ഓൺലൈൻ തട്ടിപ്പ് : 7.65 കോടി രൂപതട്ടിയെടുത്ത അന്താരാഷ്ട്ര കുറ്റവാളികൾ അറസ്റ്റിൽ

ആലപ്പുഴ :ചേർത്തല സ്വദേശിയിൽ നിന്ന് ഓൺലൈനായി പണം തട്ടിയ അന്താരാഷ്ട്ര കുറ്റവാളികൾ അറസ്റ്റിൽ. തായ്‌വാൻ സ്വദേശികളായ വാങ്ങ് ചുൻ വെൽ (26), ഷെൻ വെൽ ചുങ്ങ് (35) എന്നിവരാണ് പിടിയിലായത്. അഹമ്മദാബാദിൽ നിന്ന് കസ്റ്റഡിയിലെടുത്ത പ്രതികളെ കേരളത്തിലെത്തിച്ചു. ചേർത്തല സ്വദേശിയിൽ നിന്ന് 7.65 കോടി രൂപയാണ് ഇവർ തട്ടിയെടുത്തത്.കഴിഞ്ഞ ജൂണിൽ നടന്ന തട്ടിപ്പിൽ ഇതര സംസ്ഥാനക്കാർ ഉൾപ്പടെ അഞ്ചുപേർ നേരത്തെ അറസ്റ്റിലായി. കോഴിക്കോട് സ്വദേശികളായ മുഹമ്മദ് അനസ്, പ്രവീഷ്, അബ്ദുൾ സമദ് എന്നിവരെയാണ് ആദ്യം അറസ്റ്റുചെയ്തത്.ഇവർ നൽകിയ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ ഇതര സംസ്ഥാനക്കാരനായ ഭഗവാൻ റാമിനെയും പിന്നാലെ നിർമൽ ജെയിനെയും പിടികൂടി. ചൈന കേന്ദ്രീകരിച്ചായിരുന്നു തട്ടിപ്പ്
മറ്റൊരു സംഭവത്തിൽ കൊല്ലം റൂറൽ സൈബർ ക്രൈം പൊലീസ് അന്വേഷിച്ചുവന്ന രണ്ട് ഓൺലൈൻ ട്രേഡിങ് തട്ടിപ്പ് സംഘത്തിലെ മുഖ്യ പ്രതികളെ കാസർഗോഡ് നിന്ന് സൈബർ പൊലീസ് സംഘം അറസ്റ്റ് ചെയ്തു. കാസർഗോഡ്, പടന്ന മൂസാഹാജിമുക്ക് കെ.കെ. അജീര്‍ (19), കാസർകോട്, ഹോസ്ദുര്‍ഗ് പഴയ കടപ്പുറം, മൌലകിരിയത്ത് വീട്ടില്‍ അബ്ദുല്‍ ഷുഹൈബ് (22) എന്നിവരാണ് പിടിയിലായത്.
കൊട്ടാരക്കര സ്വദേശിയായ പരാതിക്കാരന് ഷെയർ ട്രേഡിങ് കമ്പനി വഴി ഷെയര്‍ ട്രേഡ് ചെയ്യിപ്പിച്ച് ലാഭം ഉണ്ടാക്കി നല്‍കാമെന്ന് വാഗ്ദാനം നല്‍കി 81.5 ലക്ഷം രൂപ തട്ടിച്ച പരാതിയിലാണ് കെ.കെ. അജീറിനെ അറസ്റ്റ് ചെയ്തത്. അഞ്ചല്‍ സ്വദേശിയായ പരാതിക്കാരന് വിവിധ കമ്പനികളുടെ അലോട്ട്മെന്‍റ് തരപ്പെടുത്തി ഓണ്‍ലൈന്‍ ട്രേഡിങ് നടത്തി ലാഭം ഉണ്ടാക്കി നല്‍കാമെന്ന് വാഗ്ദാനം നല്‍കി 13 ലക്ഷത്തിലധികം രൂപ തട്ടിച്ച പരാതിയിലാണ് ഷുഹൈബ് അറസ്റ്റിലായത്.