”കേരള സ്റ്റോറി’ക്ക് ദേശീയ പുരസ്ക്കാരം : ” ഇന്ത്യൻ സിനിമയുടെ ശ്രേഷ്ഠപാരമ്പര്യത്തെ അവാർഡ് ജൂറി അവഹേളിച്ചു” : പിണറായി വിജയൻ

0
pinarayi vijayan

തിരുവനന്തപുരം : ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങളില്‍ ‘കേരള സ്‌റ്റോറി’ക്ക് ലഭിച്ച അംഗീകാരങ്ങള്‍ക്കെതിരെ വ്യാപക വിമര്‍ശനം. ചിത്രത്തിന് അവാര്‍ഡ് പ്രഖ്യാപിച്ചതിന് പിന്നാലെ രൂക്ഷ വിമര്‍ശനവുമായി കേരളത്തിലെ രാഷ്ട്രീയ നേതാക്കള്‍ രംഗത്തെത്തി.

കേരള മുഖ്യമന്ത്രി പിണറായി വിജയൻ :

“കേരളത്തെ അപകീർത്തിപ്പെടുത്താനും വർഗീയത പടർത്താനും നുണകളാൽ പടുത്ത ഒരു സിനിമയ്ക്ക് പുരസ്കാരങ്ങൾ സമ്മാനിച്ചതിലൂടെ മത സാഹോദര്യത്തിനും ദേശീയോദ്ഗ്രഥനത്തിനുമായി നിലകൊണ്ട ഇന്ത്യൻ സിനിമയുടെ ശ്രേഷ്ഠപാരമ്പര്യത്തെയാണ് അവാർഡ് ജൂറി അവഹേളിച്ചിരിക്കുന്നത്. വർഗീയ അജണ്ട നടപ്പാക്കാനുള്ള ആയുധമായി ചലച്ചിത്രത്തെ മാറ്റുക എന്ന സംഘപരിവാർ അജണ്ടയാണ് ഇതിലൂടെ അവർ നടപ്പാക്കുന്നത്. ഈ നടപടിക്കെതിരെ ശക്തമായി പ്രതിഷേധിക്കുന്നു. ഓരോ മലയാളിയും രാജ്യത്തെ ജനാധിപത്യ വിശ്വാസികളാകെയും ഈ അനീതിക്കെതിരെ സ്വരമുയർത്തണം. കലയെ വർഗീയത വളർത്താനുള്ള ആയുധമാക്കി മാറ്റുന്ന രാഷ്ട്രീയത്തിനെതിരെ അണിനിരക്കണം.”

 

കേരളത്തിൻ്റെ മൂല്യത്തിന് തന്നെ കോട്ടം വരുന്ന രീതിയിലുള്ള അപകീര്‍ത്തികള്‍ അംഗീകരിക്കാനാവില്ലെന്ന് കോൺഗ്രസ് എംപി വേണുഗോപാൽ, മന്ത്രി പി എ മുഹമ്മദ് റിയാസ്, വിദ്യാഭ്യാസ മന്ത്രി വി ശിവന്‍ കുട്ടി, സാംസ്‌കാരിക മന്ത്രി സജി ചെറിയാര്‍ എന്നിവര്‍ അഭിപ്രായപ്പെട്ടു.

കെ സി വേണുഗോപാൽ.എംപി

‘ബിജെപി വിദ്വേഷം എങ്ങനെ പ്രോത്സാഹിപ്പിക്കുന്നു എന്നതിൻ്റെ ഉത്തമ ഉദാഹരണമാണെന്ന് ദി കേരള സ്റ്റോറി’ക്ക് ദേശീയ അവാർഡ് ലഭിച്ചത് . ദുഷിച്ച അജണ്ട പ്രചരിപ്പിക്കുകയും കേരളത്തെ ഒന്നാകെ അപകീർത്തിപ്പെടുത്തുകയും സിനിമ ചവറ്റു കൊട്ടയിലാണ് ഇടേണ്ടത്.സ്വന്തം രാജ്യത്തെ സർക്കാരിൽ നിന്ന് ലഭിച്ച ഈ അപമാനം കേരളം ഒരിക്കലും സഹിക്കില്ല. സഹോദര്യ സ്നേഹമുള്ള കേരളത്തിലെ ഇനി വരുന്ന തലമുറകളിലെ ജനങ്ങൾ ബിജെപിയെ കഠിനമായി ശിക്ഷിക്കുo. കേരളത്തില്‍ സ്വീകാര്യത ലഭിക്കുമെന്നത് വെറും സ്വപ്‌നം മാത്രമാണ്.

കേരള സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ

“കേരളത്തെ അപകീർത്തിപ്പെടുത്താനും മതവിദ്വേഷം വളർത്താനും ഉദ്ദേശിച്ചുള്ള ഒരു സിനിമയ്ക്ക് പുരസ്കാരങ്ങൾ നൽകിയത് അക്ഷന്തവ്യമായ തെറ്റാണ്. മതനിരപേക്ഷതയും മാനുഷിക മൂല്യങ്ങളും ഉയർത്തിപ്പിടിച്ച ഇന്ത്യൻ സിനിമയുടെ മഹത്തായ പാരമ്പര്യത്തിന് ഇത് അപമാനമാണ്. ഫാസിസ്റ്റ് അജണ്ടകൾ നടപ്പാക്കാൻ കലയെ ഒരു ആയുധമായി ഉപയോഗിക്കാനുള്ള ശ്രമമാണിത്.
പുരസ്കാരങ്ങൾ യോഗ്യതയുടെ അടിസ്ഥാനത്തിൽ നൽകേണ്ടതും മാതൃകാപരം ആയിരിക്കേണ്ടവയുമാണ്, അല്ലാതെ വർഗീയതയുടെ പ്രചാരണത്തിനായി ഉപയോഗിക്കാനുള്ളതല്ല. കലയെ വർഗീയ രാഷ്ട്രീയത്തിന്റെ ഉപകരണമാക്കുന്ന ഈ നീക്കത്തിനെതിരെ എല്ലാ ജനാധിപത്യ വിശ്വാസികളും ഒരുമിച്ച് നിൽക്കണം.”

മന്ത്രി മുഹമ്മദ് റിയാസ് :

“കേരള സ്റ്റോറിക്കുള്ള ദേശീയ അവാർഡ് കേരളത്തെ അപമാനിച്ചതിനുള്ള സംഘപരിവാറിൻ്റെ ‘കൂലി’…
കേരളത്തിനെതിരെ അങ്ങേയറ്റം വിഷലിപ്തമായ രീതിയിൽ വർഗ്ഗീയ വിദ്വേഷം പടർത്തിക്കൊണ്ട് സംഘപരിവാർ കേന്ദ്രങ്ങളിൽ നിന്നും പടച്ചുവിട്ട “ദി കേരള സ്റ്റോറി” എന്ന പ്രൊപഗണ്ട സിനിമ ചെയ്തതിന് അതിൻ്റെ സംവിധായകന് ഇന്ത്യയിലെ മികച്ച സംവിധായകനുള്ള പുരസ്‌കാരം നൽകിയത് രാജ്യത്തെ മതനിരപേക്ഷമൂല്യങ്ങളോടുള്ള വെല്ലുവിളിയാണ്. നുണക്കഥകൾ കുത്തിനിറച്ചിറക്കി തനി വർഗീയത പ്രചരിപ്പിച്ച സിനിമ കേരളത്തെ ദേശീയ തലത്തിൽ അപമാനിക്കുക എന്ന ഒറ്റ ലക്ഷ്യം മുൻനിർത്തിയാണ് നിർമിച്ചത്. സംഘടിതമായ വിദ്വേഷ പ്രചരണമായിരുന്നു ഈ സിനിമയുടെ പശ്ചാത്തലത്തിൽ കേരളത്തിനെതിരെ ആസൂത്രണം ചെയ്യപ്പെട്ടത്.
പച്ചക്കള്ളങ്ങൾ പറഞ്ഞുകൊണ്ട് വർഗ്ഗീയ ധ്രുവീകരണം നടത്താൻ മാത്രമായി പുറത്തിറങ്ങിയ സിനിമക്ക്
അവാർഡ് നൽകുന്നതിലൂടെ ജൂറിയും ജൂറിയെ നിയമിച്ച കേന്ദ്ര സർക്കാരും സിനിമയെന്ന കല മുന്നോട്ടുവെക്കുന്ന മൂല്യങ്ങളെ തന്നെയാണ് വഞ്ചിച്ചിരിക്കുന്നത്.”

മറ്റ് സിനിമകൾക്ക് ലഭിച്ച പുരസ്‌ക്കാരങ്ങളുടെ മൂല്യത്തിന് തന്നെ കോട്ടം വരുന്ന രീതിയാലാണ് ‘ദ കേരള സ്റ്റോറി‘ എന്ന സിനിമയ്ക്ക് ലഭിച്ച അംഗീകാരമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍ കുട്ടി പ്രതികരിച്ചു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *