മുംബൈ ട്രെയിൻ സ്ഫോടനക്കേസ്: ബോംബെ ഹൈക്കോടതി വിധി സ്റ്റേ ചെയ്‌ത് സുപ്രീം കോടതി

ന്യൂഡൽഹി: 2006ലെ മുംബൈ ട്രെയിൻ സ്ഫോടന കേസിലെ 12 പ്രതികളെയും കുറ്റവിമുക്തരാക്കിക്കൊണ്ടുള്ള ബോംബെ ഹൈക്കോടതി വിധി സ്റ്റേ ചെയ്‌ത് സുപ്രീം കോടതി. വിധി സ്റ്റേ ചെയ്‌തുവെങ്കിലും പ്രതികള്‍ തിരികെ ജയിലിലേക്ക് മടങ്ങില്ല. 12 പ്രതികള്‍ക്കും സുപ്രീം കോടതി നോട്ടീസ് അയച്ചു. ജസ്റ്റിസുമാരായ എംഎം സുന്ദരേഷ്, എൻ കോടീശ്വർ സിങ് എന്നിവരടങ്ങുന്ന ബെഞ്ചിന് മുമ്പാകെയാണ് കേസ് ഇന്ന് വാദം കേട്ടത്. പ്രതികളെ വെറുതെവിട്ട ഹൈക്കോടതി വിധിക്കെതിരെ മഹാരാഷ്‌ട്ര സര്‍ക്കാരാണ് സുപ്രീം കോടതിയെ സമീപിച്ചത്.
സ്റ്റേ ഉത്തരവ് പ്രതികളെ ജയിൽ മോചിതരാക്കുന്നതിനെ ബാധിക്കില്ലെന്ന് കോടതി വ്യക്തമാക്കി. കുറ്റവിമുക്തനാക്കിയ ഉത്തരവിനെതിരെ അപ്പീൽ സമർപ്പിച്ചിട്ടുണ്ടെന്നും എന്നാൽ പ്രതികളുടെ മോചനത്തെ ചോദ്യം ചെയ്യുന്നില്ലെന്നും മഹാരാഷ്ട്ര സർക്കാരിനെ പ്രതിനിധീകരിച്ച് സോളിസിറ്റർ ജനറൽ തുഷാർ മേത്ത കോടതിയിൽ വാദിച്ചു. പ്രതികൾക്കെതിരെ കേസ് തെളിയിക്കുന്നതിൽ പ്രോസിക്യൂഷൻ പൂർണമായും പരാജയപ്പെട്ടെന്ന് നിരീക്ഷിച്ചാണ് മുംബൈ ഹൈക്കോടതി പ്രതികളെ വെറുതെവിട്ടത്. ഈ ഉത്തരവിലാണ് സുപ്രീം കോടതിയുടെ സ്റ്റേ.
ഹൈക്കോടതിയുടെ കണ്ടെത്തലുകൾ മഹാരാഷ്ട്ര കൺട്രോൾ ഓഫ് ഓർഗനൈസ്‌ഡ് ക്രൈം ആക്‌ട് (MCOCA) വിചാരണകളെയെല്ലാം ബാധിക്കുന്ന തരത്തിലാണ്. എന്നാൽ പ്രതികളെ തിരികെ ജയിലിലേക്ക് അയക്കണമെന്ന് വാദമില്ലെന്നും ഹൈക്കോടതി വിധി സ്റ്റേ ചെയ്യണമെന്നും സോളിസിറ്റർ ജനറൽ തുഷാർ മേത്ത ബെഞ്ചിനെ അറിയിച്ചു. നിലവിലെ വിധി മറ്റ് കേസുകള്‍ക്ക് മാതൃകയായി കണക്കാക്കരുതെന്നും അദ്ദേഹം കോടതിയെ അറിയിച്ചു.
2006ലെ മുംബൈ ട്രെയിൻ സ്‌ഫോടനക്കേസിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട നാല് പ്രതികൾ ഉൾപ്പെടെ 12 പേരുടെ ശിക്ഷയാണ് ബോംബൈ ഹൈക്കോടതി നേരത്തെ റദ്ദാക്കിയിരുന്നത്. കേസ് തെളിയിക്കുന്നതിൽ പ്രോസിക്യൂഷൻ “പൂർണമായും പരാജയപ്പെട്ടു” എന്നതായിരുന്നു ഹൈക്കോടതിയുടെ കണ്ടെത്തൽ.
പശ്ചിമ റെയിൽവേക്കു കീഴിലെ വെസ്റ്റേൺ ലോക്കൽ ട്രെയിൻ ശൃംഖലയെ പിടിച്ചുകുലുക്കിയ ഭീകരാക്രമണത്തിന് 19 വർഷങ്ങൾക്ക് ശേഷമാണ് ജസ്റ്റിസുമാരായ അനിൽ കിലോർ, ശ്യാം ചന്ദക് എന്നിവരടങ്ങിയ പ്രത്യേക ബെഞ്ച് കഴിഞ്ഞ തിങ്കളാഴ്‌ച വിധി പുറപ്പെടുവിച്ചത്. 2006 ജൂലൈ 11ന് നടന്ന ഏഴ് സ്ഫോടനങ്ങളിൽ 180 ലധികം പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്‌ത ഭീകരാക്രമണമാണിത്. ഈ കേസിൽ പ്രതികളെ ശിക്ഷിക്കാൻ പ്രോസിക്യൂഷൻ ആശ്രയിച്ച തെളിവുകൾ നിർണായകമല്ലെന്ന് ഹൈക്കോടതി നിരീക്ഷിക്കുകയായിരുന്നു.അഞ്ച് പേർക്ക് വധശിക്ഷയും ഏഴ് പ്രതികൾക്ക് ജീവപര്യന്തം തടവും വിധിച്ചുകൊണ്ടുള്ള കീഴ്‌കോടതിയുടെ ഉത്തരവ് ഹൈക്കോടതി റദ്ദാക്കുകയായിരുന്നു. കേസിൽ അറസ്റ്റ് ചെയ്‌ത 12 പേരെ 2015 ഒക്ടോബറിലാണ് കീഴ്‌ക്കോടതി ശിക്ഷിച്ചത്.