നിമിഷ പ്രിയയുടെ വധശിക്ഷ റദ്ദാക്കിയെന്ന് സുവിശേഷകന്‍ കെ.എ. പോൾ (VIDEO) : വാർത്ത വ്യാജമെന്ന് ഫത്താഹ് മെഹ്ദി

ന്യൂഡല്‍ഹി:യമനിലെ ജയിലില്‍ കഴിയുന്ന നിമിഷ പ്രിയയുടെ വധശിക്ഷ റദ്ദാക്കിയെന്ന് സുവിശേഷകന്‍ ഡോ. കെ.എ പോള്‍. എക്‌സില്‍ പങ്കുവച്ച വീഡിയോയിലൂടെയാണ് അദ്ദേഹം അവകാശവാദവുമായി രംഗത്തെത്തിയത്. യമൻ തലസ്ഥാനമായ സനയില്‍ നിന്നുമാണ് ഇദ്ദേഹം വീഡിയോ പോസ്റ്റ് ചെയ്‌തത്. യെമനിലെയും ഇന്ത്യയിലെയും നേതാക്കളുടെ കഠിന പരിശ്രമത്തിനൊടുവില്‍ നിമിഷപ്രിയയുടെ വധശിക്ഷ റദ്ദാക്കിയെന്നാണ് കെഎ പോളിൻ്റെ വാദം. എന്നാല്‍, ഇക്കാര്യം നിഷേധിച്ച് കൊല്ലപ്പെട്ട തലാലിൻ്റെ സഹോദരൻ രംഗത്തെത്തിയിട്ടുണ്ട്.
നിമിഷപ്രിയയുടെ വധശിക്ഷ റദ്ദാക്കിയെന്നും ജയിൽ മോചിതയാക്കാനായി ശ്രമം തുടരുമെന്നായിരുന്നു പോള്‍ പറഞ്ഞത്. യമന്‍ നേതാക്കളുടെ പരിശ്രമത്ത നന്ദി പറഞ്ഞുകൊണ്ടായിരുന്നു കെഎ പോളിൻ്റെ അവകാശവാദം. നിമിഷയുടെ ജയില്‍ മോചനത്തിനായി കഴിഞ്ഞ പത്ത് ദിവസമായി നേതാക്കൾ രാവും പകലും 24 മണിക്കൂർ പ്രവർത്തിച്ചിരുന്നു. ജയില്‍ മോചിതയായശേഷം നിമിഷപ്രിയയെ ഇന്ത്യയിലേക്ക് തിരികെ കൊണ്ടുവരാനുളള മാര്‍ഗങ്ങള്‍ സ്വീകരിക്കുകയും ചെയ്യുമെന്നാണ് അദ്ദേഹം പറഞ്ഞത്.സനായിലെ ജയിലിലുള്ള നിമിഷപ്രിയയെ ഒമാൻ, ജിദ്ദ, ഈജിപ്‌ത്, ഇറാൻ അല്ലെങ്കിൽ തുർക്കിയിലെ സുരക്ഷിതിടത്തേക്ക് എത്തിക്കാന്‍ ഇന്ത്യൻ സർക്കാരുമായി ചേർന്ന് പ്രവര്‍ത്തുക്കുമെന്ന് വീഡിയോയിലൂടെ കെഎ പോൾ പറഞ്ഞു. നിമിഷപ്രിയയുടെ മോചന ശ്രമങ്ങൾക്ക് നയതന്ത്രജ്ഞരെ അയയ്ക്കാനും നിമിഷയെ സുരക്ഷിതയാക്കാനും തയ്യാറായതിന് പ്രധാനമന്ത്രി മോദിയോട് അദ്ദഹം നന്ദി പറഞ്ഞു. തന്‍റെ മകള്‍ മോചിതയാകുമെന്ന വിശ്വാസത്തോടെ സനയില്‍ തുടര്‍ന്നതിന് അമ്മയോടും നന്ദി പറഞ്ഞുകൊണ്ടാണ് പോൾ വീഡിയോ അവസാനിപ്പിക്കുന്നത്.
എന്നാല്‍ നിമിഷ പ്രിയയുടെ വധശിക്ഷ ഉടന്‍ നടപ്പിലാക്കുമെന്ന് കൊല്ലപ്പെട്ട മെഹ്ദിയുടെ സഹോദരന്‍ അബ്‌ദുള്‍ ഫത്താഹ് മെഹ്ദി വ്യക്തമാക്കി. ഫേസ്‌ബുക്ക് പോസ്റ്റിലൂടെ അദ്ദേഹം ഇക്കാര്യം അറിയിച്ചത്. നിമിഷ പ്രിയയുടെ വധശിക്ഷ ഒഴിവാക്കിയിട്ടില്ലെന്നും ഉടൻ തൂക്കിലേറ്റുമെന്നും അദ്ദേഹം കുറിച്ചു. യെമന്‍ മാധ്യമങ്ങളില്‍ വന്ന വാര്‍ത്തയുടെ സ്ക്രീന്‍ഷോട്ട് സഹിതമാണ് മെഹ്ദിയുടെ പ്രതികരണം. കാന്തപുരവുമായി ചര്‍ച്ച നടത്തിയ പ്രഭാഷകനുമായി സംസാരിച്ച കാര്യങ്ങള്‍ തങ്ങളുടെ അനുവാദത്തോടെയല്ലെന്നും ഫത്താഹ് മെഹ്ദി പറഞ്ഞു.