നിമിഷപ്രിയയുടെ വധശിക്ഷ: വിഷയത്തിൽ ഇടപെടാൻ പരിമിതിയുണ്ടെന്ന് കേന്ദ്ര സർക്കാർ

ന്യുഡൽഹി :നിമിഷപ്രിയയുടെ വധശിക്ഷ നീട്ടിവയ്ക്കാന്‍ കേന്ദ്രം യെമനോട് ആവശ്യപ്പെട്ടതായി അറ്റോണി ജനറല്‍ സുപ്രിംകോടതിയില്‍ അറിയിച്ചു. യെമനില്‍ ഇന്ത്യന്‍ എംബസി ഇല്ലാത്തത് ഉള്‍പ്പെടെ വലിയ പ്രതിസന്ധിയാണെന്നും വിഷയത്തില്‍ ഇടപെടാന്‍ സര്‍ക്കാരിന് പരിമിതിയുണ്ടെന്നും കേന്ദ്രം സുപ്രിംകോടതിയെ ബോധിപ്പിച്ചു.
വധശിക്ഷ ഒഴിവാക്കാന്‍ കേന്ദ്രം പരമാവധി ശ്രമിക്കുന്നുണ്ട്. പ്രൊസിക്യൂട്ടറിന് കേന്ദ്ര സര്‍ക്കാര്‍ കത്ത് അയയ്ക്കുകയും ഒരു ഷെയ്ഖ് വഴി ചര്‍ച്ച നടത്താന്‍ ശ്രമിക്കുകയും ചെയ്തിരുന്നു. ദയാധനം സ്വീകരിക്കാന്‍ മരിച്ചയാളുടെ കുടുംബം തയ്യാറാകാതെ മറ്റ് ചര്‍ച്ചകളില്‍ കാര്യമില്ലെന്നും കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. വിഷയത്തില്‍ തല്‍സ്ഥിതി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കേന്ദ്രസര്‍ക്കാരിന് സുപ്രിംകോടതി നിര്‍ദേശം നല്കി.കൊല്ലപ്പെട്ട തലാലിന്റെ കുടുംബവുമായി ദയാധനം നല്‍കുന്നത് സംബന്ധിച്ച ചര്‍ച്ചകള്‍ നടന്നുകൊണ്ടിരിക്കുകയാണെന്നും അതിനാല്‍ വധശിക്ഷ നീട്ടിവയ്ക്കണമെന്നുമാണ് കേന്ദ്രസര്‍ക്കാര്‍ യെമനോട് ആവശ്യപ്പെട്ടിരിക്കുന്നത്. ബുധനാഴ്ചയാണ് വധശിക്ഷ നിലവില്‍ നിശ്ചയിച്ചിരിക്കുന്നത്. നിമിഷപ്രിയയുടെ വധശിക്ഷ ഒഴിവാക്കാന്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള ഹര്‍ജി സുപ്രിംകോടതി പരിഗണിച്ച പശ്ചാത്തലത്തിലായിരുന്നു കേന്ദ്രസര്‍ക്കാരിന്റെ പ്രതികരണം. ദയാധനം എത്രയാണെങ്കിലും നല്കാന് തയ്യാറാണെന്ന് സേവ് നിമിഷപ്രിയ ആക്ഷന്‍ കൗണ്‍സില്‍ കോടതിയില്‍ അറിയിച്ചു.