”മിനിമം ബാലന്‍സിന്‍റെ പേരില്‍ മോദി സർക്കാർ പിഴിഞ്ഞെടുത്തത് 43,500 കോടി രൂപ”; ഖാര്‍ഗെ

ന്യൂഡല്‍ഹി: എടിഎമ്മില്‍ നിന്നും പണം പിൻവലിക്കുന്നതിന് ഉള്‍പ്പെടെയുള്ള വിവിധ ഫീസുകള്‍ വര്‍ധിപ്പിച്ചുകൊണ്ട് ബാങ്കുകളെ കേന്ദ്ര സർക്കാർ കളക്ഷൻ ഏജന്‍റുമാരാക്കി മാറ്റിയെന്ന് കോൺഗ്രസ് പ്രസിഡന്‍റ് മല്ലികാർജുൻ ഖാർഗെ. സേവിങ്‌സ് അക്കൗണ്ടുകളിലും ജൻ ധൻ അക്കൗണ്ടുകളിലും മിനിമം ബാലൻസ് നിലനിർത്താത്തതിനാൽ 2018-നും 2024-നും ഇടയിൽ പൗരന്മാരിൽ നിന്ന് സർക്കാർ കുറഞ്ഞത് 43,500 കോടി രൂപ പിരിച്ചെടുത്തു എന്നും മല്ലികാർജുൻ ഖാർഗെ പറഞ്ഞു. ഇതു സംബന്ധിച്ച് സോഷ്യല്‍ മീഡിയ മാധ്യമമായ എക്‌സില്‍ കോണ്‍ഗ്രസ് നേതാവ് പോസ്റ്റിട്ടിട്ടുണ്ട്. ഇന്‍ആക്‌ടീവ് ഫീസ്, ബാങ്ക് സ്‌റ്റേറ്റ്‌മെന്‍റ് ഇഷ്യു ഫീസ്, എസ്എംഎസ് അലർട്ട് ചാർജുകൾ, ലോൺ പ്രോസസിങ് ഫീസ്, ലോൺ പ്രീ-ക്ലോഷർ ചാർജുകൾ എന്നിവയുൾപ്പെടെ നിരവധി ചാർജുകൾ ബാങ്കുകൾ ഈടാക്കുന്നുണ്ട്. വിലക്കയറ്റത്തിൽ ഇതിനകം തന്നെ ബുദ്ധിമുട്ടുന്ന പൗരന്മാർക്ക് ഈ ചാർജുകൾ അധിക ബാധ്യതയാണെന്ന് അദ്ദേഹം വാദിച്ചു.
“നിർഭാഗ്യവശാൽ മോദി സർക്കാർ നമ്മുടെ ബാങ്കുകളെ ‘കളക്ഷൻ ഏജന്‍റുമാരായി’ മാറ്റിയിരിക്കുന്നു!. എടിഎമ്മില്‍ നിന്നും പണം പിന്‍വലിക്കുന്നതിനുള്ള ചാര്‍ജ് വര്‍ധിക്കുന്നു. 2018-നും 2024-നും ഇടയിൽ സേവിങ്‌സ് അക്കൗണ്ടുകളിൽ നിന്നും ജൻ ധൻ അക്കൗണ്ടുകളിൽ നിന്നും മിനിമം ബാലൻസ് നിലനിർത്താത്തതിനാൽ മോദി സർക്കാർ കുറഞ്ഞത് 43,500 കോടി രൂപ പിഴിഞ്ഞെടുത്തു.പൗരന്മാരെ കൊള്ളയടിക്കുന്ന മറ്റ് ബാങ്കുകളുടെ ചാർജുകൾ – പ്രതിവർഷം 100-200 രൂപ ഇന്‍ആക്‌ടീവ് ഫീസ്, ബാങ്ക് സ്‌റ്റേറ്റ്‌മെന്‍റ് ഇഷ്യൂ ഫീസ് 50-100 രൂപ, എസ്എംഎസ് അലർട്ടുകൾക്ക് ഒരു പാദത്തിൽ 20-25 രൂപ ഈടാക്കുന്നു, ലോണ്‍ പ്രോസസിങ് ഫീസായി ബാങ്കുകൾ 1-3% ഈടാക്കുന്നു, ഇനി വായ്‌പ കൃത്യസമയത്ത് അടച്ചാൽ, ലോണ്‍ പ്രീ-ക്ലോഷർ ചാർജുകൾ ഈടാക്കും, എൻഇഎഫ്‌ടി, ഡിമാൻഡ് ഡ്രാഫ്റ്റ് ചാർജുകൾ അധിക ബാധ്യതയാണ്, ഒപ്പ് മാറ്റങ്ങൾ പോലുള്ള കെവൈസി അപ്‌ഡേറ്റുകളും ഫീസ് വേണം” – ഖാര്‍ഗെ പറഞ്ഞു.”മുമ്പ്, ഈ ചാർജുകൾ വഴി ശേഖരിക്കുന്ന തുകയുടെ ഡാറ്റ കേന്ദ്ര സർക്കാർ പാർലമെന്‍റിൽ നൽകിയിരുന്നു. എന്നാൽ ഇപ്പോൾ ‘ആർബിഐ അത്തരം ഡാറ്റ സൂക്ഷിക്കുന്നില്ല എന്ന് പറഞ്ഞുകൊണ്ട് ഈ രീതിയും നിർത്തലാക്കി”- ഖാര്‍ഗെ തന്‍റെ എക്‌സ് പോസ്റ്റില്‍ വ്യക്തമാക്കി