിയൊന്നും ആരും സംസാരിക്കുന്നില്ലെന്നത് സങ്കടകരമാണ്.

സിനിമയിൽ ചൂഷണം നടക്കുന്നില്ലെന്നാണോ?

എനിക്ക് തരത്തിലുള്ള അനുഭവങ്ങൾ ഉണ്ടാവാത്തതുകൊണ്ട് ഈ വക കാര്യങ്ങൾ സിനിമയിൽ നടക്കുന്നുണ്ടോ ഇല്ലയോ എന്ന് ആധികാരികമായി പറയാൻ എനിക്ക് സാധിക്കില്ല. പലർക്കും ഈ വിഷയത്തിൽ പ്രതികരിക്കാൻ മടിയുള്ളതും ഇക്കാര്യം കൊണ്ടാണ്. ഇത്തരത്തിലുള്ള അനുഭവം ചിലരെങ്കിലും പറയുന്നത് കേട്ടിട്ടുണ്ട്. നേരിട്ട് കണ്ടിട്ടില്ലാത്തതിനാൽ അതിലെ ആധികാരികത അറിയില്ല. ചൂഷണം ചെയ്യുന്നത് വലിയ തെറ്റ് തന്നെയാണ്. ഓഡിഷൻ പോലെയുള്ള കാര്യങ്ങൾ ഇവിടെ ധാരാളം നടക്കുന്നുണ്ട്. അതിൽ വ്യാജ ഓഡിഷനുകളും ഉണ്ട്. അവിടെ ഈ അഡ്ജസ്റ്റ്മെന്റ് സംസാരം ഉണ്ടാകുമായിരിക്കാം. അതെല്ലാം തെറ്റ് തന്നെയാണ്. ചോദ്യം ചെയ്യപ്പെടേണ്ടതുമാണ്. അതിക്രമിച്ച് മുറിയിൽ കയറുക, പീഡിപ്പിക്കുക ഇതെല്ലാം തെറ്റ് തന്നെ ആണ്. അതിനുള്ള ശിക്ഷയും കൊടുക്കണം.

അതല്ലാതെ വ്യാജ പരാതികളും അന്വേഷിക്കപ്പെടേണ്ടവയാണ്. ഈ അടുത്തു വന്നിരിക്കുന്ന പല പീഡനക്കേസുകളിലും ഉള്ള കുഴപ്പം എന്താണെന്ന് വെച്ചാൽ ഇരയും വേട്ടക്കാരനും ഒരേപോലെ സൗഹൃദം കാത്തുസൂക്ഷിച്ചിരുന്നവരാണ്. അത് ഈ ഇൻഡസ്ട്രിയിലെ എല്ലാവർക്കും അറിയുകയും ചെയ്യാം. വർഷങ്ങളായിട്ട് ഇവർ എല്ലാ തരത്തിലുള്ള ബന്ധവും ഉണ്ടായിരുന്നവരാണ്. പിന്നീട് അഭിപ്രായവ്യത്യാസം വന്ന് പരസ്പരം രണ്ടുവഴിയിലായിക്കഴിഞ്ഞാൽ അവിടെ കേസ് ഉണ്ടാവുന്നതിൽ പ്രസക്തിയില്ല. സൗഹൃദമുണ്ടായിരുന്നപ്പോൾ എല്ലാത്തിനും നിന്ന് കൊടുത്തിട്ട് പിന്നീട് വഴക്കായി കഴിഞ്ഞ് പീഡിപ്പിച്ചു എന്ന് പറയുന്നതിൽ എന്ത് കാര്യമാണുള്ളത്. ഇവിടെ രണ്ടു കൂട്ടർക്കും നൂറ് ശതമാനം ഉത്തരവാദിത്തമുണ്ട്. ഇഷ്ടമുണ്ടെങ്കിൽ പോകാം. പോയിക്കഴിഞ്ഞിട്ട് പിന്നീട് അയാൾ പീഡിപ്പിച്ചു എന്ന് പറയുന്നതിൽ എന്തർത്ഥമാണുള്ളത്. അത്തരം കേസുകളിൽ ഇടപെടേണ്ട ആവശ്യമുണ്ട് എന്ന് തന്നെ തോന്നുന്നില്ല. കാര്യമാക്കാതെ വിടുക എന്നത് മാത്രമേ ചെയ്യാനുള്ളൂ.

റിപ്പോർട്ടിൽ പരാമർശിച്ചിട്ടുള്ള പേരുകൾ പുറത്തുവന്നാലല്ലേ അതിജീവിക്കപ്പെട്ടവർക്ക് നീതി ലഭിക്കുകയുള്ളൂ.

പേരുകൾ പുറത്തുവിടാൻ ആണെങ്കിൽ എല്ലാവരെയും അറസ്റ്റ് ചെയ്യേണ്ടതായി വരും. അങ്ങനെയാണെങ്കിൽ ജയിൽ നിറയുമല്ലോ. ഞാൻ നേരത്ത പറഞ്ഞത് അതാണ്. നൂറ് ശതമാനം ശരിയായ കാര്യത്തിലേ നടപടി എടുക്കാവൂ. അനുവാദം ഇല്ലാതെ ചൂഷണം ചെയ്തവരെ പുറത്ത് കൊണ്ട് വരണം.

പലരെയും പ്രതികരണങ്ങൾക്കായി സമീപിക്കുമ്പോൾ മടിക്കുന്നതായി കാണുന്നു, മലയാള സിനിമയിലെ ഈ പവർ ഹൗസിനോടുള്ള ഭയമാണോ അതിന് പിന്നിൽ.

ഈ പവർഹൗസ്, കാസ്റ്റിംഗ് കൗച്ച് എന്ന് പറയുന്ന സംഭവങ്ങൾ ഒന്നു കാണാൻ പറ്റുമോ എന്നാണ് എനിക്ക് ചോദിക്കാനുള്ളത്. പതിനഞ്ചുവർഷമായി മിനിസ്ക്രീനിലും ബിഗ് സ്ക്രീനിലും ഞാൻ ജോലി ചെയ്യുന്നു. ഇതുവരെ ഈ പറയുന്ന പവർ ഹൗസോ കാസ്റ്റിങ് കൗച്ചോ എനിക്ക് നേരിടേണ്ടി വന്നിട്ടില്ല. കാണേണ്ടി വന്നിട്ടില്ല. ഈ ഇടനിലക്കാരായി നിൽക്കുന്ന ആൾക്കാരെയാകുമല്ലോ കാസ്റ്റിങ് കൗച്ച് എന്ന് പറയുന്നത്. ഞാൻ എന്ത് കാര്യത്തിനാണെങ്കിലും സംവിധായകരെ നേരിട്ട് വിളിക്കാറാണുള്ളത്. ആദ്യം മുതലേ അങ്ങനെ തന്നെയാണ്. അതുമാത്രമല്ല ഓഡിഷനുകളിലും ഞാനിതു വരെ പങ്കെടുത്തിട്ടില്ല. ഇടയ്ക്ക് നിന്ന് പ്രവർത്തിക്കുന്നവരെ ജീവിതത്തിലേക്ക് അടുപ്പിക്കാതിരിക്കുന്നതാണ് നല്ലത്.

വീണ്ടും നമ്മൾ കാണേണ്ടവരാണല്ലോ എന്നുള്ള ചിന്ത കൊണ്ടായിരിക്കും പലരും നിലപാട് അറിയിക്കാൻ മടിക്കുന്നത്. അങ്ങനെ ആകുമെന്ന് ഞാൻ കരുതുന്നു. പിന്നെ ഈ സഹപ്രവർത്തകർ നമ്മുടെ അടുത്ത് അവരുടെ പ്രശ്നങ്ങൾ പറഞ്ഞാലല്ലേ നമുക്കതിൽ പ്രതികരിക്കാനാകൂ.

ഞാൻ ധാരാളം സ്റ്റേജ് ഷോകൾ ചെയ്യുന്ന വ്യക്തിയാണ്. ധാരാളം പ്രശ്നക്കാരായവർ കാണികളുടെ കൂട്ടത്തിലും സംഘാടകർക്കിടയിലും കാണും. സ്വാഭാവികമാണ്. നടിയുടെ ഡാൻസ് പ്രോഗ്രാം ആണ്. അവരെ കാണാമല്ലോ എന്ന് വിചാരിച്ച് വരുന്ന ആൾക്കാർ ഒരുപാട് പേരുണ്ട്. പലപ്പോഴും ഗ്രീൻ റൂമിൽ വരെ ഇടിച്ചു കയറി വരുന്ന സന്ദർഭങ്ങൾ ഉണ്ടായിട്ടുണ്ട്. പക്ഷേ, ഇത്രയും വർഷത്തെ എക്സ്പീരിയൻസ് കൊണ്ടും ഇത്രയും സൗഹൃദങ്ങളും മറ്റ് ബന്ധങ്ങളും ഉള്ളതുകൊണ്ടും ഇപ്പോൾ അത്തരത്തിലുള്ള ആൾക്കാർക്കിടയിൽ ഒരു മതിൽ കെട്ടാൻ സാധിച്ചിട്ടുണ്ട്. ശോഭനയുടെ ഡാൻസ് പ്രോഗ്രാമുകൾ ഉദാഹരണമായിട്ട് എടുക്കാം. ഒരു മനുഷ്യനും അവിടെ കയറാൻ പറ്റില്ല. എനിക്ക് എന്തെങ്കിലും ഇഷ്ടമില്ലാത്തത് കണ്ടാൽ‌ ഞാനത് അപ്പോൾ തന്നെ തുറന്നു പറയാറുണ്ട്. അങ്ങനെ പ്രതികരിച്ചാൽ തന്നെയേ അവർക്ക് ഒരു പേടി ഉണ്ടാവുകയുള്ളൂ. ഇതുപോലുള്ള അനുഭവങ്ങൾ ഉണ്ടായിട്ടുള്ള പല ആൾക്കാരും ആ സമയത്ത് പ്രതികരിക്കാതെ പിന്നീട് ഇത്തരത്തിലുള്ള എന്തെങ്കിലും സംഭവങ്ങൾ വന്നു കഴിയുമ്പോഴാകും മാധ്യമങ്ങളുടെയും മറ്റും മുന്നിൽ തുറന്നു പറയുന്നത്. അത്തരത്തിലുള്ള ഒരു ഒരു പ്രശ്നമാണ് കഴിഞ്ഞ ദിവസം ഒരു നടി 2006ൽ അവർക്ക് സംഭവിച്ച ഒരു കാര്യത്തെക്കുറിച്ച് തുറന്നു പറഞ്ഞുകൊണ്ട് അയച്ച മെയിൽ.

അമ്മയുടെ തലപ്പത്തുണ്ടായിരുന്ന ഇടവേള ബാബു ഉൾപ്പടെയുള്ള നടന്മാരുടെ പേരുകളും പുറത്തു വന്നിട്ടുണ്ടല്ലോ.

സുധീഷേട്ടന്റെയും മറ്റും പേരൊക്കെ കേട്ടപ്പോൾ സത്യത്തിൽ ഞെട്ടിപ്പോയി. പെട്ടെന്ന് ഒരാൾ വന്ന് ഇവരുടെ എല്ലാം പേരിൽ ആരോപണങ്ങൾ ഉന്നയിക്കുമ്പോൾ അതിനെതിരേ എന്ത് നടപടിയാണ് എടുക്കേണ്ടത് എന്നുള്ള കാര്യത്തിൽ ഞങ്ങൾക്കും വലിയ വ്യക്തതയില്ല. ഇതിൽ എത്രത്തോളം വസ്തുതയുണ്ടെന്നും ഞങ്ങൾക്ക് അറിയില്ല. അമ്മയിൽ മെമ്പർഷിപ്പ് എടുക്കാൻ ഒന്നുകിൽ ഒന്നര ലക്ഷം രൂപ കൊടുക്കണം അല്ലെങ്കിൽ തന്റെ കൂടെ വരണം എന്ന് ഇടവേള ബാബു ചേട്ടൻ പറഞ്ഞു എന്നാരോപിച്ചാണ് ഒരു വ്യക്തി ഇന്നലെ രംഗത്ത് വന്നത്. അമ്മയിൽ മെമ്പർഷിപ്പ് എടുക്കാൻ ഇവർക്ക് എന്താണ് യോഗ്യത എന്നുള്ളതാണ് ആദ്യം പരിശോധിക്കേണ്ടത്. ഏതാണ്ട് നാല് ചിത്രങ്ങൾക്ക് ശേഷമാണ് എനിക്ക് അമ്മയിൽ അംഗത്വം ലഭിക്കുന്നത്. പക്ഷേ, ഇപ്പോൾ പരാതിയുമായി വന്ന ഈ വ്യക്തിയെ ഞാൻ മറ്റൊരു സിനിമയിലും കണ്ടിട്ടില്ല. എന്റെ അറിവുകേടാണോ എന്നെനിക്കറിയില്ല. പക്ഷേ, ഞാൻ ഇതുവരെ മറ്റ് സിനിമകളിൽ കണ്ടിട്ടില്ല.

അമ്മയുടെ അജണ്ട അനുസരിച്ച് നായിക ആണെങ്കിൽ ഒരു സിനിമ കഴിഞ്ഞ ശേഷം അംഗത്വം എടുക്കാം. എന്നാൽ സപ്പോർട്ടിംഗ് റോൾ ചെയ്യുന്ന വ്യക്തി ആണെങ്കിൽ മൂന്നോ നാലോ ചിത്രങ്ങൾ കഴിയണം. നിലനിൽക്കുമെന്ന് ഉറപ്പുള്ള ആർട്ടിസ്റ്റുകൾ ആണെങ്കിൽ മാത്രമാണ് അംഗത്വം കൊടുക്കുന്നത്. അങ്ങനെ നോക്കുകയാണെങ്കിൽ ഈ പരാതിയുമായി വന്ന സ്ത്രീ എന്തിനാണ് മെമ്പർഷിപ്പ് ആവശ്യപ്പെട്ടത് എന്നുള്ളതാണ് ആദ്യത്തെ ചോദ്യം. അവരെ ഒഴിവാക്കാൻ വേണ്ടി ആയിരിക്കണം ബാബു ചേട്ടൻ അങ്ങനെ പറഞ്ഞത്. എന്തോ എനിക്ക് വസ്തുത അറിയില്ല. ഒന്നിലും വ്യക്തതയില്ല. അതുകൊണ്ടാണ് പ്രതികരിക്കാൻ ഞാൻ മടിച്ചതും. എന്താണ് ഇതിന്റെ എല്ലാം പുറകിൽ നടന്നതെന്ന് അറിയാത്തത് കൊണ്ട് എങ്ങനെ പ്രതികരിക്കാനാണ്. ഒരു വിവാഹമോചനം നടക്കുമ്പോൾ രണ്ടുപേരുടെപക്ഷവും കേട്ടതിനുശേഷമേ അഭിപ്രായം പറയാവൂ എന്ന് പറയില്ലേ. അതുപോലെതന്നെയാണ് ഇവിടെ.

അമ്മയുടെ പ്രതികരണം വളരെ വൈകിപ്പോയില്ലേ.

പ്രതികരണം വൈകി എന്ന് പറയാനാവില്ല. 20,21 തീയതികളിൽ അമ്മയുടെ ഷോ ഉണ്ടായിരുന്നു. അതിന്റെ റിഹേഴ്സലും കാര്യങ്ങളുമായി എല്ലാവരും തിരക്കിലായിരുന്നു. മാത്രമല്ല എക്സിക്യൂട്ടീവ് കമ്മിറ്റിയിലെ പല അംഗങ്ങളും പല സ്ഥലങ്ങളിലും ആയിരുന്നതിനാലാണ് ഒരു മീറ്റിംഗ് വയ്ക്കാൻ ആ സമയത്ത് സാധിക്കാതിരുന്നത്. പിന്നെ ആർക്കും ഒരു ചോദ്യവും ഉത്തരവും കിട്ടാത്ത കാര്യമാണിത്.

സംഘടനയെ മൊത്തമായി ഇപ്പോൾ ആക്രമിക്കുകയാണ്. സംഘടനയിലുള്ള എല്ലാവരെയും പ്രതിക്കൂട്ടിൽ നിർത്തുകയാണ്. സിനിമ ശരിക്കും രണ്ട് തരത്തിലുണ്ട് എ ക്ലാസും ബി ക്ലാസും. പക്ഷേ പുറത്തുനിന്ന് നോക്കുന്നവർക്ക് സിനിമ എന്ന് പറഞ്ഞാൽ സിനിമ മാത്രമാണ്. ഞാൻ തരം തിരിച്ച് പറയുകയല്ല. പക്ഷേ അത്തരത്തിലുള്ള ഒരു വേർതിരിവ് സിനിമകളിലുണ്ട്. വളരെ ലോ ബഡ്ജറ്റിൽ എടുത്ത് ഹിറ്റ് ആയിട്ടുള്ള അല്ലെങ്കിൽ നല്ല രീതിയിൽ പ്രതികരണം നേടിയിട്ടുള്ള ചിത്രങ്ങൾ ഇവിടെ ഉണ്ടായിട്ടുണ്ട് എന്നുള്ളത് മറ്റൊരു വസ്തുത. പക്ഷേ ചില സിനിമകളിൽ ഇത്തരത്തിൽ പുതിയ നിർമ്മാതാക്കൾ വരുമ്പോൾ ഇതുപോലെയുള്ള ഓഫറുകൾ നിർമാതാവോ പ്രൊഡക്ഷൻ കൺട്രോളറോ ഇവർക്ക് കൊടുത്തിട്ടാണോ പൈസ മുടക്കാൻ അവരെ കൊണ്ട് സമ്മതിപ്പിക്കുന്നതെന്ന് എനിക്കറിയില്ല. അങ്ങനെ ഞാൻ കേട്ടിട്ടുണ്ട്.

കഴിഞ്ഞ ദിവസം ജോമോൾ നടത്തിയ പ്രസ്താവന വിവാദമായിരുന്നു.

അതാണ് നേരത്തെ പറഞ്ഞത് സിനിമ രണ്ടു തരത്തിലുണ്ട്. സാധാരണക്കാരന് സിനിമ സിനിമ മാത്രമാണ്. ജോമാൾ ചേച്ചിയുടെ കാര്യം പറയുകയാണെങ്കിൽ അവർ നിറം പോലെയുള്ള മെയിൻ സ്ട്രീം അല്ലെങ്കിൽ ഹിറ്റ് സിനിമകളിൽ അഭിനയിച്ചിട്ടുള്ള നടിയാണ്. നല്ല പ്രൊഡക്ഷന്റെ കീഴിൽ നല്ല ടെക്നീഷ്യന്മാർ, താരങ്ങൾ ഒക്കെയുള്ള ചിത്രങ്ങളാണ് ചെയ്തിട്ടുള്ളത്. അവിടെയൊന്നും ഇത്തരത്തിൽ ചൂഷണം ചെയ്യുന്നവരായിട്ട് ആരെങ്കിലും ഉണ്ട് എന്ന് തന്നെ തോന്നുന്നില്ല. ജോമോൾ ചേച്ചി പറഞ്ഞത് വിവാദമാക്കേണ്ട കാര്യമില്ല. ഒരു ലോ ബഡ്ജറ്റ് സിനിമയിൽ ചേച്ചി അഭിനയിച്ചിട്ടുണ്ട് എന്ന് എനിക്ക് തോന്നുന്നില്ല. എന്റെ അറിവിൽ ചേച്ചി ചെയ്തതെല്ലാം വലിയ ബാനറുകളുടെ ചിത്രങ്ങളാണ്. അതുകൊണ്ടുതന്നെ ചേച്ചിക്ക് അത്തരം അനുഭവങ്ങൾ ഉണ്ടായിട്ടുണ്ടാവില്ല. അതവർ തുറന്നു പറഞ്ഞതിൽ എന്താണ് വിവാദമാക്കാൻ ഉള്ളത്.

ഈ റിപ്പോർട്ടിന്മേൽ എന്ത് മാറ്റമാണ് സിനിമയിൽ പ്രതീക്ഷിക്കുന്നത്.

ഒരു പരിധിവരെ റിപ്പോർട്ട് പുറത്തുവന്നത് വളരെ നന്നായി. എല്ലാവർക്കും ഉള്ള ഒരു മുന്നറിയിപ്പായി. പക്ഷേ റിപ്പോർട്ടിലെ ചില കാര്യങ്ങൾ ഊന്നി പറയുന്നത് ഞാൻ കണ്ടു. പത്തും പതിനഞ്ചും വർഷം മുമ്പുള്ള പല കാര്യങ്ങളും ഇപ്പോഴും കൊണ്ടുവന്നിട്ടുണ്ട്. അതിനൊക്കെ എത്രത്തോളം പ്രസക്തി ഇന്നുണ്ട് എന്ന് നമുക്ക് ആലോചിച്ചാൽ മനസിലാകും. മാധ്യമങ്ങളാണെങ്കിലും വായിക്കുന്ന ആൾക്കാരാണെങ്കിലും കൂടുതലും മസാല വാർത്തകൾക്കാണ് പ്രാധാന്യം കൊടുക്കുന്നത്. മാധ്യമങ്ങളെ മാത്രം കുറ്റം പറയുകയല്ല. വായിക്കുന്ന ആൾക്കാരുടെ സ്വഭാവമാണ് മാധ്യമങ്ങളിൽ പ്രതിഫലിക്കുന്നത്. കഴിഞ്ഞുപോയ കാര്യങ്ങളെ പറ്റി പറഞ്ഞ് ഇപ്പോൾ കിടന്നു വഴക്കുണ്ടാക്കിയിട്ട് കാര്യമുണ്ടോ. മുന്നോട്ടുള്ള കാര്യങ്ങൾ അല്ലേ നോക്കേണ്ടത്.

അതിൽ വരുന്നതാണ് ഞാൻ ആദ്യം പറഞ്ഞ ഈ അടിസ്ഥാന സൗകര്യങ്ങൾ സിനിമാ സെറ്റുകളിലും സീരിയൽ സെറ്റുകളിലും ഒരുക്കേണ്ടതിന്റെ ആവശ്യകത. റിപ്പോർട്ടിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങളിൽ മാറ്റങ്ങൾ വരുത്താൻ അല്ല മാധ്യമങ്ങളും മറ്റും ശ്രദ്ധ കൊടുക്കുന്നത്. എങ്ങനെ മറ്റൊരാൾക്ക് പണികൊടുക്കാം എന്നുള്ള ചർച്ചകൾ അല്ലാതെ പരിഹാരങ്ങളെ കുറിച്ചുള്ള ചർച്ച ഞാൻ ഒരിടത്തും കണ്ടില്ല. എല്ലാവർക്കും ആരെയെങ്കിലുമൊക്കെ പ്രതിക്കൂട്ടിൽ നിർത്തണം. അതുമാത്രമല്ല ഈ പറയുന്ന 15 പേരേ മാത്രമാണോ പ്രതിക്കൂട്ടിൽ നിർത്തേണ്ടത്. അവർ മാത്രമാണോ ഇവിടുത്തെ പ്രശ്നക്കാർ. ഒന്നോ രണ്ടോ പേര് മാത്രമാണോ ഇവിടുത്തെ പ്രശ്നം. അവരെ പിടിച്ച് ജയിലിൽ ഇട്ടതുകൊണ്ട് തീർന്നോ പ്രശ്നങ്ങൾ. ഇവിടെ ചിലരുടെ ആവശ്യം അവർക്ക് വിരോധമുള്ള ആൾക്കാരെ കരിവാരി തേക്കുക, അവരെ പിടിച്ച് ജയിലിൽ ഇടുക ഇതൊക്കെ മാത്രമാണ്. മാറ്റങ്ങളാണ് വരേണ്ടത്. ഹേമ മാഡം ഈ റിപ്പോർട്ട് തയ്യാറാക്കിയത് പോലും സിനിമയിൽ സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങൾക്ക് മാറ്റം കൊണ്ടുവരണം എന്ന ഉദ്ദേശത്തിലാണ്. ആ മാറ്റങ്ങൾ മുന്നിൽകണ്ടാണ് റിപ്പോർട്ട് കൊടുത്തിട്ടുള്ളത്. അതുകൊണ്ട് മാറ്റങ്ങൾ വരട്ടെ.

Spread the love

Leave a Reply

Your email address will not be published. Required fields are marked *