കഴിഞ്ഞ വർഷം 14 മില്യൺ കുട്ടികള്‍ഒരു പ്രതിരോധ വാക്‌സിനുകളും സ്വീകരിച്ചിട്ടില്ലെന്ന് യു.എൻ.

0
vaccine

ലണ്ടന്‍: ലോകത്ത് ഒരു കോടി നാല്‍പ്പത് ലക്ഷം കുട്ടികള്‍ക്ക് കഴിഞ്ഞ വർഷം ഒരൊറ്റ പ്രതിരോധ വാക്‌സിന്‍ പോലും നല്‍കിയിട്ടില്ലെന്ന് ഐക്യരാഷ്‌ട്ര സംഘടനയിലെ (World Health Organization and UNICEF )ആരോഗ്യ വിഭാഗം അധികൃതര്‍. അതിനുമുന്നെയുള്ള വർഷവും ഇതേ കണക്കുകളായിരുന്നു. ഒന്‍പത് രാജ്യങ്ങളിലായാണ് ഇത്തരത്തിലുള്ള കുട്ടികളില്‍ പകുതിയിലേറെയും എന്നും അധികൃതര്‍ ചൂണ്ടിക്കാട്ടുന്നു.

ആഗോളതലത്തില്‍ 2024ല്‍ ഒരു വയസില്‍ താഴെയുള്ള 89 ശതമാനം കുട്ടികള്‍ക്ക് ഡിഫ്‌തീരിയ, ടെറ്റനസ്, വില്ലന്‍ചുമ വാക്‌സിനുകള്‍ 2024ല്‍ നല്‍കിയിട്ടുണ്ടെന്ന് ലോകാരോഗ്യ സംഘടനയും യൂണിസെഫും വ്യക്തമാക്കുന്നു. 2023ലും ഇതേ കണക്കുകള്‍ തന്നെയായിരുന്നു. 85ശതമാനം കുട്ടികള്‍ക്കും മൂന്ന് ഡോസ്‌ വാക്‌സിന്‍ നല്‍കി. 2023ല്‍ ഈ കണക്ക് 84ശതമാനമായിരുന്നു.രാജ്യാന്തര സഹായം വന്‍തോതില്‍ കുറഞ്ഞതിനാല്‍ വാക്‌സിനെടുക്കാത്ത കുട്ടികളുടെ എണ്ണത്തില്‍ കുറവുണ്ടാക്കാനാകില്ലെന്നും അധികൃതര്‍ വ്യക്തമാക്കുന്നു. ജനുവരിയില്‍ അമേരിക്ക ലോകാരോഗ്യ സംഘടനയില്‍ നിന്ന് പിന്‍മാറുന്നതായി പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ് വ്യക്തമാക്കിയിരുന്നു. ഇതോടെ അമേരിക്കയില്‍ നിന്നുള്ള പല മാനുഷിക സഹായങ്ങളും നിലച്ചു. പിന്നീട് അമേരിക്കയുടെ സഹായ ഏജന്‍സിയും നിര്‍ത്തി. അവികസിത രാജ്യങ്ങളില്‍ വാക്‌സിന്‍ വിതരണത്തിനായി 2000ല്‍ സ്ഥാപിതമായി സ്വകാര്യ സര്‍ക്കാര്‍ പങ്കാളിത്തത്തിലുള്ള ഗവി എന്ന സംഘടനയ്ക്ക് പ്രതിരോധ വാക്‌സിനുകള്‍ക്കായി നല്‍കാമെന്നേറ്റ ശതകോടി ഡോളറുകള്‍ പിന്‍വലിക്കുന്നതായി കഴിഞ്ഞ മാസം ആരോഗ്യ സെക്രട്ടറി റോബര്‍ട്ട് എഫ് കെന്നഡി ജൂനിയര്‍ അറിയിച്ചിരുന്നു. സംഘടന ശാസ്‌ത്രത്തെ അവഗണിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി ആയിരുന്നു നടപടി.

പണ്ട് തൊട്ടേ വാക്‌സിനുകളോട് അത്ര പ്രീതിയില്ലാത്ത കെന്നഡി നേരത്തെയും ഡിഫ്‌തീരിയ, ടെറ്റനസ്, വില്ലന്‍ ചുമ വാക്‌സികളെ കുറിച്ച് ചോദ്യമുയര്‍ത്തിയിരുന്നു. ഈ വാക്‌സിനുകള്‍ സുരക്ഷിതവും ഫലപ്രദവുമാണെന്ന് വര്‍ഷങ്ങള്‍ നീണ്ട ഗവേഷണത്തിലൂടെയും ഉപയോഗത്തിലൂടെയും തെളിയിക്കപ്പെട്ടിട്ടുള്ളതാണ്. വാക്‌സിനുകള്‍ പ്രതിവര്‍ഷം 35 ലക്ഷം മുതല്‍ അന്‍പത് ലക്ഷം വരെ മരണം തടയുന്നുവെനാണ് ഐക്യരാഷ്‌ട്രസഭയുടെ കണക്കുകള്‍ വ്യക്തമാക്കുന്നത്.

സഹായത്തിലുണ്ടായ വന്‍തോതിലുള്ള വെട്ടിക്കുറയ്ക്കലും വാക്‌സിനുകളുടെ സുരക്ഷയെക്കുറിച്ച് പ്രചരിക്കുന്ന തെറ്റായ വിവരങ്ങളും പതിറ്റാണ്ടുകള്‍ കൊണ്ട് ഉണ്ടാക്കിയ നേട്ടങ്ങളെ തുരങ്കം വയ്ക്കുന്നുവെന്നു ലോകാരോഗ്യ സംഘടന മേധാവി ട്രെഡ്രോസ് അധാനോം ഘിബ്രയെസസ് ചൂണ്ടിക്കാട്ടുന്നു.

