ദുബൈ; നഴ്സുമാർക്ക് ഗോൾഡൻ വിസ

ദുബൈ ഹെൽത്തിൽ 15 വർഷത്തിലധികം സേവനമനുഷ്ഠിച്ച നഴ്സുമാർക്ക് ഗോൾഡൻ വിസ നൽകാൻ ദുബൈ കിരീടാവകാശിയും യു എ ഇ ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് അൽ മക്തൂം നിർദേശിച്ചു. ആരോഗ്യ മേഖലയിലെ അവരുടെ മാനുഷിക സംഭാവനകളെ അംഗീകരിച്ചാണ് ഈ തീരുമാനം. മെയ് 12-ന് ആഘോഷിക്കുന്ന അന്താരാഷ്ട്ര നഴ്സസ് ദിനത്തോടനുബന്ധിച്ചാണ് പ്രഖ്യാപനം. നഴ്സുമാർ ആരോഗ്യ സംരക്ഷണ രംഗത്തിന്റെ മുൻനിരയിലാണെന്നും ആരോഗ്യമുള്ള സമൂഹം എന്ന ലക്ഷ്യത്തിന്റെ പ്രധാന പങ്കാളികളാണെന്നും ശൈഖ് ഹംദാൻ വ്യക്തമാക്കി.
രോഗികളുടെ ക്ഷേമത്തിനായുള്ള അവരുടെ നിരന്തരമായ സമർപ്പണത്തെ അദ്ദേഹം പ്രശംസിച്ചു. ദുബൈയുടെ മികവിനെ മുഴുവൻ ലോകവും വിലമതിക്കുന്നുണ്ടെന്നും സേവന സമർപ്പണത്തോടെ പ്രവർത്തിക്കുന്നവരെ ആദരിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ആരോഗ്യ പ്രവർത്തകരെ പിന്തുണയ്ക്കുന്നതിനും അവർക്ക് മികച്ച പ്രവർത്തന സാഹചര്യം ഒരുക്കുന്നതിനുമുള്ള ഭരണകൂടത്തിന്റെ പ്രതിബദ്ധതയാണ് ഈ തീരുമാനം വ്യക്തമാക്കുന്നത്.