രണ്ടുവരന്മാർക്ക് ഒരു വധു : ഹട്ടികളുടെ പാരമ്പര്യരീതി

0
himachal

ഷിംല: സഹോദരങ്ങളായ രണ്ട് വരന്മാര്‍ക്ക് ഒരു വധു. ഹിമാചൽപ്രദേശിൽ നടന്നൊരു വിവാഹം സാമൂഹ്യമാധ്യമങ്ങളിൽ ഇന്നത്തെ പ്രധാനചർച്ചാവിഷയമാണ്. സിർമൗർ ജില്ലയിലെ ഷില്ലായ് ഗ്രാമത്തിലെ ഹട്ടി ഗോത്രത്തിൽപ്പെട്ട പ്രദീപ് നേഗിയും കപിൽ നേഗിയുമാണ് കുൻഹട്ട് ഗ്രാമത്തിലെ സുനിത ചൗഹാനെ വധുവായി സ്വീകരിച്ചത്. കാലഹരണപ്പെട്ട ബഹുഭർതൃത്വ പാരമ്പര്യത്തിന് കീഴിൽ നടന്ന വിവാഹത്തിന് നൂറുകണക്കിന് ആളുകളാണ് സാക്ഷ്യം വഹിച്ചത്.

ജൂലൈ 12-ന് സിർമൗർ ജില്ലയിലെ ട്രാൻസ്-ഗിരി പ്രദേശത്ത് ആരംഭിച്ച് മൂന്ന് ദിവസം നീണ്ടുനിന്ന ചടങ്ങിന് പ്രാദേശിക നാടോടി ഗാനങ്ങളും നൃത്തങ്ങളും നിറം പകർന്നു. വിവാഹ ചടങ്ങിന്‍റെ വീഡിയോകൾ ഇന്‍റര്‍നെറ്റിൽ വൈറലായിരുന്നു. ഒരു സർക്കാർ വകുപ്പിൽ ജോലി ചെയ്യുകയാണ് പ്രദീപ്. ഇളയ സഹോദരൻ കപിലിന് വിദേശത്താണ് ജോലി.
ഇതു തങ്ങളുടെ തന്നെ തീരുമാനമാണെന്നാണ് മൂന്ന് പേരും പ്രതികരിച്ചിരിക്കുന്നത്. യാതൊരു സമ്മര്‍ദവുമില്ലാതെയാണ് വിവാഹത്തിന് തയ്യാറായതെന്ന് വധുവായ സുനിത പറഞ്ഞു.
“ഈ പാരമ്പര്യം പരസ്യമായി പിന്തുടർന്നതില്‍ ഞങ്ങൾക്ക് അഭിമാനം മാത്രമാണ്. ഇതൊരു സംയുക്ത തീരുമാനമായിരുന്നു” എന്നാണ് വരന്മാരുടെ പ്രതികരണം.

“ഈ വിവാഹത്തിലൂടെ ഒരു ഐക്യ കുടുംബമെന്ന നിലയിൽ ഞങ്ങളുടെ ഭാര്യയ്ക്ക് പിന്തുണയും സ്ഥിരതയും സ്നേഹവും ഞങ്ങൾ ഉറപ്പാക്കുകയാണ് ചെയ്യുന്നത്. ഞങ്ങൾ എപ്പോഴും സുതാര്യതയിൽ വിശ്വസിച്ചിരുന്നു”- കപിലും പ്രദീപും പറഞ്ഞു.

ഹിമാചൽ പ്രദേശ്-ഉത്തരാഖണ്ഡ് അതിർത്തിയിലാണ് ഹട്ടി ഗോത്രത്തില്‍പെട്ടവര്‍ കൂടുതലായി നിവസിക്കുന്നത് . 2022-ല്‍ ഹട്ടികൾക്ക് പട്ടികവർഗ പദവി ലഭിച്ചിരുന്നു. ഈ ഗോത്രത്തിൽ, നൂറ്റാണ്ടുകളായി ബഹുഭർതൃത്വം പ്രചാരത്തിലുണ്ടായിരുന്നു. എന്നാൽ സ്ത്രീകൾക്കിടയിലെ വർധിച്ചുവരുന്ന സാക്ഷരതയും പ്രദേശത്തെ സമൂഹങ്ങളുടെ സാമ്പത്തിക ഉന്നമനവും കാരണം സമീപകാലത്ത് ഇതില്ലാതായി വരികയാണ്.

 

Spread the love

Leave a Reply

Your email address will not be published. Required fields are marked *