മുംബൈ നിവാസികൾക്ക്‌ മൂന്നര ഏക്കറിൽ മനോഹര ഉദ്യാനം : ഉദ്‌ഘാടനം ഒക്ടോബറിൽ

0

 

മുംബൈ : നഗര ജീവിതത്തിൻ്റെ യാന്ത്രികതയിൽ നിന്ന് ആശ്വാസം നൽകാനും ‘മുംബൈക്കർ ‘മാരുടെ മാനസികോല്ലാസത്തിനുമായി മുംബൈ നഗരസഭ ( Brihanmumbai Municipal Corporation) ഹരിതഭംഗിനിറഞ്ഞ മനോഹരമായൊരു ഉദ്യാനം മാറോളിലെ മിത്ഥി നദിക്കരയിൽ ഒരുക്കിയിരിക്കുന്നു .ഇതിൻ്റെ ഉദ്‌ഘാടനം ഒക്ടോബറിൽ നടക്കുമെന്ന് പ്രതീക്ഷിക്കുന്നു.  വ്യത്യസ്തമായ 100 മരങ്ങളുൾപ്പടെ 10000 മരങ്ങളാണ് മൂന്നര ഏക്കർ വിസ്തൃതിയിൽ BMC ഇവിടെ വികസിപ്പിച്ചിട്ടുള്ളത് . 500 മീറ്ററോളം നീളം വരുന്ന മരത്തടികൊണ്ടുള്ള നടപ്പാതകൾ സജ്ജീകരിച്ച പാർക്കിൻ്റെ നിർമ്മാണം അവസാനഘട്ടത്തിലാണ്.

ഉദ്യാന പദ്ധതി വിപുലീകരിക്കുന്നതിന്റെ ഭാഗമായി മാറോൾ കോഓപ്പറേറ്റീവ് ഇൻഡസ്ട്രിയൽ എസ്റ്റേറ്റിൽ നിന്ന് അധിക ഭൂമി ഏറ്റെടുത്തതാണ് മുംബൈ നിവാസികൾക്ക് പ്രകൃതിദത്തമായ ഒരു സങ്കേതം സൃഷ്ടിച്ചിരിക്കുന്നത്. പലതരം ഫലവൃക്ഷങ്ങളും ഔഷധ സസ്യങ്ങളും പൂക്കളും നട്ടുപിടിപ്പിച്ചിരിക്കുന്നു. പാർക്കിൻ്റെ പാരിസ്ഥിതിക വൈവിധ്യം വർധിപ്പിക്കുന്നതിനായി 1.90 ഏക്കർ വിസ്തൃതിയിലുള്ള ചിത്രശലഭ ഉദ്യാനവും സന്ദർശകർക്ക് ആസ്വാദ്യകരമായി മാറും 1970ൽ തുടക്കം കുറിച്ച ജാപ്പനീസ് സമ്പ്രദായമായ ‘മിയാവാക്കി'( Miyawaki Forest Method) മാതൃകയിലാണ് ചെറു വനങ്ങൾ ക്രമീകരിച്ചുകൊണ്ടുള്ള ഈ പാർക്ക് നിർമ്മിച്ചിട്ടുള്ളത്.
ജാപ്പനീസ് സസ്യശാസ്ത്രജ്ഞനും വിത്തുകളിലും പ്രകൃതിദത്ത വനങ്ങളിലും വൈദഗ്ദ്ധ്യം നേടിയ സസ്യ പരിസ്ഥിതി ശാസ്ത്രത്തിൽ വിദഗ്ദ്ധനുമായിരുന്ന അകിര മിയാവാക്കിയാണ് ഇതിൻ്റെ ഉപജ്ഞാതാവ്.

നഗരവനവൽക്കരണത്തിൻ്റെ ഭാഗമായി മുംബൈയുടെ വിവിധഭാഗങ്ങളിൽ 64 മിയാവാക്കി വനങ്ങൾ
മുംബൈ നഗരസഭ ഇതിനകം നട്ടുപിടിപ്പിച്ചിട്ടുണ്ട് . മലിനീകരണം കൂടുതൽ കുറയ്ക്കുന്നതിനും വായുവിൻ്റെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിനുമായി ബിഎംസി ഒരു വലിയ വൃക്ഷത്തൈ നടീൽ കാമ്പയിൻ തന്നെ ആരംഭിച്ചിട്ടുണ്ട്.കഴിഞ്ഞ കുറച്ച് മാസങ്ങളായി, കോർപ്പറേഷൻ ആരംഭിച്ച വിവിധ ശുചിത്വ പദ്ധതികളിലൂടെ നഗരത്തിൻ്റെ വായു ഗുണനിലവാരം മെച്ചപ്പെടുന്നു എന്നാണ് വിദഗ്ദ്ധർ വിലയിരുത്തുന്നത്. ഇപ്പോൾ, വ്യാപകമായി മരം നട്ടുപിടിപ്പിച്ച് ഈ ശ്രമങ്ങൾ വർദ്ധിപ്പിക്കാൻ ബിഎംസി ഒരുങ്ങുകയാണ്.

4,416 പരമ്പരാഗത ഇന്ത്യൻ മരങ്ങൾക്കൊപ്പം 26 സ്ഥലങ്ങളിൽകൂടി 33,750 മിയാവാക്കി മരങ്ങൾ നട്ടുപിടിപ്പിക്കാൻ ബിഎംസി തീരുമാനിച്ചിട്ടുണ്ട് . മലിനീകരണം തടയുന്നതിനായി പാർക്കുകളിലും തുറസ്സായ സ്ഥലങ്ങളിലും വിനോദ സ്ഥലങ്ങളിലും പരമാവധി മരങ്ങൾ നട്ടുപിടിപ്പിക്കുക എന്നതാണ് നഗരസഭയുടെ ലക്ഷ്യം.

Spread the love

Leave a Reply

Your email address will not be published. Required fields are marked *