വാക്‌സിന്‍ പ്രാപ്യമാകുക എന്ന അസമത്വപരമായി തുടരുന്നു. സംഘര്‍ഷങ്ങളും മാനുഷിക പ്രതിസന്ധികളും ഇതിന്‍റെ പുരോഗതിയെ തടയുന്നു. സുഡാനിലാണ് ഡിഫ്‌തീരിയ, വില്ലന്‍ചുമ, ടെറ്റനസ് തുടങ്ങിയവയ്ക്കെതിരെയുള്ള വാക്‌സിനില്‍ ഏറ്റവും കുറവ് രേഖപ്പെടുത്തിയിട്ടുള്ളത്. പ്രതിരോധ വാക്‌സിനുകളെടുക്കാത്ത രാജ്യങ്ങളുടെ അന്‍പത്തിരണ്ട് ശതമാനവും ഒന്‍പത് രാജ്യങ്ങളിലായാണ്. നൈജീരിയ, ഇന്ത്യ, സുഡാന്‍, കോംഗോ, എത്യോപ്യ, ഇന്തോനേഷ്യ, യെമന്‍, അഫ്‌ഗാനിസ്ഥാന്‍, അംഗോള തുടങ്ങിയ രാജ്യങ്ങളിലാണ് വാക്‌സിനുകള്‍ എടുക്കുന്നതില്‍ വലിയ കുറവ് അനുഭവപ്പെടുന്നതെന്ന് വിവരങ്ങള്‍ വ്യക്തമാക്കുന്നു.

മീസില്‍സ് പ്രതിരോധ വാക്‌സിനുകളെടുക്കുന്നതില്‍ ഗണ്യമായ വര്‍ദ്ധന ഉണ്ടെന്നും ലോകാരോഗ്യ സംഘടനയും യൂണിസെഫും വ്യക്തമാക്കുന്നു. ലോകവ്യാപകമായി 76ശതമാനം കുട്ടികള്‍ക്കും ഈ വാക്‌സിന്‍ രണ്ട് ഡോസ് വീതം നല്‍കുന്നുണ്ട്. എന്നാല്‍ വലിയ പകര്‍ച്ച വ്യാധിയായതിനാല്‍ ഇതിനെ തടയാന്‍ 95 ശതമാനം കുട്ടികളിലേക്കും ഈ വാക്‌സിന്‍ എത്തിക്കണമെന്നാണ് വിദ്ഗദ്ധരുടെ അഭിപ്രായം. 60 രാജ്യങ്ങളില്‍ കഴിഞ്ഞ കൊല്ലം അഞ്ചാംപനി വന്‍തോതില്‍ പടര്‍ന്ന് പിടിച്ചതായാണ് ലോകാരോഗ് സംഘടന പറയുന്നത്.

മൂന്ന് പതിറ്റാണ്ടിനിടയിലെ ഏറ്റവും വലിയ അഞ്ചാംപനി പകര്‍ച്ചയിലൂടെയാണ് അമേരിക്ക ഇപ്പോള്‍ കടന്ന് പോകുന്നത്. 2024ല്‍ യൂറോപ്പിലെമ്പടുമായി 125,000 അഞ്ചാം പനി കേസുകള്‍ റിപ്പോര്‍ട്ട് ചെയ്‌തിരുന്നു. തലേ വര്‍ഷത്തെക്കാള്‍ ഇരട്ടിയാണിതെന്നും ലോകാരോഗ്യ സംഘടന പറയുന്നു.

ലിവര്‍ പൂള്‍ ആശുപത്രിയില്‍ കഴിഞ്ഞാഴ്‌ച ഒരു കുട്ടി അഞ്ചാംപനി ബാധിച്ച് മരിച്ചതായി ബ്രിട്ടീഷ് അധികൃതര്‍ റിപ്പോര്‍ട്ട് ചെയ്‌തിരുന്നു. വര്‍ഷങ്ങള്‍ നീണ്ട ബോധവത്ക്കരണം നടത്തിയിട്ടും രാജ്യത്തെ 84ശതമാനം കുട്ടികള്‍ക്ക് മാത്രമേ വാക്‌സിനുകള്‍ എടുക്കുന്നുള്ളൂ.ഇത് വലിയ ആശങ്കയുണ്ടാക്കുന്ന കണക്കുകളാണ്. അതേസമയം അഞ്ചാംപനിയിലുണ്ടാകുന്ന വര്‍ദ്ധന അത്കൊണ്ടു തന്നെ വലിയ അത്ഭുതവുമല്ലെന്ന് ലണ്ടനിലെ യൂണിവേഴ്‌സിറ്റി കോളജ് ശിശു ആരോഗ്യ വകുപ്പ് പ്രൊഫസര്‍ ഹെലന്‍ ബ്രഫോര്‍ഡ് ചൂണ്ടിക്കാട്ടുന്നു. വാക്‌സിനിലൂടെ മാത്രമേ ഇതിനെ തടുക്കാനാകൂവെന്നും അവര്‍ പ്രസ്‌താവനയില്‍ പറഞ്ഞു. പ്രായപൂര്‍ത്തിയായാലും വാക്‌സിന്‍ എടുക്കാവുന്നതേയുള്ളൂവെന്നു അവര്‍ പറയുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *