നെന്മാറ-വല്ലങ്ങി വേല ഇന്ന്

0

പാലക്കാട് ജില്ലയില്‍ നെല്ലിയാമ്പതി മലനിരകളുടെ താഴെയാണ് കുടകരനാട്. നെന്മാറ, വല്ലങ്കി, വിത്തലശ്ശേരി, തിരുവിയാട്, അയിലൂര്‍ ദേശങ്ങള്‍ ചേരുന്ന കുടകരനാട്. പൂര്‍വകാല നന്മകളെ എന്നും ആചരിക്കുന്ന നാടാണിവിടം. മലയാളമാസം മീനം ഒന്ന് മുതല്‍ ഇരുപത് വരെ നെന്മാറ-വല്ലങ്കി ദേശക്കാര്‍ക്ക് ഉത്സവങ്ങളുടെ ദിനരാത്രങ്ങളാണ്. ദേശത്തിന്റെ ദേവതയായ നെല്ലികുളങ്ങര ഭഗവതിയെ വണങ്ങുന്ന വേലക്കാലം പൂരങ്ങളുടെ പൂരം എന്ന് തൃശൂര്‍ പൂരത്തെ പറയുംപോലെ വേലകളുടെ വേലയാണ് നെന്മാറ വേല.

മീനമാസം ഒന്നാം തീയതിയോടെ ദേശക്കാര്‍ ഏതുവിധേനയും നാട്ടിലെത്താന്‍ നോക്കും. വേലയുടെ നിറവില്‍ അവര്‍ അവരെ തന്നെ അടയാളപ്പെടുത്തുകയാണ്. അന്യ ദേശത്തു നിന്നും ആളും ആരവവും വേലക്കമ്പക്കാരും നെന്മാറയില്‍ എത്തുകയായി. ഐതിഹ്യത്തിനപ്പുറം നില്‍ക്കുന്ന ഒരു സാംസ്‌കാരികതമഹത്വം കൂടിയാണ് നെന്മാറ വല്ലങ്കി വേല. ആരോഗ്യകരമായ മത്സരച്ചേലോടെ നെന്മാറ ദേശക്കാര്‍ വേലയുടെ ചുമതലകള്‍ ഏറ്റെടുക്കും.

നെന്മാറ ദേശത്തിന്റെ വേലപ്പകര്‍ച്ചകള്‍ മന്നം മൂലസ്ഥാനം വേട്ടക്കൊരുമകന്‍ ക്ഷേത്രം എന്നി പ്രധാന സ്ഥാനങ്ങളിലാണ്. ദേശാസ്ഥാനിയായ മൂപ്പില്‍നായര്‍ നെല്ലിക്കുളത്ത് മലയില്‍ തപസു ചെയ്തു നേടിക്കൊണ്ടുവന്ന സൗഭാഗ്യമാണ് ഇവിടുത്തെ ദേവീസാന്നിദ്ധ്യം എന്നാണ് വിശ്വാസം. സംപ്രീതയായ ദേവി മൂപ്പില്‍ നായരുടെ അഭ്യര്‍ത്ഥന മാനിച്ചു ദേശത്തേക്കു വന്നു തന്റെ കുട കരയില്‍ വെച്ച് അടുത്തുള്ള കുളത്തില്‍ കുളിക്കാന്‍ ഇറങ്ങി കുട പൊക്കാന്‍ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല പിന്നീട് ദേവപ്രശ്‌നം നടത്തിയപ്പോള്‍ ദേവീസാന്നിദ്ധ്യം ഉണ്ടെന്നും ദേവിയെ പ്രതിഷ്ഠിക്കണമെന്നും തീര്‍പ്പായി. ആ പ്രേദേശമാണ് ഇപ്പോഴുത്ത മൂല സ്ഥാനം. മൂലസ്ഥാനത്തെ ദേവിയെ നെന്മാറ നെല്ലിക്കുളങ്ങരയില്‍ പുനഃപ്രതിഷ്ഠിച്ചതത്രെ. അതാണ് ഇപ്പോഴത്തെ നെല്ലിക്കുളങ്ങരെ ദേവീക്ഷേത്രം.

കൂറയിടില്‍ ചടങ്ങോടെയാണ് നെന്മാറ വേലക്ക് തുടക്കം കുറിക്കുന്നത് പിന്നീട് ഉള്ള ഇരുപത് ദിവസവും ദ്വാരകനിഗ്രഹം (കളം) പാട്ടുണ്ട്. വനത്തില്‍ വെച്ച് ദേവി ദാരികനെ എതിരിട്ടതിന്റെയും നിഗ്രഹിച്ചതിന്റെയും തുടര്‍ന്ന് നടന്ന ആഘോഷങ്ങളുടെയും ഓര്‍മ്മയാണ് നെന്മാറ വേലയുടെ പൊരുള്‍. കണ്യാര്‍കളിയും ഒന്‍പതാം നാളിലെ വലിയ കുമ്മാട്ടിയും വേലയുടെ പ്രധാന ചടങ്ങുകളാണ്. പത്താം ദിവസമാണ് കരിവേല. മീനം പത്തൊമ്പതിനാണ് ആണ്ടിവേല. മീനം ഇരുപതിന് പുലര്‍ച്ചെ അഞ്ചുമണിയോടെ വാളുകടയല്‍ എന്ന ചടങ്ങോടെയാണ് നെന്മാറ വേല തുടങ്ങുന്നത്. വലിയോലവായന, കോലംകയറ്റല്‍, പറയെഴുന്നള്ളത്ത്, ആണ്ടിപ്പാട്ട് എന്നിവയാണ് തുടര്‍ന്നുള്ള ചടങ്ങുകള്‍. തിടമ്പ് ആവാഹനം കഴിഞ്ഞാല്‍ നെന്മാറ മന്നത്തെ നൂറുകണക്കിന് വാദ്യകലാകാരന്മാര്‍ അണിനിരക്കുന്ന പഞ്ചവാദ്യം ഭക്തരെ ഉത്സവലഹരിയില്‍ എത്തിക്കും.

പതിനൊന്നു ഗജവീരന്മാര്‍ അണിനിരക്കുന്ന ഘോഷയാത്ര മൂലസ്ഥാനത്തും വേട്ടക്കൊരുമകന്‍ കോവിലിലും ചെന്ന് ദര്‍ശനം നടത്തും. തുടര്‍ന്ന് നെന്മാറയുട വീഥികളിലൂടെ സഞ്ചരിച്ചു ശ്രീ നെല്ലികുളങ്ങര ഭഗവതി ക്ഷേത്രത്തില്‍ എത്തിച്ചേരും ഇതേസമയത് തന്നെ വല്ലങ്കി ദേശത്തു നിന്നും ഇതേപോലൊരു എഴുന്നെള്ളിപ്പ് വന്നു ചേരും (നെന്മാറ വല്ലങ്കി വേലകള്‍ ഒന്നിച്ചു കുടമാറ്റം നടക്കുന്ന ചരിത്ര പ്രസിദ്ധമായ സ്ഥലമാണ് നെല്ലിക്കുളങ്ങര ഭഗവതി ക്ഷേത്രം) തുടര്‍ന്നാണ് ചെമ്പട കൊട്ടി നെല്ലിക്കുളങ്ങര ഭഗവതിക്ക് മുന്‍പില്‍ കുടമാറ്റം നടക്കുന്നത്. ഏകദേശം നാലുമണിയോടെ നെന്മാറ -വല്ലങ്കി ദേശക്കാരുടെ ആദ്യ വെടിക്കെട്ട്.

പാണ്ടിമേളവും,തായമ്പകയും പഞ്ചവാദ്യവും രാത്രിവരെ മുഴങ്ങും.പുലര്‍ച്ചെ മൂന്നു മുതല്‍ ആറുവരെ നടക്കുന്ന രണ്ടാമത്തെ വെടിക്കെട്ടും ചരിത്ര പ്രസിദ്ധമാണ്. വേലച്ചമയങ്ങളും, വെടിക്കെട്ടും ആചാരങ്ങളും കാണാനും അതില്‍ പങ്കെടുക്കാനും അന്യ സംസ്ഥാനത്തു നിന്നുപോലും ഭക്തര്‍ എത്തും എന്നതും നെന്മാറ വേലയുടെ പ്രത്യേകത. താലപ്പൊലിയും കുടമാറ്റവും രണ്ടു ദേശങ്ങളുടെയും കമാനങ്ങളും ചമയങ്ങളും നെന്മാറ വേലയെ അതുല്യ സുന്ദരമാക്കുന്നു. ഈ ദേശോത്സവം സാംസ്‌കാരിക കേരളത്തിന്റെ മഹോത്സവം തന്നെയാണ്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *