ആരും ടീമിലെടുക്കാതിരുന്ന സമയത്ത് വിളിച്ചതും ആശ്വസിപ്പിച്ചതും സഞ്ജു, ടീമിലെടുത്തും സഹായിച്ചു: തുറന്നുപറഞ്ഞ് സന്ദീപ് ശർമ

0

 

മുംബൈ∙  2023 ലെ ഐപിഎൽ സീസണിനു മുന്നോടിയായുള്ള താരലേലത്തിൽ ആരും ടീമിലെടുക്കാതിരുന്ന തന്നെ, ആ സമയത്ത് വിളിച്ച് ആശ്വസിപ്പിക്കുകയും ടീമിൽ ഇടം നൽകുകയും ചെയ്തത് രാജസ്ഥാൻ റോയൽസ് നായകൻ സഞ്ജു സാംസണാണെന്ന് സന്ദീപ് ശർമ. 2023 സീസണിൽ അവസരം ലഭിക്കാതിരുന്ന സന്ദീപ് ശർമയെ, പരുക്കേറ്റ പ്രസിദ്ധ് കൃഷ്ണയ്ക്കു പകരക്കാരനായാണ് രാജസ്ഥാൻ റോയൽസ് ടീമിലെടുത്തത്. തുടർന്നു കളിച്ച രണ്ടു സീസണുകളിൽനിന്ന് 23 വിക്കറ്റുകളാണ് സന്ദീപ് സ്വന്തമാക്കിയത്.

‘‘ആ സമയത്ത് എനിക്ക് സഞ്ജു സാംസണിന്റെ ഫോൺ വന്നു. അദ്ദേഹം അന്ന് എന്നോട് ഒരുപാടു പോസിറ്റീവ് കാര്യങ്ങൾ പറഞ്ഞു. താരലേലത്തിൽ എന്നെ ആരും ടീമിൽ എടുക്കാതിരുന്നത് അദ്ദേഹത്തെ വളരെയധികം വിഷമിപ്പിച്ചുവെന്നും പറഞ്ഞു. എന്റെ ബോളിങ് മികവിൽ വിശ്വസിച്ച സഞ്ജു, ആ സീസണിൽ എനിക്ക് അവസരം ഒരുക്കിത്തരാമെന്നും വാഗ്ദാനം ചെയ്തു. മിക്ക ടീമുകളിലും പരുക്കിന്റെ പ്രശ്നങ്ങളുണ്ടെന്നും രാജസ്ഥാൻ റോയൽസിലും സമാന പ്രശ്നങ്ങളുണ്ടെന്നും സഞ്ജു വിശദീകരിച്ചു. ആ സീസണിൽ ഞാൻ ഐപിഎലിൽ കളിക്കുമെന്നും മികച്ച പ്രകടനം പുറത്തെടുക്കുമെന്നും സഞ്ജു എന്നോടു പറഞ്ഞു’ – സന്ദീപ് വിശദീകരിച്ചു.

ആ സമയത്ത് എന്റെയുള്ളിൽ പോസിറ്റീവ് ചിന്ത ഉണർത്തിയ ഒരേയൊരു വ്യക്തി സഞ്ജുവാണ്. അത് വ്യക്തിപരമായി എനിക്ക് വളരെയധികം ഉപകാരം ചെയ്തു. ആ സവിശേഷ സാഹചര്യത്തെക്കുറിച്ച് എന്നോട് പറഞ്ഞ ഒരേയൊരാൾ സഞ്ജുവാണ്. പിന്നീട് രാജസ്ഥാൻ ക്യാംപിലേക്ക് സഞ്ജു തന്നെ എന്നെ ക്ഷണിച്ചു. പ്രസിദ്ധ് കൃഷ്ണ നിർഭാഗ്യവശാൽ പരുക്കേറ്റ് പുറത്തായപ്പോൾ ടീമിലും ഇടം തന്നു. അന്നു മുതൽ ഐപിഎലിലെ ഓരോ മത്സരവും ഞാൻ കളിക്കുന്നത് അത് എന്റെ അവസാന മത്സരമാണെന്ന ചിന്തയോടെയാണ്’ – സന്ദീപ് ശർമ പറഞ്ഞു.ഐപിഎലിൽ ഏറ്റവും മികച്ച ബോളർമാരുടെ ഗണത്തിൽപ്പെടുന്ന താരമാണ് സന്ദീപ് ശർമ.

2013 മുതൽ 2018 വരെ പഞ്ചാബ് കിങ്സ് താരമായിരിക്കെ, സന്ദീപിന്റെ തകർപ്പൻ പ്രകടനം ശ്രദ്ധ നേടി. ആ ആറു സീസണുകളിലായി 56 മത്സരങ്ങളിൽനിന്ന് 71 വിക്കറ്റുകളാണ് സന്ദീപ് സ്വന്തമാക്കിയത്. ന്യൂബോളിൽ ഏറ്റവും വിശ്വസിക്കാവുന്ന ബോളർമാരുടെ ഗണത്തിലും അദ്ദേഹം ഇടംപിടിച്ചു. സൺറൈസേഴ്സ് ഹൈദരാബാദിലും 48 മത്സരങ്ങളിൽനിന്ന് 43 വിക്കറ്റുകളുമായി അദ്ദേഹം തിളങ്ങി.പിന്നീട് 2023ൽ രാജസ്ഥാനിൽ എത്തിയതോടെയാണ് സന്ദീപിന്റെ കരിയറിന്റെ അടുത്ത അധ്യായം തുടങ്ങുന്നത്. 2023 സീസണിൽ പ്രസിദ്ധ് കൃഷ്ണയ്ക്ക് പരുക്കേറ്റതോടെ ടീമിലെത്തിയ സന്ദീപ് ശർമ, രണ്ടു സീസണുകളിലായി രാജസ്ഥാൻ റോയൽസിനായി 22 കളികളിൽനിന്ന് 23 വിക്കറ്റ് സ്വന്തമാക്കി.

Spread the love

Leave a Reply

Your email address will not be published. Required fields are marked *