മുംബൈ – സഹജീവികളെ സ്നേഹിക്കുന്നവരുടെ നഗരം
“മുംബൈ നഗരം, മലയാളത്തില്‍ കഥ എഴുതുന്ന എന്നെ എങ്ങനെ സ്വാധീനിച്ചു ? ചോദ്യം ലളിതം എങ്കിലും ഉത്തരം ഒരുപാട് വൈകാരികതകള്‍ ഉള്ളതാണ് .
ഞാന്‍ ബോംബെയിലേക്ക് 1980 ല്‍ വരുന്നത് ,ബോംബെ യൂണിവേര്‍സിറ്റിയില്‍ എം എസ് സിക്ക് പഠിക്കാനാണ് . ജയന്തി ജനത ട്രെയിനില്‍ ആര്‍ എ സി ടിക്കറ്റുമായി കയറിയപ്പോള്‍ മുതല്‍ , ബോംബെയില്‍ ജീവിക്കുന്ന മനുഷ്യരെ അറിയാനായി. എല്ലാ പരിമിതിയിലും സഹജീവിയോട് അനുതാപം കാട്ടുന്ന മനസ്സിന്‍റെ വലിപ്പം.
കലീന ക്യാമ്പസില്‍ പഠിച്ചത് കൊണ്ടാണ് എനിക്ക് “ സ്വത്വം “ എന്ന നോവല്‍ എഴുതാന്‍ ആയത് . ഏറെ വ്യത്യസ്തം ആയ പശ്ചാത്തലങ്ങളില്‍ നിന്നു വരുന്നവര്‍ , പക്ഷേ എല്ലാവരും പ്രതീക്ഷ ഉള്ളവര്‍ . സ്വത്വത്തിലെ നായകന്‍ സോമനാഥ വര്‍മ്മ ഉല്‍പ്പതിഷ്ണു ആയ യുവത്വത്തിന്‍റേ പ്രതിനിധി ആണ് . ശാസ്ത്രജ്ഞ്ന്‍ ആവാന്‍ കൊതിച്ചു . ഐ എ എസ് കാരനായി . വ്യക്തിജീവിതത്തില്‍ പ്രണയവും നൈരാശ്യവും ഒക്കെ ഉണ്ടാവുന്നു . ആദര്‍ശം അക്കാലത്തെ ചെറുപ്പത്തിന്‍റെ ശക്തിയും , അടയാളവും ആണ് .
എണ്‍പത് കളില്‍ ഞാന്‍ എഴുതിയ കഥകളും കവിതകളും ഒക്കെ മലയാളത്തിലെ മുഖ്യധാരാ പ്രസിദ്ധീകരണങ്ങളില്‍ അച്ചടിച്ചു വന്നു . ഒന്നും സൂക്ഷിച്ചു വയ്ക്കാത്ത എനിക്ക് , ഈ അടുത്ത കാലത്ത്മുംബയിലെ മുതിര്‍ന്ന കഥാകാരന്‍ മേഘനാദന്‍ , ഞാന്‍ എഴുതി ‘കഥ ‘മാസികയില്‍ അക്കാലത്ത് വന്ന “അനാര്‍ക്കലി “ എന്ന കഥയുടെ പേജ് സമ്മാനിച്ചു . നഗരത്തിലെ മലയാളി മനസ്സിന്‍റെ വലിപ്പം പിന്നേയും അത്ഭുതപ്പെടുത്തി.
‘ഉയരങ്ങളിലേക്ക്’ എന്ന നോവലില്‍ , മുംബയില്‍ തൊഴില്‍ തേടി എത്തിയ ആനന്ദ് മേനോനും , ബോംബെയില്‍ ജനിച്ചു വളര്‍ന്ന് കഴിവും മറ്റ് സാഹചര്യങ്ങളും കൊണ്ട് ബാങ്കിങ് മേഖലയില്‍ ഏറ്റവും ഉയർന്ന നിലയില്‍ എത്തുകയും ചെയ്ത സുഭദ്രയും ഉണ്ട്. കോര്‍പ്പറേറ്റ് മേഖലയിലെ അധികം പറയാത്ത കാര്യങ്ങള്‍ എഴുതാന്‍ ആയത് , ബോംബെയില്‍ ചെറു പ്രായത്തില്‍ തന്നെ മാനേജ്മെന്‍റ് രംഗത്ത് പ്രവര്‍ത്തിക്കാന്‍ ആയത് കൊണ്ടാണ് . “അപ്പോളോ ബന്ദറിലെ കബൂത്തറുകൾ ” , “ ബാര്‍ കോഡുകള്‍” തുടങ്ങിയ കഥകള്‍ എഴുതാന്‍ ബോംബെ ജീവിതം അനുഭവിക്കാതെ സാധിക്കുമായിരുന്നില്ല .
ഈ അടുത്തിടെ മുംബയിലെ ഭാഷാ പ്രചാരണ സംഘത്തിന്റെ :കേരളം വളരുന്നു “ എന്ന പ്രസിദ്ധീകരണത്തില്‍ വന്ന “ നരിമാന്‍ തുരുത്ത് “ , മുംബൈ നഗരം നമുക്ക് ഒക്കെ തരുന്ന ദാര്‍ശനികത പറയാന്‍ വേണ്ടി എഴുതിയതാണ് .
മുംബൈ എപ്പോഴും മാറിക്കൊണ്ടിരിക്കുന്ന ഒരു നഗരം ആണ്. എഴുപതുകളില്‍ ഇവിടെ തുണി മില്ലുകളില്‍ ജോലി ചെയ്ത ഒരാള്‍ ഒരിക്കല്‍ക്കൂടി താന്‍ ജോലി ചെയ്ത ഇടങ്ങളിലൂടെ സഞ്ചരിച്ചാല്‍ , അങ്ങനെ ഒരു നഗരം ഇപ്പോള്‍ ഇല്ല എന്നു പറയും. സാഹിത്യത്തില്‍ അങ്ങനെ അല്ലല്ലോ വേണ്ടത് . എന്നും മാറുന്ന നഗരത്തിന്‍റെ കഥ പറയാന്‍ ഇവിടെ ജീവിക്കുന്ന മനുഷ്യരുടെ മനസ്സ് വാക്കുകളിലൂടെ പകര്‍ത്തുകയും , നഗരത്തിന്‍റെ ആത്മാവ് അനുവാചകനെ അനുഭവിപ്പിക്കുകയും ആണ് വേണ്ടത് എന്നു ഞാന്‍ കരുതുന്നു .എന്‍റെ ശ്രമങ്ങള്‍ ആ വഴിക്ക് ആവണം എന്നു ഞാന്‍ ആഗ്രഹിക്കുന്നു .”
– സി.പി . കൃഷ്ണകുമാര്‍
സി.പി . കൃഷ്ണകുമാര്‍ – മഹാനഗരത്തിലെ സാഹിത്യഭൂമികയിൽ സുപരിചിതനായ വ്യക്തിത്വ൦ .എഴുത്തുകാരനായും പ്രഭാഷകനായും മുംബൈയിലെ സാഹിത്യ വേദികളിലെ സജീവ സാന്നിധ്യം.അറിയപ്പെടുന്ന നോവലിസ്റ്റ്, ചെറുകഥാകൃത്ത്.
ജനിതകങ്ങളില്‍ , ഉയരങ്ങളിലേക്ക് , സ്വത്വം എന്നീ നോവലുകളും “ സല്യുട്ട് “ ചെറുകഥാ സമാഹാരവും പ്രസിദ്ധീകരിച്ചു. കേരളത്തിലെയും, മുംബയിലെയും ആനുകാലികങ്ങളില്‍ കഥകള്‍ പ്രസിദ്ധീകരിക്കുന്നു. പ്രവാസി ജീവിതത്തിന്‍റെ സങ്കീര്‍ണതകള്‍ ആവിഷ്കരിക്കുന്ന കഥകള്‍ ആണ് സിപിയെ ശ്രദ്ധേയനാക്കുന്നത്.
എസ്.കെ.പൊറ്റക്കാട് അവാര്‍ഡ്, മാധവിക്കുട്ടി കഥാ പുരസ്കാരം, സുകുമാര്‍ അഴിക്കൊട് സ്മാരക തത്ത്വമസി നോവല്‍ പുരസ്‌കാരം, വി.ടി.ഗോപാലകൃഷ്ണന്‍ അവാര്‍ഡ്, കൊട്ടാരക്കര തമ്പുരാന്‍ സാഹിത്യ പുരസ്കാരം, ജ്വാല മാസിക സാഹിത്യ പുരസ്‌കാരം, തുടങ്ങി ഒട്ടേറെ അവാര്‍ഡുകള്‍ നേടിയിട്ടുണ്ട്. ചങ്ങനാശ്ശേരി എസ് ബി കോളേജില്‍നിന്നും ബിരുദം. വിദ്യാര്‍ഥി ആയിരിക്കുമ്പോള്‍ തന്നെ ആലപ്പുഴ ജില്ലയിലെ സാംസ്കാരിക- സാഹിത്യ മണ്ഡലങ്ങളില്‍ സജീവം. മുംബൈ സർവകലാശാലയിൽ നിന്നും ഭൗതികശാസ്ത്രത്തിലും , മാനെജുമെന്റിലും( ജാംനലാല്‍ ബജാജ് ഇന്‍സ്റ്റിറ്റൂട്ട് ) ബിരുദാനന്തര ബിരുദങ്ങള്‍.
യുറോപ്യന്‍ ബഹുരാഷ്ട്ര കമ്പനിയില്‍ ഏഷ്യന്‍ ചുമതലയുള്ള സെയില്‍സ് ഡയരക്ടറായി സിംഗപ്പൂര്‍, ദുബായ് എന്നിവിടങ്ങളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട് . മുംബൈ സാഹിത്യവേദിയുടെ കണ്‍വീനര്‍ ആയിരുന്നു .
ആലപ്പുഴ ജില്ലയില്‍ കുട്ടനാട്ടിലുള്ള തലവടി ഗ്രാമത്തിലെ ചെറുശ്ശേരി മഠത്തില്‍ ജനിച്ചു.ഭാര്യ -പ്രീതാ കൃഷ്ണകുമാർ , മകൾ ഡോ കൃപാ കൃഷ്ണകുമാർ ( ഗോകുലം മെഡിക്കൽ കോളേജ് ), മകൻ കരുൺ ( സി എ കഴിഞ്ഞു . എം ബി എ ചെയ്യുന്നു ) മരുമകൻ ഡോ കൃഷ്ണനുണ്ണി ക്യാൻസർ സ്പെഷ്യലിസ്റ്റ് ഡോക്ടർ ആയി ആർസി സി തിരുവനന്തപുരത്തു പ്രവർത്തിക്കുന്നു .