നിമിഷപ്രിയയുടെ മോചനം : ആക്ഷൻ കൗൺസിലി’ൻ്റെ അപേക്ഷ കേന്ദ്ര0 തള്ളി

ന്യുഡൽഹി :: യെമനിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട നിമിഷ പ്രിയയുടെ മോചനത്തിനായി ആറംഗ നയതന്ത്ര-മധ്യസ്ഥ സംഘത്തെ അയക്കണമെന്ന ‘സേവ് നിമിഷ പ്രിയ ആക്ഷൻ കൗൺസിലി’ൻ്റെ അപേക്ഷ കേന്ദ്ര സർക്കാർ തള്ളി. കേന്ദ്രത്തിൻ്റെ ഈ നടപടി സുപ്രീം കോടതിയിൽ ഉന്നയിക്കുമെന്ന് ആക്ഷൻ കൗൺസിൽ അറിയിച്ചു. ഓഗസ്റ്റ് 14നാണ് കേസ് സുപ്രീം കോടതി വീണ്ടും പരിഗണിക്കുന്നത്.
പ്രതിനിധി സംഘത്തിൻ്റെ സുരക്ഷയിലും ക്ഷേമത്തിലും വിദേശകാര്യ മന്ത്രാലയത്തിന് ആശങ്കയുണ്ടെന്ന് കേന്ദ്രം വ്യക്തമാക്കി. സനായിലെ നിലവിലെ ഭരണകൂടവുമായി ഇന്ത്യയ്ക്ക് നയതന്ത്ര ബന്ധമില്ലാത്തതും ഒരു കാരണമായി ചൂണ്ടിക്കാട്ടിയിട്ടുണ്ട്. യെമനിലെ സുരക്ഷാ സാഹചര്യം മോശമായതിനാൽ, അവിടത്തെ ഇന്ത്യൻ എംബസി റിയാദിലേക്ക് മാറ്റിയിരിക്കയാണ്.നിമിഷയുടെ മോചന വിഷയത്തിൽ കൊല്ലപ്പെട്ടയാളുടെ കുടുംബവും നിമിഷ പ്രിയയുടെ കുടുംബമോ അല്ലെങ്കിൽ അവരുടെ പ്രതിനിധികളോ തമ്മിൽ മാത്രമേ ചർച്ചകൾ നടക്കുകയുള്ളൂവെന്നും കേന്ദ്ര സർക്കാർ അറിയിച്ചു. ഇന്ത്യൻ പൗരന്മാരുടെ സുരക്ഷയ്ക്കാണ് മുൻഗണനയെന്നും, ഈ വിഷയത്തിൽ സാധ്യമായ എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ടെന്നും കേന്ദ്രം ആക്ഷൻ കൗൺസിലിന് നൽകിയ മറുപടിയിൽ പറയുന്നു.
കേന്ദ്ര സർക്കാരിൽ നിന്ന് മറ്റൊരു തീരുമാനവും പ്രതീക്ഷിച്ചിരുന്നില്ലെന്ന് ആക്ഷൻ കൗൺസിൽ പ്രതികരിച്ചു. സുപ്രീം കോടതി നിർദേശിച്ചതനുസരിച്ചാണ് സർക്കാരിനെ സമീപിച്ചതെന്നും മധ്യസ്ഥ സംഘത്തിന് യെമനിൽ പോകാനുള്ള വഴി കേന്ദ്രം തടസ്സപ്പെടുത്തിയ സ്ഥിതിക്ക് അതുകൊണ്ട് വീണ്ടും കോടതിയെ സമീപിക്കുകയെ മാർഗ്ഗമുള്ളൂ എന്ന് ആക്ഷൻ കൗൺസിലിൻ്റെ അഭിഭാഷകൻ സുഭാഷ് ചന്ദ്രൻ പറഞ്ഞു.
നിമിഷ പ്രിയയുടെ മോചനവുമായി ബന്ധപ്പെട്ട് നടത്തുന്ന ശരിയായ ഇടപെടലുകൾ ചിലരെ അസ്വസ്ഥരാക്കുന്നുണ്ടെന്നും, നാൽപതിനായിരം ഡോളർ വാങ്ങി ഒന്നും ചെയ്യാത്തവരാകാം ഇതിന് പിന്നിലെന്നും ആക്ഷൻ കൗൺസിൽ ആരോപിച്ചു. പോരാട്ടം തുടരുമെന്നും അവർ വ്യക്തമാക്കി.